“കര്‍ത്താവാണ് എന്റെ സംരക്ഷകന്‍, ബുള്ളറ്റ് പ്രൂഫ് അല്ല” കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് വീണ്ടും കയ്യടി നേടുന്നു

കൊളംബോ: ശ്രീലങ്കയില്‍ ദേവാലയങ്ങളില്‍ നടന്ന ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന് സുരക്ഷാസംവിധാനങ്ങള്‍ നല്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിച്ചു. സര്‍ക്കാര്‍ അദ്ദേഹത്തിന് ബുള്ളറ്റ് പ്രൂഫ് കാര്‍ യാത്രയ്ക്ക് വേണ്ടി നല്കിയെങ്കിലും അദ്ദേഹം കാര്‍ തിരിച്ചുകൊടുക്കുകയാണ് ചെയ്തത്.

കര്‍ത്താവാണ് എന്റെ സംരക്ഷകന്‍. എനിക്ക് ഭയമില്ല. ബുള്ളറ്റ് പ്രൂഫ് കാര്‍ തിരിച്ചുകൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണ സാധ്യത നിലനില്ക്കുമ്പോഴും അദ്ദേഹം സാധാരണ കാറിലാണ് യാത്ര ചെയ്യുന്നത്. ജനതയുടെയും രാജ്യത്തിന്റെയും സുരക്്ഷയാണ് എനിക്ക് പ്രധാനം. ബുള്ളറ്റ് പ്രൂഫ് കാര്‍ എനിക്കാവശ്യമില്ല. അദ്ദേഹം വ്യക്തമാക്കി.

ഭീകരാക്രമണസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നുവെങ്കില്‍ വിശുദ്ധവാരത്തിലെ എല്ലാ തിരുക്കര്‍മ്മങ്ങളും താന്‍ റദ്ദാക്കുമായിരുന്നുവെന്ന് നേരത്തെ ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ ചാവേറാക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ ക്രൈസ്തവര്‍ കാണിച്ച ആത്മസംയമനവും സഹിഷ്ണുതയും ലോകത്തിന്റെ മുഴുവന്‍ കൈയടി നേടിയിരുന്നു. അതിന് കാരണവും അവര്‍ക്ക് ആത്മീയനേതൃത്വം നല്കിയ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത് തന്നെയായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ബുള്ളറ്റ് പ്രൂഫ് കാര്‍ നിഷേധിച്ചുകൊണ്ടുള്ള കര്‍ദിനാളിന്റെ പ്രഖ്യാപനവും വന്നിരിക്കുന്നത്. ഈ പ്രഖ്യാപനത്തിനും ഇപ്പോള്‍ അദ്ദേഹത്തെ ആളുകള്‍ പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.