കല്ലിന്‍മേല്‍ തീര്‍ത്ത ഭവനം

വഴിവിളക്ക് 1


ത്തായി സുവിശേഷത്തില്‍ (7:24..28) ഈശോ പഠിപ്പിക്കുന്ന കെട്ടിട നിര്‍മ്മാണത്തിന്റെ ഉപമ ശ്രദ്ധേയമാണ്. ക്രിസ്തീയ ജീവിതം അനുദിനം വിശുദ്ധിയിലേക്കും അതുവഴി ദൈവത്തിങ്കലേക്കും പണിതുയര്‍ത്തപ്പെടേണ്ട ഒരു കെട്ടിടസമാനമാണ്. അതിലുപരി, അനുദിനം ശ്രദ്ധയോടെ വൃത്തിയാക്കപ്പെടേണ്ട ഒരു കെട്ടിടവുമാണ്.
രണ്ട് പേര്‍ കെട്ടിടം നിര്‍മ്മിക്കുവാനാരംഭിച്ചു. ഒരാളുടെ വീടുപണി ദ്രുതഗതിയില്‍ പുരോഗമിച്ചു. അവിസ്മരണീയമാംവിധം പണി പൂര്‍ത്തീകരിച്ച് അനേകരുടെ പ്രശംസക്ക് പാത്രമായി.

അപരനാകട്ടെ ഉറപ്പുള്ള ഒരു സ്ഥലത്തിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഉറപ്പുള്ള സ്ഥലത്തിനായി ആഴത്തില്‍ കുഴിച്ചപ്പോള്‍ പല തടസ്സങ്ങളേയും അതിജീവിക്കേണ്ടി വന്നു. പല സഹനങ്ങളേയും ഏറ്റെടുക്കേണ്ടി വന്നു. പല ‘ഒറ്റക്കല്ലുകളേയും’ മാറ്റിക്കളയേണ്ടി വന്നു. കാലങ്ങള്‍ക്കൊടുവില്‍ ആ ഭവനവും പണിതുയര്‍ത്തപ്പെട്ടു.

ഇരുഭവനങ്ങളും കാഴ്ചക്ക് സമം. കാലചക്രം മുന്നോട്ട് ചരിച്ചു. ഒരു നിശ്ചിത ദിനം രണ്ട് ഭവനങ്ങളുടെ മേലും കാറ്റ് ആഞ്ഞടിച്ചു. ആദ്യത്തെ ഭവനം തകര്‍ന്നടിഞ്ഞു വീണു, അതിന്റെ വീഴ്ച വളരെ വലുതുമായിരുന്നു.

ആത്മീയ ജീവിതത്തിന്റെ പണിതുയര്‍ത്തലിനെ ഈശോ നിശിതമായി പഠിപ്പിക്കുന്ന വചനഭാഗമാണിത്. ദൈവം നല്‍കിയ അനുഗ്രങ്ങള്‍ നിരവധിയാണ്. ധനം, ജോലി, ജീവിത പങ്കാളി, മക്കള്‍, ശുശ്രൂഷാ വരങ്ങള്‍, രോഗശാന്തി തുടങ്ങി ദൈവം നല്‍കിയ അനുഗ്രങ്ങള്‍ക്ക് മേല്‍ ആത്മീയ ജീവിതം പണിതുയര്‍ത്തിയ ഭക്തജനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് തിരുവചനം പറയുന്നു, അവര്‍ ഏത് അനുഗ്രഹത്തിന്മേല്‍ ഭവനം പണിതുവോ, അതിന് കോട്ടം സംഭവിക്കുന്നതോടെ അവരുടെ ആത്മീയജീവിതം തകര്‍ന്നു വീഴുന്നു. ആ വീഴ്ച വളരെ വേദനാജനകവുമായിരിക്കും.

എന്നാല്‍, യേശുക്രിസ്തുവാകുന്ന പാറമേല്‍ അടിത്തറ പണിത് തിരുവചനത്താല്‍ ഭവനം പണിയുവാനാഗ്രഹിക്കുന്ന വ്യക്തിക്ക് കാലവിളംബം സംഭവിച്ചേക്കാം. കാരണം ക്രിസ്തുവിനോട് ഐക്യപ്പെട്ട ജീവിതം തുടങ്ങുവാന്‍ ജീവിതത്തില്‍ പല ‘അഴിച്ചുപണി’ കളും നടത്തേണ്ടി വന്നിട്ടുണ്ടാകും. ലോകം മാടിയോതുന്ന പല നിശിതക്ഷണിക സുഖങ്ങളേയും നിസ്സാരവത്ക്കരിച്ച് ഉപേക്ഷിക്കുവാന്‍ കാലവിളംബം വന്നേക്കാം.

ദൈവാത്മാവിന് പ്രവര്‍ത്തിക്കുവാന്‍ തടസ്സമായി നില്‍ക്കുന്ന സ്വഭാവത്തിലെ പല ‘ഒറ്റക്കല്ലുകളേയും’ നീക്കം ചെയ്യുവാന്‍ കര്‍ത്താവിലാശ്രയിച്ച് കാത്തിരിക്കേണ്ടി വന്നേക്കാം. ശ്രമിച്ചിട്ടും പലയാവര്‍ത്തി വീണുപോയപ്പോള്‍ സഹചാരികള്‍ പരിഹാസത്തിന്റെ മുള്‍മുനയില്‍ നിറുത്തിയിട്ടുണ്ടാകാം. കാലങ്ങള്‍ക്കൊടുവില്‍ കരിക്കേണ്ടവയെ കരിച്ച് മുറുകെപ്പിടിക്കേണ്ടവയെ മുറുകെപ്പിടിച്ച് രണ്ടാമനും ആത്മീയഭവനം പണിതുയര്‍ത്തി. പ്രലോഭനങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടേയും വേദനാജനകമായ കൊടുങ്കാറ്റ് ഈ ഭവനത്തിന് മേലും ആഞ്ഞടിച്ചു.

എന്നാല്‍ പ്രലോഭനങ്ങളേയും ലോകത്തേയും ജയിച്ചവന്റെമേല്‍ പണിതുയര്‍ത്തിയ ഭവനത്തെ വീഴ്ത്തുവാന്‍ ലോകശക്തിക്ക് അസാദ്ധ്യമായിരുന്നു. ആ ഭവനം മറ്റുള്ളവരെ അത്ഭുതപ്പെടുത്തുമാറ് ശിരസ്സുയര്‍ത്തി നിലനിക്കുക തന്നെ ചെയ്തു.

ഒരു ജീവിതസാക്ഷ്യം എളിയവാക്കുകളില്‍ വിവരിക്കട്ടെ. കോളേജ് പഠനത്തിനൊടുവില്‍ വിവിധ കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തുവാന്‍ സാഹചര്യമൊരുങ്ങി. ഇന്ത്യാ ഗവര്‍മെന്റിന്റെ നാടക സമിതിയില്‍ അഭിനയം, സീരിയലില്‍ അഭിനയം, ഏഷ്യാനെറ്റില്‍ വാര്‍ത്ത വായന, ഗാനമേള ട്രൂപ്പില്‍ പാട്ട് തുടങ്ങി പലതും. ഞാനും എന്റെ ഭവനം പണിയാനാരംഭിച്ചു, സമ്പത്തിനും, പേരിനും പ്രശസ്തിക്കും മേല്‍. ആ ഭവനത്തിന് മേല്‍ 2003 ല്‍ ഒരു കാറ്റടിച്ചു. വിവാഹജീവിതത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ, ഒരു വീഴ്ചയിലൂടെ ജീവിതപങ്കാളിയുടെ നട്ടെല്ല് തര്‍ന്ന് പോയി, പരിപൂര്‍ണ്ണ കിടപ്പ് രോഗിയായി.

ഞാന്‍ പണിത ഭവനം തകര്‍ന്ന് വീഴുകയായിരുന്നു, വീഴ്ച വളരെ വലുതുമായിരുന്നു. വൈദ്യശാസ്ത്രം പോലും കൈവിട്ടപ്പോള്‍, ക്രൂശിതരൂപത്തിന് മുന്നില്‍ കരങ്ങള്‍ വിരിച്ച് കണ്ണുനീരൊഴുക്കുവാന്‍ മാത്രമേ കഴിയുമായിരുന്നുള്ളു. 9 മാസം എന്റെ കണ്ണുനീര്‍ കണങ്ങള്‍ ഒരു കുപ്പിയില്‍ ശേഖരിച്ച്, ഒരു ധ്യാനത്തിനൊടുവില്‍, എന്റെ ദൈവം എനിക്ക് മറുപടി തന്നു. വൈദ്യശാസ്ത്രത്തേപ്പോലും അത്ഭുതപ്പെടുത്തി, ഒരു പുതിയ നട്ടെല്ല് നല്‍കി എന്റെ ജീവിതപങ്കാളിയെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു.

അന്നു മുതല്‍ ഞങ്ങളുമാരംഭിച്ചു ഭവനം പണിയാന്‍, ധനത്തിലും പ്രശസ്തിയിലുമല്ല, ലോകത്തെ ജയിച്ച യേശുവാകുന്ന പാറമേല്‍. കഴിഞ്ഞ 15 വര്‍ഷമായി പൂര്‍ണ്ണാരോഗ്യത്തോടെ ജോലി ചെയ്യുന്നു, ഒപ്പം കര്‍ത്താവിന്റെ വേലയും. ദൈവത്തിന് മാത്രം മഹത്വം.

ബ്ര. വില്‍സണ്‍ ജോണ്‍ പള്ളിക്കമാലില്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.