വൈദികന്റെ കൊലപാതകം, സിബിഐ അന്വേഷണം ആവശ്യം

മാംഗ്ലൂര്‍: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മഹേഷ് ഡിസൂസയുടെ മരണം കൊലപാതകമാണെന്നും കുറ്റവാളികളെ കണ്ടെത്താനും നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും അന്വേഷണം സിബി ഐക്ക് കൈമാറണമെന്നും മാസ് ഇന്ത്യ എന്‍ജിഒ മഹിതി സേവ സമിതി ഉഡുപ്പി ഡിസ്ട്രിക്ട് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇന്നലെ വിളിച്ചുചേര്‍ത്ത പ്രസ് മീറ്റിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്.

ഞങ്ങള്‍ക്കാവശ്യം നീതിയാണ്. നീതിപൂര്‍വ്വമായ കാര്യങ്ങളിലൂടെ തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നീതി മേടിച്ചുകൊടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സ്റ്റേറ്റ് പ്രസിഡന്റും നാഷനല്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി മെംബറുമായ ജിഎ കോട്ടെയാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഷിര്‍വായിലെ ഡോണ്‍ ബോസ്‌ക്കോ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പലും അസിസ്റ്റന്റ് വികാരിയുമായിരുന്ന ഫാ. മഹേഷ് ഡിസൂസയെ ഒക്ടോബര്‍ 11 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 15 ന് അദ്ദേഹത്തിന്റെ സംസ്‌കാരം ആരോഗ്യമാതാ ദേവാലയത്തില്‍ നടത്തുകയും ചെയ്തു.

എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് നേരെ ചില വധഭീഷണികള്‍ ഉണ്ടായിരുന്നുവെന്നുമാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള ചില വീഡിയോ ദൃശ്യങ്ങള്‍ അച്ചന്‍ മരിക്കുന്നതിന്റെ തലേരാത്രിയില്‍ നിന്ന് കണ്ടുകിട്ടുകയും ചെയ്തിട്ടുണ്ട്.

അച്ചന്റെ മരണം സംശയാസ്പദമാണെന്ന രീതിയില്‍ കണ്ടതോടെ ഇടവകവിശ്വാസികളുടെ നേതൃത്വത്തില്‍ സമാധാനപൂര്‍വ്വമായ പ്രതിഷേധപരിപാടികള്‍ ആരംഭിച്ചിരുന്നു. അതിനെ അനുകൂലിച്ചുകൊണ്ട് ഇതരമതസ്ഥരും എത്തിയതോടെയാണ് ഈ സമരത്തിന് പൊതുജനമുഖം കൈവരിക്കാനായത്.

സിബിഐക്ക് വിടുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നും തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പത്രസമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.