പ്രഭാതത്തില്‍ നാം എന്തിനാണ് പ്രാര്‍ത്ഥിക്കേണ്ടത്?

രാത്രിയുടെ ആലസ്യത്തിന് ശേഷം ഉറക്കമുണര്‍ന്നെണീല്ക്കുമ്പോള്‍ നാം സ്വഭാവികമായും ചെയ്യുന്ന ചില പ്രവൃത്തികളുണ്ടല്ലോ. മുറിയുടെ ജനാലകള്‍ തുറന്നിടുന്നതുമുതല്‍ പ്രഭാതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതുവരെയുള്ള കാര്യങ്ങള്‍.

പ്രഭാതകിരണങ്ങള്‍ മുറിയിലേക്ക് കടന്നുവരുമ്പോള്‍, ജനാലയിലൂടെ തണുത്ത കാറ്റ് വരുമ്പോള്‍ അടഞ്ഞുകിടന്ന മുറിയില്‍ കെട്ടിക്കിടന്ന വായു പുറത്തേക്ക് ഒഴുകുമ്പോള്‍ അപ്പോഴൊക്കെ ഒരു ഫ്രഷ്‌നസ് നമുക്ക് അനുഭവപ്പെടാറുണ്ടല്ലോ. പുറത്തേക്ക് നോക്കി നില്ക്കുമ്പോള്‍ പുതിയൊരു പ്രഭാതത്തിന്റെ സന്തോഷവും ആനന്ദവും നമ്മുടെ ഉള്ളിലും നിറയാറുണ്ടല്ലോ.

ശാരീരികമായ ഊര്‍ജ്ജ്വസ്വലതയും സന്തോഷവും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നതുപോലെ തന്നെയാണ് പ്രഭാതത്തിലെ പ്രാര്‍ത്ഥനയെന്നാണ് വിശുദ്ധര്‍ പറയുന്നത്. ഹൃദയത്തിന്റെ ജാലകങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് തുറക്കുന്ന സമയമാണ് പ്രഭാതപ്രാര്‍ത്ഥന. അത് നമ്മുടെ ആത്മാവിന് ജീവന്‍ നല്കുന്നു. മനസ്സിലെ എല്ലാ നിഷേധാത്മക ചിന്തകളും ദൂരെയകറ്റി ശുദ്ധമായ ചിന്തകളോടെ പ്രഭാതം തുടങ്ങാന്‍ സഹായിക്കുന്നു. പുതിയൊരു ശക്തിയും സമാധാനവും സന്തോഷവും ഉള്ളില്‍ നിറയുന്നു.

അതുകൊണ്ട് പ്രഭാതപ്രാര്‍ത്ഥന ഒരു ശീലമാക്കുക. അത് നമ്മുടെ ജീവിതത്തെ ദൈവസ്്മരണയില്‍ നിലനിര്‍ത്തുകയും നമ്മെ കൂടുതല്‍ സന്തോഷത്തോടെ ജീവിതം നയിക്കാന്‍ പ്രേരണയാകുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.