ഒറ്റപ്പെട്ടു പോയെന്ന് തോന്നുന്നുവോ.. ഇതാ നിങ്ങള്‍ക്കായി ഒരു പ്രാര്‍ത്ഥന

ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നതാണ്. മറ്റുള്ളവരുടെ തിരസ്‌ക്കരണമാണ്.സമൂഹത്തില്‍ മാത്രമല്ല കുടുംബങ്ങളില്‍ പോലും പലരും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവരായിട്ടുണ്ട്.

ഭര്‍ത്താവിന്റെ അവഗണന ഏറ്റുവാങ്ങിക്കഴിയുന്ന ഭാര്യയും ഭാര്യയില്‍ നിന്ന് സ്‌നേഹശൂന്യതയും പുച്ഛവും ഏറ്റുവാങ്ങിക്കഴിയുന്ന ഭര്‍ത്താവും മക്കളുടെ തിരസ്‌ക്കരണങ്ങളില്‍ വേദനിക്കുന്ന വൃദ്ധ മാതാപിതാക്കളുമൊക്കെ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവരാണ്. ഇത്തരം വ്യക്തികള്‍ മനസ്സില്‍ അനുഭവിക്കുന്ന ശൂന്യത കനത്തതാണ്.

ഈ അവസ്ഥയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ സഹായകരമായ ഒരു പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു:

എന്റെ കര്‍ത്താവേ എന്നെ ഓര്‍മ്മിക്കണമേ. ലോകം മുഴുവന്‍ എന്നെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുമ്പോള്‍, വ്യക്തികളില്‍ നിന്ന് എനിക്ക് അര്‍ഹിക്കുന്ന യാതൊരു പരിഗണനയും കിട്ടാതെവരുമ്പോള്‍ ദൈവമേ അവിടുന്ന് എന്നെ ഓര്‍മ്മിക്കണമേ. എന്റെ പരിത്യക്താവസ്ഥയില്‍ എന്റെ ചാരെയുണ്ടായിരിക്കണമേ.

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായവരേ എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് പറഞ്ഞ യേശുവേ എന്റെ ജീവിതത്തിലെ ഭാരങ്ങളും ബുദ്ധിമുട്ടുകളും ഞാന്‍ അങ്ങേ കുരിശിന്‍ ചുവട്ടിലേക്ക് വയ്ക്കുന്നു. അവിടുന്ന് അവ ഏറ്റെടുത്ത് എന്നെ സ്വതന്ത്രനാക്കണമേ. എന്റെ ഹൃദയഭാരങ്ങള്‍ ലഘൂകരിക്കണമേ.

എപ്പോഴും നിന്റെ സാന്നിധ്യവും സൗഹൃദവും ആഗ്രഹിക്കത്തക്കവിധത്തില്‍ ലോകത്തിലെ എല്ലാ മോഹങ്ങളില്‍ നിന്നും വ്യക്തികളില്‍ നി്ന്നും എന്റെ ചിന്തകളെ അകറ്റിനിര്‍ത്തണമേ.

ഈശോയേ ഇപ്പോഴും എപ്പോഴും എന്റെ അരികിലുണ്ടായിരിക്കണമേ. അങ്ങ് മാത്രം മതിയെന്ന് ആത്മാര്‍ത്ഥമായി പറയാന്‍ എനിക്ക് കഴിയണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.