പ്രെസ്റ്റൻ: യുകെയിൽ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ പ്രെസ്റ്റണിലെ സണ്ണി ജോണിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. പരേതന്റെ വേർപാടിൽ വേദനിക്കുന്ന ജീവിതപങ്കാളി എൽസിയുടെയും മക്കളായ നെൽസൺ, നിക്‌സൺ, മരുമകളായി റിയോ ജോസഫ് എന്നിവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന സണ്ണി ചേട്ടൻ കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സായിലായിരുന്നു. രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. രോഗം വഷളായതിനെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് അന്ത്യം സംഭവിക്കുകയായിരുന്നു. എറണാകുളം ജില്ലയിൽ കോലഞ്ചേരി രാമമംഗലം സ്വദേശിയായ പരേതൻ കൂത്താട്ടുകുളം ചെറിയമ്മാക്കിൽ കുടുംബാംഗമാണ്.
നിത്യതയിലേക്ക് ചേർക്കപ്പെട്ട പരേതന്റെ കുടുംബത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി തന്റെ അനുശോചന സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
ഫാ. ടോമി എടാട്ട്
പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത