പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു മടുത്തോ, നിരാശപ്പെടല്ലേ ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ…

ആത്മീയമനുഷ്യരാണെങ്കിലും നമ്മെ പെട്ടെന്ന് പിടികൂടാവുന്ന ഒരു സാധ്യതയുണ്ട് നിരാശ. ആഗ്രഹിച്ചതുപോലെയോ ഉദ്ദേശിച്ചതുപോലെയോ കാര്യങ്ങള്‍ നടക്കാതെവരുമ്പോള്‍ പെട്ടെന്ന് ഡൗണായി പോകുന്ന അവസ്ഥ. ഇത് ശരിയായ ആത്മീയതയല്ല.

പ്രാര്‍ത്ഥിക്കുക എന്നതാണ് നമ്മുടെ കടമ. ഫലം തരണോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം ദൈവത്തിനാണ്. അതുകൊണ്ട് ചോദിക്കാതിരിക്കരുത്. ചോദ്യം നിര്‍ത്തി പോകുകയുമരുത്. കാരണം വചനം ഇക്കാര്യത്തില്‍ നമ്മോട് പറയുന്നത് ഇതാണ്.

ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും. ( മത്താ: 7:7)

വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ ആ നിയോഗങ്ങള്‍ക്കു മേല്‍ ദൈവത്തിന് ഇറങ്ങിവരാതിരിക്കാനാവില്ല. കാരണം ദൈവം തന്നെയാണല്ലോ അക്കാര്യം പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് വചനം പറഞ്ഞു പ്രാര്‍ത്ഥിക്കണമെന്ന കാര്യം തുടര്‍ച്ചയായി പറയുന്നത്. മേലുദ്ധരിച്ച വചനത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഇങ്ങനെയാണ് പറയുന്നത്.

ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകന്‍ അപ്പം ചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്കും!( മത്താ: 7:8-11)

ശരിയല്ലേ പ്രിയപ്പെട്ടവര്‍ ഓരോ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ നാം അവര്‍ക്ക് അത് നിവര്‍ത്തിച്ചുകൊടുക്കുന്നുണ്ട്. അങ്ങനെയങ്കില്‍ അപ്പന്‍ തന്നെയായ നമ്മുടെ ദൈവം നാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് സാധിച്ചുതരാതിരിക്കുമോ?

ഒരുപക്ഷേ മനുഷ്യരോട് സഹായം ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തിയെന്നിരിക്കും.എന്നാല്‍ എന്റെ നല്ല ദൈവം എന്നെ ഒരിക്കലും തള്ളിക്കളയുകയില്ല, എന്റെ അഭ്യര്‍ത്ഥന നിരസിക്കുകയുമില്ല. ഇങ്ങനെയൊരു വിശ്വാസത്തിന്റെ വളര്‍ച്ചയിലേക്ക്, വചനത്തിന്റെ അടിത്തറയില്‍ നമുക്ക് വളര്‍ന്നു മുന്നേറാം.കരുത്തുനേടാം. അങ്ങനെയെങ്കില്‍ നാമൊരിക്കലും പ്രാര്‍ത്ഥനയില്‍ നിരാശപ്പെടുകയില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.