അപ്പന്‍ ജോണ്‍ പോളിനെ പഠിപ്പിച്ച പാഠങ്ങള്‍

സാധാരണയായി എല്ലാവരുടെയും ജീവിതത്തില്‍ കൂടുതലായും സ്വാധീനം സൃഷ്ടിക്കുന്നത് അമ്മമാരാണ്. കാരണം അമ്മമാരാണ് മക്കളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതും പള്ളിയില്‍ കൊണ്ടുപോകുന്നതും എല്ലാം.

പക്ഷേ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീന കേന്ദ്രം പിതാവായിരുന്നു. മകനെ സെമിനാരിജീവിതം രൂപപ്പെടുത്തിയെടുക്കുന്നതിന് മുമ്പുതന്നെ അത്തരത്തിലുള്ള ഒരു പരിശീലനം പിതാവായ കരോള്‍ വൊയ്റ്റീവ സീനിയര്‍, മകനായ ജോണ്‍ പോള്‍ രണ്ടാമന് നല്കിയിരുന്നു. അമ്മയും സഹോദരനും നഷ്ടപ്പെട്ട ജോണ്‍പോളിന് അപ്പനായിരുന്നു എല്ലാം.

പട്ടാളക്കാരനായ അപ്പന്‍ കൃത്യമായ ചിട്ടയിലും ക്രമത്തിലുമാണ് മകനെ വളര്‍ത്തിയതും. അതിരാവിലെ എണീല്ക്കുന്ന ശീലം ജോണ്‍പോളിനുണ്ടായത് അപ്പനില്‍ നിന്നായിരുന്നു. അങ്ങനെ രാവിലെ ഉണര്‍ന്നെണീല്ക്കുന്ന അപ്പനും മകനും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും അതിന് ശേഷം ഏഴുമണിക്കുള്ള കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ജോണ്‍ പോള്‍ അള്‍ത്താരബാലനുമായിരുന്നു.

സ്‌കൂളില്‍ പോയിവന്നുകഴിയുമ്പോള്‍ പഠിക്കാനും കളിക്കാനും സമയം അനുവദിക്കപ്പെട്ടിരുന്നു. അത്താഴം കഴിഞ്ഞതിന് ശേഷം അപ്പനും മകനും കൂടി ഒരുമിച്ചു നടക്കാന്‍ പോയിരുന്ന പതിവുമുണ്ടായിരുന്നു.

അതുപോലെ വിശുദ്ധ ഗ്രന്ഥം ഒരുമിച്ചുവായിക്കുകയും കൊന്ത ചൊല്ലുകയും ചെയ്തിരുന്നു. വിശ്വാസത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെക്കാലം അപ്പന്റെ സ്‌നേഹവും സംരക്ഷണവും ജോണിന് അനുഭവിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹവും അധികം വൈകാതെ ജോണിനെ വിട്ടുപിരിഞ്ഞു.

അതോടെ ഏകാന്തതയില്‍ അകപ്പെട്ടുപോകാമായിരുന്ന ആ ജീവിതം ആത്മീയോന്മുഖമായിത്തീരാന്‍ കാരണമായതും അപ്പന്‍ ചെലുത്തിയ സ്വാധീനമായിരുന്നു. കുടുംബമാണ് സഭയുടെയും സമൂഹത്തിന്റെയും ഭാവിയുടെയും പ്രധാനഘടകമെന്ന് ജോണ്‍ പോള്‍ ഉറക്കെ പറഞ്ഞതിന് കാരണവും അദ്ദേഹത്തിന് കുടുംബത്തില്‍ നിന്ന് കിട്ടിയ നന്മകള്‍ വഴിയായിരുന്നു.

നമുക്കും നല്ല കുടുംബമാതൃകകളാകാന്‍ ശ്രമിക്കാം. നല്ല അപ്പനും അമ്മയുമായിത്തീരാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.