സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആദ്യത്തെ ഇറ്റാലിയന്‍ യുദ്ധം ആരംഭിച്ചത് 1849 ല്‍ആയിരുന്നു. ഈ സമയം പിയൂസ് ഒമ്പതാമന് ഗയേഷ്യയിലേക്ക് പ്രവാസിയായി പോകേണ്ടിവന്നു. ഫാദേഴ്‌സ്ഓഫ് ദ മോസ്റ്റ് പ്രഷ്യസ് ബ്ലഡിന്റെ മൂന്നാമത്തെ സുപ്പീരിയര്‍ ജനറലായ ഡോണ്‍ ജിയോവാനിയും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. യുദ്ധം മുറുകിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ജിയോവാനി പാപ്പായോട് ഒരു കാര്യം നിര്‍ദ്ദേശിച്ചു. റോമില്‍ സമാധാനം പുലരാനും യുദ്ധം അവസാനിക്കാനുമായി ദൈവത്തിന്റെ സഹായം ചോദിച്ചുകൊണ്ട് ആഗോളസഭയില്‍ ഈശോയുടെ തിരുരക്തത്തിന്റെ തിരുനാള്‍ ആചരിക്കാന്‍ തുടക്കമിടുക. ഇതനുസരിച്ച് 1849 ജൂണ്‍ 30 ന് ഈശോയുടെ അമൂല്യമായ തിരുരക്തത്തോടുള്ള ആദരവിന്റെ സൂചകമായി ഒരു സ്‌റ്റേറ്റ്‌മെന്റ് പുറത്തിറക്കി. വളരെ പെട്ടെന്ന് തന്നെ യുദ്ധം അവസാനിക്കുകയും പാപ്പറോമിലേക്ക് മടങ്ങുകയും ചെയ്തു. ജൂലൈയിലെ ആദ്യ ഞായറാഴ്ചയായിരിക്കും ഈശോയുടെ അമൂല്യമായ തിരുരക്തത്തിന് സമര്‍പ്പിക്കപ്പെട്ട ദിവസമെന്ന് ഔദ്യോഗികമായി അദ്ദേഹം അറിയിക്കുകയും ചെയ്തു. പിന്നീട് ജൂലൈ ഒന്നാം തീയതിയായി ഈ തിരുനാള്‍ നിജപ്പെടുത്തുകയാണ് ഉണ്ടായത്.എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം തിരുനാള്‍ തീയതി കലണ്ടറില്‍ നിന്ന് നീക്കം ചെയ്തു. എങ്കിലും ജൂലൈ മാസം മുഴുവനും അമൂല്യമായ തിരുരക്തത്തോടുള്ള വണക്കത്തിനായി നീക്കിവയ്ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. അതുകൊണ്ട് ഈ മാസം മുഴുവന്‍ നമുക്ക് ഈശോയുടെ അമൂല്യമായ തിരുരക്തത്തോടു പ്രത്യേകമായി വണക്കമുള്ളവരായി മാറാം.