സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്? പലപ്പോഴും നമുക്കൊപ്പമുള്ള സാമ്പത്തികസ്ഥിതി,വിദ്യാഭ്യാസം, കുടുംബമഹിമ ഇങ്ങനെ ചില ഘടകങ്ങളെ നോക്കിയായിരിക്കും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത്. ബന്ധുത്വം കൂടുന്നതിനും ഇതേ ഘടകങ്ങള്‍ തന്നെ പ്രസക്തമാണ്. പക്ഷേ എല്ലാകാര്യങ്ങളിലുമെന്നപോലെ ഇത്തരം തിരഞ്ഞെടുപ്പുകളെക്കുറിച്ച് ദൈവം പറയുന്നതും വ്യത്യസ്തമാണ്.
പ്രധാനമായും നാലു തരക്കാരോടാണ് നാം ചേര്‍ന്നുനില്‌ക്കേണ്ടതെന്ന് തിരുവചനം ഓര്‍മ്മിപ്പിക്കുന്നു. പ്രഭാഷകന്റെ പുസ്തകം 37:12 പറയുന്നത് അതാണ്.
ദൈവഭക്തനും കല്‍പനകള്‍ പാലിക്കുന്നവനെന്ന് ഉറപ്പുള്ളവനും നിന്റെ സ്വഭാവത്തിന് ഇണങ്ങുന്നവനും നിന്റെ പരാജയത്തില്‍ സഹതപിക്കുന്നവുമായ ഒരുവനോട് എപ്പോഴും ഒട്ടിനില്ക്കുക.
അതുപോലെ തന്നെ മറ്റൊരു കാര്യം കൂടി പ്രഭാഷകന്‍ ഇവിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പലപ്പോഴും തീരുമാനമെടുക്കുന്നതിനും ഭാവി അറിയാനുമായി നമ്മെക്കാള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നവരുടെ അടുക്കലേക്ക്, കൗണ്‍സിലേഴ്‌സിന്റെ അടുക്കലേക്ക് പോകുന്നവരാണ് നാം. ഇവിടെയും വ്യക്തമായ നിര്‍ദ്ദേശം പ്രഭാഷകന്‍ നല്കുന്നു.
നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുക. അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിന് മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നത്. എല്ലാറ്റിനുമുപരി സത്യമാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോട് പ്രാര്‍ത്ഥിക്കുക.( പ്രഭാ 37:13-15)