നൗഷാദ്: ദൈവത്തിന്‍റെ ചാരൻ, കേരളത്തിന്‍റെ അംബാസിഡർ

അവിടുന്ന് ഭൂമിയിൽ കാറ്റ് വീശി, വെള്ളം ഇറങ്ങി, അഗാധങ്ങളിലെ ഉറവകൾ നിലച്ചു, ആകാശത്തിന്‍റെ ജാലകങ്ങൾ അടഞ്ഞു, മഴ നിലയ്ക്കുകയും ചെയ്തു” (ഉൽപ്പത്തി 8: 2) 

ആകാശത്തിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരി ഏതാണ്ട് നിലച്ചിരിക്കുന്നു. എല്ലാം ഒലിച്ചുപോയിടത്തുനിന്നു ജീവിതം വീണ്ടും വാരിക്കൂട്ടിയെടുക്കാൻ പെടാപ്പാടു പെടുകകയാണ് കേരളമക്കൾ. നമ്മുടെ കേരളം പൂർവ്വസ്ഥിതിയിലാകുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട, പെരുവെള്ളത്തിൽനിന്നു കരകയറാനായി ദൈവം കരം നീട്ടിത്തന്നിരിക്കുന്നു: ദുരിതബാധിതപ്രദേശങ്ങളിൽ ഓടിച്ചെന്നു സഹായമെത്തിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവർത്തകരിലൂടെ, സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ നേതൃത്വത്തിലൂടെ, സന്നദ്ധസംഘടനകളുടെ കാരുണ്യത്തിലൂടെ, തിരശീലയ്ക്കുപിന്നിൽനിന്ന് പണം നൽകിയും അവശ്യസാധനങ്ങൾ കൊടുത്തും പ്രാർത്ഥിച്ചും യഥാർത്ഥ അയൽക്കാരായി മാറിയ ലക്ഷക്കണക്കിനാളുകൾ. ആരെയും മറക്കാതിരിക്കുമ്പോഴും ചില പേരുകൾ എടുത്തുപറയണം: ജീവൻ കൊടുത്തും സഹോദരങ്ങളെ രക്ഷിക്കാനിറങ്ങിയ ലിനു, എല്ലാം വാരിക്കൊടുത്ത് സ്നേഹത്തിൻ്റെയും കരുണയുടെയും ഡാം തുറന്നുവിട്ട നൗഷാദ്… ഇവർ ദൈവത്തിൻ്റെ കരുണയുടെ ചാരന്മാരും കേരളത്തിൻ്റെ നന്മയുടെ അംബാസിഡർമാരുമാണ് ഇന്ന് ലോകത്തിൽ. ഇതുപോലെ പേരുപറഞ്ഞു കേട്ടവരും അല്ലാത്തവരുമായി എത്രയോ പേർ!

നൗഷാദിന്‍റെ നന്മയെ ലോകത്തിനു പരിചയപ്പെടുത്തിയ വീഡിയോയിലെ ശബ്ദം പോലെ, “ഈ മനുഷ്യനെക്കുറിച്ച് എന്താ പറയേണ്ടത്? ഇങ്ങനെ സ്നേഹിക്കാൻ ഒരാൾക്ക് പറ്റുമോ?” ഇതിനു നൗഷാദ് ഇങ്ങനെ മറുപടി പറഞ്ഞു: “മനുഷ്യനെ സഹായിക്കുന്നതല്ലേ ഏറ്റവും നല്ലത്, ഇതാണ് എൻ്റെ ലാഭം, ഇതാണ് എന്റെ പെരുന്നാൾ.” കേരളത്തിൽ മഴപ്പെയ്ത്തിൻറെ പ്രളയമേ അവസാനിച്ചിട്ടുള്ളു… സ്നേഹത്തിന്റെയും കരുണയുടെയും പ്രവാഹങ്ങൾ അണപൊട്ടിയൊഴുകുന്നു… ജലപ്രളയം കേരള ജനതയെ മുക്കിയെങ്കിൽ, നൗഷാദിനെപ്പോലെയുള്ളവരുടെ സ്നേഹത്തിന്റെയും കരുണയുടെയും പ്രളയം ലോകം മുഴുവനുമുള്ള ആളുകളുടെ മനസ്സിനെ മുക്കിയും തണുപ്പിച്ചും ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു… നിലയ്‌ക്കാതെ അത് ഒഴുകിക്കൊണ്ടേയിരിക്കട്ടെ! തീർച്ചയായും ഈ നന്മമരങ്ങൾ ഈ ഭൂമിയിലെ ദൈവത്തിന്‍റെ ചാരന്മാരും ലോകത്തിനുമുന്പിൽ കേരളത്തിന്റെ അംബാസിഡർമാരും തന്നെ!

വാക്കുകളിൽ ‘സ്നേഹവും’ പ്രവൃത്തിയിൽ ‘കരുണയും’ ഒന്നാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞ സന്നർഭമായിരുന്നു ഈ പ്രളയകാലം. വി. ബൈബിളിലെ നല്ല സമറിയാക്കാരന്റെ കഥയിൽ പറയുംപോലെ, മനസ്സിലും ശരീരത്തിലും മുറിവേറ്റു കിടന്നവനെ എടുത്തു ശുശ്രുഷിക്കാൻ അകലെനിന്ന് കഴുതപ്പുറത്തു രക്ഷാസാധനങ്ങളുമായി വന്ന, കരുണതോന്നി അടുത്തുചെന്ന നല്ല സമരിയാക്കാരനെപ്പോലെ, ദൂരെ ദേശത്തുനിന്നുപോലും വാഹനങ്ങളിൽ സാധനങ്ങൾ കുത്തിനിറച്ചു ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഒത്തിരി നല്ല സമരിയാക്കാർ ഓടിയെത്തി. ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും കൂടിയില്ലാത്തവരെപ്പോലും സ്വന്തം സഹോദരങ്ങളെപ്പോലെ കണ്ട നല്ല സമരിയാക്കാർ! ‘സുവിശേഷം ജീവിച്ചവർ’ എന്നാണ് ഇവരെ വിളിക്കേണ്ടത്. 

ദൈവം മനുഷ്യനായി ഒരിക്കൽ അവതരിച്ചു (ഈശോ) എന്ന് ലോകം വിശ്വസിക്കുന്നു. എന്നാൽ ഈ നല്ല മനുഷ്യരെക്കാണുമ്പോൾ, ദൈവം കരുണകാണിക്കുന്നവരുടെ രൂപത്തിൽ, മനസ്സലിയുന്നവരുടെ ഭാവത്തിൽ  ഈ ഭൂമിയിൽ ദിവസവും അവതരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു… സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് അരുളിച്ചെയ്ത യേശുനാഥനെ, ലിനു, സ്വന്തം ജീവൻ തൃണവല്ഗണിച്ചുകൊണ്ടു രക്ഷാപ്രവർത്തനത്തിനിറങ്ങി കാണിച്ചുതന്നു. വിശന്നു വലയുന്ന ഈ ജനത്തിന് ഭക്ഷണം കൊടുക്കണമെന്ന് ഈശോ പറയുമ്പോൾ, ഉത്തരവുമായി മേയർ സ്ഥലത്തുണ്ട്! ദൈവം ഹൃദയത്തിൽ നിറച്ച കരുണയുടെ ഭാവം തുറന്നുകാട്ടുമ്പോൾ, കേരളം ദൈവത്തിൻറെയല്ല, ദൈവങ്ങളുടെ സ്വന്തം നാടായി മാറുന്നു. “മനുഷ്യർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ”. (മത്തായി 5: 16)

ഈ ദിവസങ്ങളിൽ കണ്ട ഒരു വാട്സ്ആപ് പോസ്റ്റ് വളരെ ചിന്തോദീപകമായി തോന്നി: “വെള്ളം താഴ്ന്നു തുടങ്ങി…ഇനിയുള്ളത് ചെളിയാണ്…പരസ്പരം വാരി എറിയണം”. സഹായിച്ചതിന്റെ മേന്മ പറഞ്ഞു കയ്യടി വാങ്ങാനും അവകാശവാദങ്ങൾ നിരത്താനും രാഷ്ട്രീയലാഭം കൊയ്യാനും മതചിന്ത കുത്തിവയ്ക്കാനുമല്ല, ഇതിനെയൊക്കെ കഴുകിക്കളയാനും തൂത്തെറിയാനുമായാണ് ഇത്തവണയും മഹാപ്രളയം ഉണ്ടായതെന്ന് കരുതാൻ കഴിഞ്ഞില്ലെങ്കിൽ, നമ്മൾ വീണ്ടും പഴയ നമ്മളാവും. ജലപ്രളയം തുടങ്ങിയ ദിവസങ്ങളിൽ കണ്ട ഒരു നല്ല ട്രോൾ, കുട്ടി അച്ഛനോട്: “അച്ഛാ, എന്താണ് ഈ റെഡ് അലർട്ട്?” അച്ഛന്റെ ഉത്തരം: “മോനേ, അത് ജാതിയും മതവും വർഗ്ഗീയതയും തൽക്കാലം നിർത്തിവയ്ക്കാനുള്ള മുന്നറിയിപ്പാണ്”!

ദൈവത്തിന്‍റെ ചാരന്മാരാകാൻ, കരുണയുടെയും സ്നേഹത്തിന്റെയും മനസ്സലിവിന്റെയും പ്രഘോഷകരാകാൻ, വേർതിരിവുകൾക്കപ്പുറത്ത് നന്മയുള്ള കേരളത്തിന്‍റെ അംബാസ്സിഡർമാരാകാൻ ദൈവം നമ്മെ വിളിക്കുന്നു. ദുരിതക്കയത്തിൽ നിന്നും എല്ലാ സഹോദരങ്ങളും എത്രയും വേഗം കയറിവരട്ടെയെന്ന ആഗ്രഹത്തോടെ, ഇവർക്ക് കരുണയുടെ കരം നീട്ടിക്കൊടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ, എല്ലാവർക്കും ഒരു നല്ല ആഴ്ച ആശംസിക്കുന്നു. 

ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.