ഭാഷയും പെരുമാറ്റവും: വ്യക്തിത്വത്തിന്‍റെ അളവുകോൽ

കേരളാ ഡി. ജി. പി. തന്‍റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഒരു സുപ്രധാന നിർദ്ദേശം ഇക്കഴിഞ്ഞ ദിവസം നൽകി: തങ്ങളുടെ അടുത്ത് സേവനം തേടിവരുന്നവരോട് പോലീസുകാരുടെ സംസാരവും പെരുമാറ്റവും ഏറ്റവും മാന്യമായിരിക്കണം എന്ന്. ഇടപെടുന്ന സേവനമേഖലയുടെ പ്രത്യേകതകൊണ്ട് ചിലപ്പോഴെങ്കിലും പോലീസുകാരുടെ ഭാഷയും പെരുമാറ്റവും കൂടുതൽ പരുക്കനായി വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. വിവിധ സേവനങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് കാലതാമസം കൂടാതെ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും നിർദ്ദേശത്തിലുണ്ട്.

ആശയങ്ങൾ കൈമാറ്റം ചെയ്യുക എന്നതിലപ്പുറം   വ്യക്തിത്വപ്രകാശനത്തിന്റെ വേദിയായിക്കൂടി പലപ്പോഴും സംസാരം മാറാറുണ്ട്. ഒരാൾ മറ്റൊരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്ന് മാന്യമായ സംസാരമാണ്. ഓരോരുത്തർക്കും അർഹമായ ബഹുമാനം കൊടുത്തുസംസാരിക്കാൻ സാധിക്കുന്നതും അവരെ കേൾക്കാൻ മനസ്സുകാണിക്കുന്നതും പക്വതയാർന്ന വ്യകതിത്വത്തിന്‍റെപ്രകടമായ അടയാളമാണ്. വീടുകളിലും മറ്റു പൊതുഇടങ്ങളിലും സംസാരം അപകടത്തിലാകുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളുടെ പേരിലാണ്: സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ വികാരങ്ങൾക്കടിമപ്പെട്ടു സംസാരിക്കുമ്പോഴും വേണ്ടത്ര ആലോചനയില്ലാതെ അലസമായി സംസാരിക്കുമ്പോഴും. കേൾക്കുന്നയാൾ തന്നിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്ന് ആലോചിച്ചു സംസാരിക്കുന്നവർ സംസാരം സൗഹൃദത്തിന്റെ കലയും പ്രകാശനവുമാക്കും. 

നല്ലതുപോലെ സംസാരിക്കുക എന്നതുപോലെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരെ കേൾക്കാൻ സന്നദ്ധതയും താല്പര്യവും കാണിക്കുക എന്നതും. ഒരു വേള, സംസാരിക്കുന്നതിന്റെ ഇരട്ടി നാം കേൾക്കാൻ തയാറാവണമെന്ന രീതിയിലാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതുതന്നെ: കാരണം, സംസാരിക്കാനായി ഒരു വായും കേൾക്കാൻ രണ്ടു കാതുകളുമാണ് ദൈവം തന്നിരിക്കുന്നത്.   


സ്വാമി വിവേകാനന്ദനെക്കുറിച്ചോരു സംഭവം: ലോക ആത്‌മീയ സമ്മേളനത്തിനായി അമേരിക്കയിലെത്തിയ സ്വാമി വിവേകാനന്ദന്‍റെ സന്യാസവേഷം കണ്ടു അവിടുത്തുകാരനായ ഒരാൾ ചോദിച്ചു: ഹേയ് സ്വാമി, മറ്റുള്ളവരെപ്പോലെ സാധാരണ വസ്ത്രങ്ങൾ ധരിച്ചു നിങ്ങൾക്ക് മാന്യതയോടെ നടന്നുകൂടെ?” സ്വാമി വിവേകാനന്ദൻ സൗമ്യതയോടെ മറുപടി പറഞ്ഞു: നിങ്ങളുടെ നാട്ടിൽ ഒരാളുടെ വസ്ത്രധാരണമാണ് അയാളുടെ മാന്യതയുടെ ലക്ഷണമെങ്കിൽ, ഞങ്ങളുടെ നാട്ടിൽ ഒരാളുടെ പെരുമാറ്റമാണ് മാന്യതയുടെ ലക്ഷണമായി കണക്കാക്കുന്നത്.” സംസാരം പോലെ തന്നെ ഒരാളുടെ മാന്യതയും മാന്യതയില്ലായ്മയും പ്രകടമാകുന്ന മറ്റൊരു പ്രധാനവേദി അയാളുടെ പെരുമാറ്റമാണ്. മറ്റൊരാളുടെ വികാരങ്ങളെ മുറിപ്പെടുത്താതെയും വേദനിപ്പിക്കാതെയും സംസാരിക്കാനും പെരുമാറാനും കഴിയുന്നതാണ് ഏറ്റവും ഉന്നതമായ പെരുമാറ്റം. 

“നിന്നെപ്പോലെതന്നെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന അടിസ്ഥാന ദൈവപ്രമാണത്തിലൂന്നിയാണ് മാന്യമായ സംസാരവും പെരുമാറ്റവും ഉടലെടുക്കുന്നത് . ഈ ദൈവപ്രമാണത്തിന്റെ നന്മ ആദ്യം അങ്കുരിക്കേണ്ടത് ഹൃദയത്തിലും. “ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.”  നമ്മുടെ വീടുകളും സമൂഹങ്ങളും സ്ഥാപനങ്ങളും നല്ല സംസാരവും നല്ല പെരുമാറ്റവും കൊണ്ട് നിറയട്ടെ. നമ്മൾ മറ്റുള്ളവരിൽനിന്ന് കാണാനും കേൾക്കാനും ആഗ്രഹിക്കാത്ത കാര്യങ്ങളൊന്നും നമ്മിൽനിന്ന് അവരോടു സംഭവിക്കാതിരിക്കാനുള്ള കരുതലും നമുക്കുണ്ടാകട്ടെ. ഹൃദയത്തിലെ നന്മ സംസാരത്തിലും പ്രവൃത്തിയിലും പ്രകാശം പരത്തട്ടെ. പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്: “മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. (മത്തായി 7, 12).

ശുഭദിനം ആശംസിക്കുന്നു.

സ്നേഹപൂർവ്വം, 

ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.