ദൈവത്തോടുളള വിശ്വസ്തതയ്ക്ക് വിലപേശുന്നവയാണ് ഒഴിവുകഴിവുകള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഒഴിവുകഴിവുകള്‍ പറഞ്ഞ് വീണ തെറ്റില്‍ ഉറച്ചുനില്ക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷമെന്നും ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് വില പേശുന്നവയാണ് ഒഴിവുകഴിവുകളെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

ദാവീദിനെ പോലെ ഊറിയായുടെ ഭാര്യയെ സ്വന്തമാക്കുകയോ ഊറിയായെ വകവരുത്തുകയോ നാം ചെയ്യുന്നില്ലായിരിക്കാം. എങ്കിലും ചെറിയ ചെറിയ വീഴ്ചകളിലൂടെയും ഉതപ്പുകളിലൂടെയും പ്രലോഭനങ്ങളിലൂടെയും നാം വ്യക്തിജീവിതത്തില്‍ ദൈവത്തില്‍ നിന്ന് അകന്നുപോകുന്നു. ചെറിയ ഡോസ് മയക്കുമരുന്നെടുക്കുന്ന ആള്‍ മെല്ലെമെല്ലെ ഉറങ്ങിപ്പോകുന്നതുപോലെയാണ് അത്. ദൈവത്തോടുള്ള വിശ്വസ്തതയും സമര്‍പ്പണവും ഇല്ലാതാകുന്നത് പലപ്പോഴും വ്യക്തി അറിയാതെയാണ്.

അഹങ്കാരവും സ്വാര്‍ത്ഥതയും സുഖലോലുപതയും ചേര്‍ന്ന് നാം അറിയാതെ തിന്മയിലേക്ക് വഴുതിവീഴുന്നു. ഇതോടെ ദൈവകൃപ നമുക്ക് നഷ്ടമാകുകയും ചെയ്യുന്നു. വിജ്ഞാനിയായ സോളമനു പോലും ജീവിതാന്ത്യത്തില്‍ ദൈവകൃപ നഷ്ടമായെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, നാമൊരിക്കലും ദൈവകൃപ നഷ്ടമാക്കരുതെന്നും പറഞ്ഞു.

ഹൃദയം ദുര്‍ബലമാകുകയും നന്മയില്‍ നിന്ന് അകന്നുപോകുകയും ചെയ്യുന്ന അവസ്ഥ മനസ്സിലാക്കാനുള്ള വിവേകത്തിനായി പ്രാര്‍ത്ഥിക്കുക. ദൈവത്തില്‍ ശരണപ്പെടാത്തവര്‍ക്ക് നഷ്ടമാകുന്നത് അവിടുത്തെ കൃപയും സ്‌നേഹവുമാണ്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.