കൃപാസനം പത്രം ചികിത്സയ്ക്കു വേണ്ടിയുള്ളതല്ല: ഫാ. വി. പി ജോസഫ് വലിയവീട്ടില്‍ വ്യക്തമാക്കുന്നു

ആലപ്പുഴ:കൃപാസനം പത്രം ചികിത്സയ്ക്കുവേണ്ടിയുള്ളതല്ല എന്നും അതുകൊണ്ട് ആരും പത്രം അരച്ച് ദേഹത്ത് തേയ്ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് കൃപാസനം ഡയറക്ടര്‍ ഫാ. വി. പി ജോസഫ്. കൃപാസനം പത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയായില്‍ വിവാദമായ സാഹചര്യത്തില്‍ അതിനുള്ള വിശദീകരണമായിട്ടുള്ള വീഡിയോ സന്ദേശത്തിലാണ് അച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവനാമം മഹത്വപ്പെടുത്താനും ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും മാത്രമായിട്ടാണ് പത്രം പ്രചരിപ്പിക്കേണ്ടത്. അച്ചന്‍ ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ടാണ് അച്ചന്‍ സന്ദേശം ആരംഭിക്കുന്നത്.

ദൈവം എനിക്ക് നല്കിയ ദൗത്യത്തെ പ്രചരിപ്പിക്കുന്നതില്‍ കാല്‍നൂറ്റാണ്ടുകാലമായി മീഡിയാ വലിയ പിന്തുണയാണ് നല്കിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മാധ്യമങ്ങളോട് എനിക്ക് നന്ദിയുണ്ട്. ഗുണം സംസാരിക്കുമ്പോഴും ദോഷം സംസാരിക്കുമ്പോഴും ആത്മവിമര്‍ശനത്തിന്റെ ഭാഗമായിട്ടാണ് എനിക്ക് തോന്നുന്നത്. പിഴവുകള്‍ തിരുത്താനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്. എന്നെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ ഇക്കാലയളവില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതില്‍ ചിലതൊക്കെ കാണാനും അവസരമുണ്ടായി. നന്മയും തിന്മയും കാണിച്ചുതന്നവര്‍ക്ക് നന്ദി.

അതില്‍ ഒരു സഹോദരന്റെ അഭിപ്രായപ്രകടനം എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി ഞാനാണ് എന്നായിരുന്നു ആ സഹോദരന്‍ പറഞ്ഞത്.

ശരിയാണ് എസ്എസ് എല്‍സിയില്‍ എനിക്ക് മാര്‍ക്ക് വളരെ കുറവായിരുന്നു. പിന്നീടാണ് വൈദികവൃത്തിയിലേക്ക് തിരിഞ്ഞത്. പിന്നെ കിട്ടിയത് മുഴുവന്‍ കൃപയായിരുന്നു. ദൈവം എന്നും മണ്ടന്മാരെയാണല്ലോ തിരഞ്ഞെടുത്തിട്ടുള്ളത്. പ്രാര്‍ത്ഥിക്കുകയും ആശ്രയിക്കുകയും ചെയ്തു. എന്തെങ്കിലും നന്മആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഈശോ തന്നതാണ്. എന്തെങ്കിലും ദോഷം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ പരിമിതിയാണ്. ഞാന്‍ അങ്ങനെയാണ് ഈ വിഷയത്തെ കാണുന്നത്.പരിമിതികളെ ചൂണ്ടിക്കാണിച്ചുതരുമ്പോള്‍ അത് പരിഹരിക്കാനുള്ള മാര്ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യും.

മനസ്സറിഞ്ഞോ അറിയാതെയോ ചെയ്ത മണ്ടത്തരങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സദ് വാര്‍ത്ത പ്രചരണത്തിന് അല്ലാതെ പത്രം ആരും ഉപയോഗിക്കരുത്. അത് ഞാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നേരത്തെ പറഞ്ഞിരുന്നു. അത് ഒരുപക്ഷേ അധികം പേരും കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഈ വീഡിയോ. ജനമധ്യത്തില്‍ ദൈവത്തിന്റെ മഹത്വവും പ്രവര്‍ത്തനവും അറിയിക്കാന്‍ മാത്രമേ കൃപാസനം പത്രം ഉപയോഗിക്കാവൂ. മറ്റൊരു രീതിയിലും പത്രം ഉപയോഗിക്കരുതെന്ന് -അതായത് ചികിത്സയ്ക്കായി അരച്ചുകുടിച്ചോ അരച്ചു ദേഹത്ത് പുരട്ടിയോ- ഔദ്യോഗികമായി പറയുന്നു, പ്രാര്‍ത്ഥനാപൂര്‍വ്വം, ഹൃദയപൂര്‍വ്വം ആവശ്യപ്പെടുന്നു.

മതപരിവര്‍ത്തനം ഒരിക്കലും ഞങ്ങളുടെ ലക്ഷ്യമല്ല, മനസ്സില്‍ പോലും അങ്ങനെയൊന്നില്ല. വിമര്‍ശിക്കുന്നവരും തെറ്റിദ്ധാരണകളും ഉള്ളവരും ദയവായി ഇവിടെ വന്നു കാണുക. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടുമനസ്സിലാക്കുക. എന്നിട്ട് മാധ്യമധര്‍മ്മം നിറവേറ്റുക. അച്ചന്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.