വിവാഹജീവിതത്തിന്റെ സുസ്ഥിരതയ്ക്കും ഭദ്രതയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം

ഇന്ന് സാത്താന്‍ ഏറ്റവും അധികം നോട്ടമിട്ടിരിക്കുന്നത് വിവാഹ സമ്പ്രദായത്തിന് നേരെയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം എന്ന സങ്കല്പത്തെ പോലും തട്ടിമറിച്ചുകൊണ്ട് സ്ത്രീയും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലുമുള്ള വിവാഹങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ പോലും കിട്ടിക്കഴിഞ്ഞ കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ നാം മുമ്പ് എന്നത്തെക്കാളും അധികമായി വിവാഹജീവിതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.സ്വഭാവികമായ സ്ത്രീപുരുഷ വിവാഹങ്ങള്‍ നിലനില്‌ക്കേണ്ടത് ഈ ലോകത്തിലെ കുടുംബവ്യവസ്ഥയ്ക്ക് അനിവാര്യമാണ്.

അതുകൊണ്ട് വിവാഹജീവിതത്തിന്റെ വിജയത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം:

സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും അവരെ ഒരുമിച്ചു ചേര്‍ക്കുകയും ചെയ്ത ദൈവമേ, വിവാഹജീവിതത്തിലൂടെ ഒന്നാകുന്ന എല്ലാ ദമ്പതികളെയും ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. വിവാഹത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നവരെയും വിവാഹപ്രായത്തിലേക്ക് പ്രവേശിക്കാനിരിക്കുന്നവരെയും സമര്‍പ്പിക്കുന്നു. അനുയോജ്യരായ ജീവിതപങ്കാളികളെ നല്കി അവരെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. പ്രത്യേകമായി ഞങ്ങളുടെ വിവാഹജീവിതത്തെ അനുഗ്രഹിക്കണമേ.

ഞങ്ങളുടെ വിവാഹജീവിതത്തിന്റെ വിശുദ്ധിക്കു വിരുദ്ധമായി നില്ക്കുന്ന എല്ലാറ്റിനെയും അങ്ങ് തകര്‍ക്കണമേ. മാലാഖമാരെ അയച്ച് ഞങ്ങളുടെ വിവാഹജീവിതത്തിന് കാവല്‍ നിര്‍ത്തണമേ. മുഖ്യദൂതരായ വിശുദ്ധ മിഖായേലേ, റപ്പായേലേ, ഗബ്രിയേലേ ഞങ്ങളുടെ വിവാഹജീവിതത്തിന്റെ ഭദ്രതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ഈശോയേ അങ്ങയുടെ തിരുരക്തത്താല്‍ ഞങ്ങളുടെ കുടുംബജീവിതങ്ങളെ വിശുദ്ധീകരിക്കണമേ. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ നാഥരായ വിശുദ്ധ യൗസേപ്പേ, പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെ വിവാഹജീവിതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.