പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് മാതാവ് പറയുന്നത് എന്താണെന്നറിയാമോ?

ഒക്ടോബര്‍ പലതുകൊണ്ടും പരിശുദ്ധ കന്യാമറിയവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടതാണ് കത്തോലിക്കാവിശ്വാസികള്‍ക്ക്. പ്രത്യേകിച്ച് മരിയഭക്തര്‍ക്ക്.

ജപമാല മാസം, ജപമാല റാണിയുടെ തിരുനാള്‍ എന്നിവ കൂടാതെ പല പ്രത്യക്ഷീകരണങ്ങള്‍ സംഭവിച്ചതും ഈ മാസമാണ്. ഉദാഹരണത്തിന് ഫാത്തിമായിലെ അവസാന പ്രത്യക്ഷീകരണം ഒക്ടോബര്‍ 13 ന് ആയിരുന്നു. പ്രത്യാശയുടെ മാതാവിന്റെ പ്രത്യക്ഷീകരണം വിസ്‌കോണ്‍സിനില്‍ നടന്നത് ഒക്ടോബര്‍ 9 ന് ആയിരുന്നു.

ഇതുമാത്രമല്ല എല്ലാ പ്രത്യക്ഷീകരണങ്ങളിലും മാതാവ് നമ്മോട് പറഞ്ഞത് ഒരു കാര്യം തന്നെയായിരുന്നു. പ്രാര്‍ത്ഥിക്കുക. പശ്ചാത്തപിക്കുക. അമ്മ നമ്മെ സ്‌നേഹിക്കുന്നു. അമ്മ നമ്മുടെ കൂടെയുണ്ട്. ഈ വാഗ്ദാനം നമുക്ക് വലിയ പ്രത്യാശ നല്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും ദുരിതം പിടിച്ച അവസരങ്ങളിലാണ് ദൈവത്തിന്റെ സ്‌നേഹവും വാത്സല്യവും നമുക്ക് കൂടുതലായി അനുഭവിക്കാന്‍ കഴിയുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്തായിരുന്നുവല്ലോ ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണം.

കോവിഡ് മഹാമാരി ലോകത്തെ ആകെ വരിഞ്ഞുമുറുക്കിയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. ഇനിയും ഒരു രാജ്യവും അതില്‍ നിന്ന് മുക്തമായിട്ടില്ല. ജനജീവിതം സാധാരണമായിട്ടുമില്ല. നിരാശജനകമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഈ അവസരം നാം കൂടുതലായി പ്രാര്‍ത്ഥിക്കാനുള്ള അവസരമായി മാറ്റണം. ജപമാല ചൊല്ലാനും മരിയഭക്തിയില്‍ വളരാനുമുള്ള വേളയായി സ്വീകരിക്കണം.

ഫ്രാങ്കോ- പ്രഷ്യന്‍ യുദ്ധകാലത്ത് 1871 ല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്മ പറഞ്ഞ കാര്യം നാം ഇവിടെ പ്രത്യേകമായി അനുസ്മരിക്കണം. എന്റെ മക്കളേ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും. ദൈവം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും.
അതെ നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയിലായിരിക്കാം. അമ്മ വഴി ഈശോ നമ്മെ സഹായിക്കും. ദൈവത്തിന്റെ ഇടപെടല്‍ നമ്മുടെ ജീവിതങ്ങളിന്മേലും ലോകത്തിന്മേലും ഉണ്ടാകും. അതിനായി നമുക്ക് പ്രാര്‍ത്ഥനയിലായിരിക്കാം.

അമ്മേ മാതാവേ ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ സഹായിക്കണേ. പ്രാര്‍ത്ഥനയ്ക്ക് വിരുദ്ധമായി നില്ക്കുന്ന സകലതും ഞങ്ങളുടെ ജീവിതങ്ങളില്‍ നിന്ന് എടുത്തുനീക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.