ഈ ദിവസം അനുഗ്രഹപ്രദമാകാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ

വീണ്ടുമൊരു പ്രഭാതം കൂടി കാണാനുള്ള ദൈവകൃപ ദൈവം നമുക്കായി നല്കിയിരിക്കുന്നു. എല്ലാ ദിവസത്തെയും പോലെ ചിലപ്പോള്‍ ഒരുപാട് പ്രതീക്ഷകളോടും മറ്റ് ചിലപ്പോള്‍ നിരാശയോടും ആകുലതയോടും വേറെചിലപ്പോള്‍ ഉത്സാഹത്തോടും കൂടിയൊക്കെയായിരിക്കും നമ്മള്‍ ഉണര്‍ന്നെണീറ്റിരിക്കുന്നത്. നമ്മുടെ ആകുലതകള്‍ അസ്ഥാനത്താണോ.. നമ്മുടെ പ്രതീക്ഷകള്‍ പൂവണിയുമോ..ആഗ്രഹിച്ചതുപോലെയെല്ലാം ഇന്നേ ദിവസം സംഭവിക്കുമോ..

നമുക്ക് ഒന്നുമറിയില്ല. ഇത്തരം അവസരങ്ങളില്‍ എല്ലാം ദൈവകരങ്ങളിലേക്ക് സമര്‍പ്പിച്ച് ദൈവകൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മുടെ ഈ ദിവസത്തില്‍ ഇന്ന് സംഭവിക്കുന്നത് എന്തുമായിരുന്നുകൊള്ളട്ടെ അവയെല്ലാം ദൈവകരങ്ങളിലേക്ക് സമര്‍പ്പിച്ച നമുക്ക് പ്രാര്‍ത്ഥിക്കാം:

ഓ കര്‍ത്താവായ ദൈവമേ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥാ ഇന്നേ ദിവസത്തെ പൂര്‍ണ്ണമായും ഞാന്‍ അങ്ങേ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സിന്റെയും ഹൃദയത്തിന്റെയും വിചാരങ്ങളുടെയും പ്രവൃത്തികളുടെയും രാജാവായി അങ്ങ് വാഴണമേ. വാക്കുകളും പെരുമാറ്റവും ചെയ്തികളും എല്ലാം അങ്ങേ തിരുവിഷ്ടം പോലെയായിരിക്കട്ടെ.

അങ്ങേയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും എന്റെ ജീവിതത്തിലും പ്രത്യേകിച്ച് ഇന്നേ ദിവസത്തിലും സംഭവിക്കാതിരിക്കട്ടെ. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന്, ബന്ധുക്കളുടെ ഉപജാപങ്ങളില്‍ നിന്ന്, ദുഷ്ടാരൂപികളുടെ സ്വാധീനങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കണമേ. ഓ ലോകരക്ഷിതാവേ, അങ്ങേ തിരുവിഷ്ടത്തില്‍ ഞാന്‍ ജീവിക്കുകയും അങ്ങേ തിരുവിഷ്ടം എന്റെ ജീവിതത്തില്‍ നിറവേറുകയും ചെയ്യട്ടെ. ഈ ദിവസത്തിന്റെ എല്ലാ നന്മകളും ആകുലതകളും അങ്ങേയ്ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.