നിയമങ്ങൾ പാലിക്കാനുള്ളതാണ്


“അവൻ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” (മത്തായി 22: 21)

ഏതൊരു സമൂഹത്തിൻറെയും സ്വച്ഛമായ മുമ്പോട്ടുപോക്കിന് സഹായിക്കുന്നത് ആ സമൂഹത്തിൻറെ ചില പൊതു നിയമങ്ങളാണ്. പൊതുസുരക്ഷ ഉറപ്പുവരുത്താനും സമാധാനപൂർണമായ ജീവിതത്തിനും തുല്യനീതി നടപ്പാക്കാൻ സഹായിക്കുന്നതിനും എല്ലാസമൂഹങ്ങൾക്കും നിയമങ്ങൾ കൂടിയേതീരൂ. സമൂഹജീവിതത്തിലെ അദൃശ്യരായ  ക്രമാസമാധാനപാലകരാണ് നിയമങ്ങൾ. കുടുംബത്തിലും ജോലിസ്ഥലത്തും ഓഫീസുകളിലും പൊതുവഴിയിലുമെല്ലാം ചില പൊതു നിയമങ്ങൾ അത്യാവശ്യമാണ്.

ബുക്കും പേപ്പറും നമ്പറുമില്ലാതെ റോഡുനിയമങ്ങളെ കാറ്റിൽപറത്തി പൊതുവഴിയിൽ ‘ഓടിക്കളിച്ച’ 1. 80 കോടിയുടെ ആഡംബരകാറിന് 9.8 ലക്ഷം രൂപാ പിഴയിട്ട അഹമ്മദാബാദ് പൊലീസാണ് ഇപ്പോൾ വാർത്താതാരം. ട്രാഫിക് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടയിലാണ് മതിയായ നിയമ രേഖകളില്ലാതെ നിരത്തിലിറങ്ങിയ പോർഷെ 911 കരേര എസ് പോലീസ് പിടികൂടിയത്. പണവും സ്വാധീനവുമുണ്ടങ്കിൽ, നിയമങ്ങൾക്കു പുല്ലുവില കല്പിക്കുന്ന അഹങ്കാരത്തിനേറ്റ മറുപടിയായി ഈ പോലീസ് നടപടി. ഓവർ സ്പീഡിന്റെ കുറ്റത്തിന് കേരള മുഖ്യമന്ത്രിയുടെ കാർ അടയ്ക്കാനുള്ളത് 16 നിയമലംഘനങ്ങളുടെ പിഴയാണെന്ന് ഈ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. 

നിയമങ്ങളെല്ലാം പൊതുനന്മയ്ക്കായി ഉണ്ടാക്കപ്പെട്ടിരിക്കുന്നതാണെന്ന അടിസ്ഥാന ബോധ്യമാണ് എല്ലാവർക്കുമുണ്ടാകേണ്ടത്; റോഡ് നിയമങ്ങൾ പ്രത്യേകിച്ച്. പൊതുനിരത്തിൽ വാഹനമോടിക്കുമ്പോൾ, താൻ മാത്രമല്ല, മറ്റുള്ളവരും തന്നെപ്പോലെ നിരത്തിൽ വാഹനങ്ങളുമായി ഉണ്ടെന്ന ബോധം വേണം. പൊതുവഴിയിൽ അസഹ്യശബ്ദത്തിൽ വാഹനം ‘പറത്തുന്നവരും’ ബൈക്കിൻറെ മുൻ ചക്രമുയർത്തി ‘അഭ്യാസം’ കാണിക്കുന്നവരും തങ്ങൾക്കു മാത്രമല്ല, റോഡിലുള്ള മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷിണിയാണ്. ആവശ്യമായ നിയമസാധുത ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുന്നവരും വാഹനപ്രായാധിക്യം മൂലം സുരക്ഷിതമല്ലാത്തവ ഉപയോഗിക്കുന്നവരും നിയമം ലംഘിക്കുന്നവരും സമൂഹത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവരുമാണ്. 

നിയമം ലംഘിക്കുന്നത് ധീരതയുടെ അടയാളമായി പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ നിയമം പാലിക്കുന്നതാണ് മാന്യത എന്ന് അവർ അറിയുന്നില്ല. ക്യു തെറ്റിച്ച് ഇടയ്ക്കു കയറുന്നതും ധാർഷ്ട്യത്തോടെ സംസാരിക്കുന്നതും ഉയർന്ന പദവിയുടെ പേരിൽ അനർഹമായ ഇളവുകൾ നേടിയെടുക്കുന്നതുമെല്ലാം മാന്യതയില്ലായ്മയാണെന്ന് ഓർമ്മിക്കേണ്ടിയിരിക്കുന്നു. നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണെന്നും അത് അനുസരിക്കുന്നതാണ് പക്വമായ മനസ്സിൻറെ പ്രവൃത്തിയെന്നും ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു.

ലോകക്രിക്കറ്റിലെ അതുല്യ പതിഭയായ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ‘മി. കൂൾ’ എം. എസ്. ധോണി, ഇന്ത്യയിലെ തന്നെ ഒരു എയർപോർട്ടിൽ സെക്യൂരിറ്റി ചെക്കിങ്ങിനുവേണ്ടി കൈകൾ രണ്ടും വശങ്ങളിലേക്ക് വിടർത്തിപ്പിടിച്ച്, സുരക്ഷാ ഉദ്യോഗസ്ഥൻറെ മുൻപിൽ ഏതൊരു സാധാരണക്കാരനെയും പോലെ നിൽക്കുന്ന ചിത്രം കുറേ നാളുകൾക്കുമുമ്പ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. “ഇദ്ദേഹത്തിന് ഇത് ചെയ്യാമെങ്കിൽ, പിന്നെ ബാക്കിയുള്ളവർക്ക് എന്താണ് പ്രശ്നം?” എന്നായിരുന്നു അന്ന് ആ ചിത്രത്തിന് ലഭിച്ച ഒരു അടിക്കുറിപ്പ്. പ്രശസ്തിയുടെ അത്യുച്ചകോടിയിൽ നിൽക്കുമ്പോഴും ഒരു സാധാരണക്കാരനെപ്പോലെ പൊതുനിയമങ്ങൾ അനുസരിക്കാൻ അദ്ദേഹം കാണിച്ച മനസ്സ് അദ്ദേഹത്തിന്റെ മഹത്വത്തിന്റെയും മാന്യതയുടെയും തെളിവാണ്. 

പൊതുസമൂഹത്തിൻറെ നിയമങ്ങൾ പാലിക്കുന്നതിലൂടെ, താൻ മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുന്നുണ്ടന്നും അവരെ ബഹുമാനിക്കുന്നുണ്ടന്നും കൂടി വെളിപ്പെടുത്തുകയാണ് ഒരാൾ ചെയ്യുന്നത്. ദൈവിക നിയമങ്ങൾ അനുസരിക്കുന്നത് ഇതിലും പ്രധാനമാണെന്ന് മറക്കാതിരിക്കാം. കാരണം ഈശോ പറഞ്ഞു: “ഞാൻ വന്നിരിക്കുന്നത് നിയമത്തെ അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ്”. 

എല്ലാ നിയമങ്ങളുടെയും പൂർണ്ണത, ഈശോയുടെ സ്നേഹനിയമത്തിൽ കണ്ടെത്താനും ജീവിതത്തിൽ ഈ സ്‌നേഹത്തിൻറെ നിയമം പാലിക്കാനും സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ നന്മ നിറഞ്ഞ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു. 

ഫാ. ബിജു കുന്നയ്ക്കാട്ട്     മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.