Wednesday, January 15, 2025
spot_img
More

    വസ്തുക്കളെ സ്നേഹിക്കുന്നവര്‍ക്ക് സംഭവിക്കുന്നത്… ഫാ. ഡേവീസ് ചിറമ്മേല്‍

    ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത് യോഹ 1, 2 ; 15

    ലോകത്തിലുള്ള വസ്തുക്കളെയല്ല മനുഷ്യരെയാണ് നാം സ്‌നേഹിക്കേണ്ടത് . പക്ഷേ എന്തുചെയ്യാം ലോകത്തിലുള്ള വസ്തുക്കളെ സ്‌നേഹിക്കുകയും മനുഷ്യരെ സ്‌നേഹിക്കാതിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം പെരുകിവരുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. അതെ, സ്ഥാവരജംഗമ വസ്തുക്കളെ സ്‌നേഹിക്കുന്നവരാണ് ഇന്ന് കൂടുതലും.

    വസ്തുക്കള്‍ക്ക് നമ്മുക്ക് സ്‌നേഹവും സന്തോഷവും നല്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ മുപ്പതുവെള്ളിക്കാശിനു വേണ്ടി ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിന് തൂങ്ങിച്ചാകേണ്ടിവരില്ലായിരുന്നു. ഒറ്റുകൊടുക്കുന്നതിന് മുമ്പ് അവനെ സംബനധിച്ചിടത്തോളം മുപ്പതുവെള്ളിക്കാശ് വലിയൊരു തുകയായിരുന്നു. എന്നാല്‍ ഒറ്റുകൊടുത്തുകഴിഞ്ഞപ്പോള്‍ ആ മുപ്പതുവെള്ളിക്കാശ് അവനെ സംബന്ധിച്ചിടത്തോളം ദുഖത്തിനും കുറ്റബോധത്തിും കാരണമായി.

    മുപ്പതുവെള്ളിക്കാശിനെ അവന്‍ എത്രത്തോളം ആദ്യം സ്‌നേഹിച്ചോ അത്രത്തോളം അവന്‍ അതിനെ വെറുത്തു. ഒടുവില്‍ അവന്‍ പോയി തൂങ്ങിച്ചത്തു. സ്വത്തിനെ സ്‌നേഹിക്കുന്നവരെ സ്വത്ത് കൊല്ലും. മനുഷ്യരെ സ്‌നേഹിക്കാതിരിക്കുകയും അവരെക്കാള്‍ വസ്തുവകകളെ സ്‌നേഹിക്കുകയും ചെയ്യുന്നവരുടെയെല്ലാം ഗതി ഇതുതന്നെയാണ്.

    മനുഷ്യരെയാണ് നാം സ്‌നേഹിക്കേണ്ടത്. വസ്തുക്കളെ സ്‌നേഹിക്കുന്നവര്‍ വസ്തുക്കള്‍ നഷ്ടപ്പെടുമ്പോള്‍ നിരാശരകും വസ്തുക്കള്‍ക്ക് ജീവനില്ല, സ്‌നേഹമില്ല. അവയ്ക്ക് നമ്മുടെ സ്‌നേഹം മനസ്സിലാവുകയുമില്ല. എന്നാല്‍ മനുഷ്യരെക്കാള്‍ നാം ദൈവത്തെ സ്നേഹിക്കണം. അതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം.

    ഇന്ന് മനുഷ്യനെയും വേണ്ട ദൈവത്തെയും വേണ്ട സ്വത്തു മാത്രം മതി. ഇതാണ് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ. ഉദാഹരണത്തിന് അപ്പനെ വേണ്ട, അപ്പന്റെ സ്വത്തു മതി. അപ്പന്റെ സ്വത്തിന് വേണ്ടി രണ്ടു മക്കള്‍ അപ്പനെ ശ്വാസം മുട്ടിച്ചുകൊന്ന ലോകമാണ് ഇത്.ന ാളെ ഇവര്‍ക്കു സംഭവിക്കാനുള്ളതും ഇതുതന്നെയാണെന്ന് അവരോര്‍ക്കുന്നില്ല.

    ബൈബിളിലെ ധൂര്‍ത്തപുത്രനെ തന്നെയെടുക്കൂ. അവന്‍ സ്‌നേഹിച്ചത് അപ്പനെയല്ല അപ്പന്റെ സ്വത്തിനെയായിരുന്നു. സ്വത്തിനെയും ലോകത്തിലുള്ള വസ്തുവകകളെയും സ്‌നേഹിക്കുന്നവര്‍ അവനഷ്ടപ്പെട്ടുപോകുമ്പോള്‍, അവ ഇല്ലാതായിക്കഴിയുമ്പോള്‍ നിരാശരും ദു:ഖിതരുമാകും.

    പത്തുപന്ത്രണ്ടു കോടി സ്വത്തുള്ള ഒരു ചെറുപ്പക്കാരന്‍ . അവന് മരിക്കാനാഗ്രഹം. ഈ ലോകത്തിലുള്ള ഒരു വസ്തുക്കള്‍ക്കും അവനെ സന്തോഷിപ്പിക്കാന്‍ കഴിയുന്നില്ല. സയനൈഡ് തരാമോയെന്ന് അവന്‍ ഒരു കൂട്ടുകാരനോട് ചോദിച്ചു. സയനൈഡ് ഒക്കെ തരാം പക്ഷേ ആറു കോടിയെങ്കിലും നീയെന്റെ പേരില്‍ എഴുതിവയ്ക്കണം എന്നായി കൂട്ടുകാരന്‍. ഇതാണ് ലോകത്തിന്റെ മട്ട്. പന്ത്രണ്ടുകോടിയുള്ളവന്‍ ചാകാന്‍ നോക്കുന്നു. ആറു കോടികിട്ടാന്‍ വേറൊരുവന്‍ ശ്രമിക്കുന്നു. നാളെ അവന്റെ ഊഴമാണ് എന്നറിയാതെ. ഈലോകം നമ്മെ ഭ്രമിപ്പിക്കും. ഈ ലോകവും ലോകത്തിലുള്ള സകലതും നിന്നെ വിട്ടുപോകും എന്ന ക്രിസ്തുവിന്റെ വചനം നമ്മള്‍ ഇതിനോട് ചേര്‍ത്തുവായിക്കണം.

    അതുപോലെ വലിയ വീടുകള്‍ പണിതു ജീവിക്കുന്നവരുണ്ട്. അവരില്‍ ചിലരെങ്കിലും വീട്ടുകാരെക്കാള്‍ വീടിനെ സ്‌നേഹിക്കുന്നവരാണ്. നല്ല വസ്ത്രം ധരിച്ചുവരുന്നവരെ നമ്മള്‍സ്‌നേഹിക്കും. എന്നാല്‍ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചുനടക്കുന്നവരെ നാം സ്‌നേഹിക്കില്ല. ഇതെന്തൂട്ട് സാധനമാടാ എന്ന് നമ്മള്‍ അയാളെ കാണുമ്പോള്‍ ചോദിക്കും. വസ്ത്രങ്ങളെ സ്‌നേഹിക്കുന്നവര്‍ വ്യക്തിയെ സ്‌നേഹിക്കാന്‍ മറന്നുപോകുന്നു.

    മനോഹരമായ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും വേണ്ടി ഷോപ്പുകള്‍ കയറിയിറങ്ങുന്നവര്‍ അറിയുന്നില്ല അതിനെക്കാള്‍ വിലയുള്ളവരാണ് തങ്ങളെന്ന്. പ്രഫഷനാണ് വലുത് എന്നും സൗന്ദര്യമാണ് വലുത് എന്നും ധരിച്ചുവശായിരിക്കുന്നവര്‍ ധാരാളമുണ്ട്. അവസാനം ഇതൊക്കെ നമ്മെ കൈവിടും. അപ്പോള്‍ മാത്രമേ നാം മനസ്സിലാക്കുകയുള്ളൂ അതിനെക്കാള്‍ വിലയുള്ള പലതുമുണ്ടായിരുന്നുവെന്ന്.

    ഒന്നും ഇല്ലാതെ ഈ ലോകത്തിലേക്ക് വന്ന മനുഷ്യന്‍ ലോകത്തിലുള്ള പലതും സ്വരുക്കൂട്ടാന്‍ തുടങ്ങി. അതോടെ അവന്റെ അധോഗതിയും ആരംഭിച്ചു. അവസാനം അതെല്ലാം അവനെ കൈവിട്ടുപോകുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ശൂന്യതയും നിരാശതയും ആര്‍ക്കും നിശചയിക്കാനാവില്ല. അപ്പോള്‍ അവന്‍ തിരിച്ചറിയും ഈ ലോകത്തെയായിരുന്നില്ല സ്‌നേഹിക്കേണ്ടിയിരുന്നത് എന്ന്. ഈ ലോകത്തിലുള്ള മറ്റെന്തിനെക്കാളും വിലയുള്ളവനാണ് ദൈവം. ആ ദൈവത്തെയാണ് നാം സ്‌നേഹിക്കേണ്ടത്.

    സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കാതെ ലോകത്തെയും ലോകത്തിലുള്ള വസ്തുക്കളെ സ്‌നേഹിക്കുന്ന മനുഷ്യാ, എല്ലാം നിന്നെ കൈവിട്ടുകഴിയുമ്പോള്‍ നിരാശയിലേക്ക് കൂപ്പുകൂത്തുമ്പോള്‍ നിന്നെ രക്ഷിക്കാന്‍ ദൈവം മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കുക.

    ലോകത്തിന്റെ സ്വന്തമാകാനുള്ള ആഗ്രഹത്തില്‍ നിന്ന് ദൈവത്തിന്റെ സ്വന്തമാക്കാന്‍ നീ ഇപ്പോള്‍ മുതല്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ മാത്രമേ നിന്റെ ജീവിതത്തില്‍ സന്തോഷവും സ്ഥായിയായ സമാധാനവും ഉണ്ടായിരിക്കുകയുള്ളൂ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!