ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക പ്രാർത്ഥനകൾ


വിമലഹൃദയപ്രതിഷ്ഠാ ഒരുക്കപ്രാർത്ഥനകളിൽ ആദ്യഭാഗം (1 മുതൽ 7 വരെ ) ലോകാരൂപിയിൽ നിന്നുള്ള നമ്മുടെ സ്വയംവിശുദ്ധീകരണത്തിനും, പ്രതിഷ്ഠാ ഒരുക്കത്തിനായി പ്രാർത്ഥിച്ചൊരുങ്ങുന്നതിനും വേണ്ടിയുള്ള പ്രത്യേകപ്രാർത്ഥനകളാണ്.. തുടർന്നുള്ള 3 പ്രാർത്ഥനകളാണ് ( 8,9,10) പ്രതിഷ്ഠാ ഒരുക്കത്തിന് നിർബന്ധമായും പ്രാർത്ഥിക്കേണ്ടത്

വിശുദ്ധ കുരിശിന്റ അടയാളം. വിശുദ്ധ കുരിശിന്റെ അടയാളത്താലെ➕ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും➕ഞങ്ങളെ രക്ഷിക്ക ഞങ്ങളുടെ തമ്പുരാനെ,➕പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.

1️⃣ മരിയൻ പ്രാർത്ഥന

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധമറിയമെ , പാപികളുടെ സങ്കേതമേ ഞങ്ങളിതാ അങ്ങേ സങ്കേതത്തിൽ അഭയത്തിനായി ഓടിയണയുന്നു പാപികളായ ഞങ്ങളുടേമേൽ അലിവായിരുന്ന് അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ.
2️⃣ കരുണയുടെ സുകൃതജപം

ഈശോയുടെ തിരുവിലാവിൽനിന്നും ഞങ്ങൾക്ക് കാരുണ്യശ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ( 3 പ്രാവശ്യം )

3️⃣ മനസ്താപ പ്രകരണം

എന്റെ ദൈവമേ / ഏറ്റം നല്ലവനും/ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ/ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാൽ/ പൂർണ്ണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു/ അങ്ങയെ ഞാൻ സ്നേഹിക്കുന്നു/ എന്റെ പാപങ്ങളാൽ/ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും / സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അർഹനായി (അർഹയായി) ത്തീർന്നതിനാലും/ ഞാൻ ഖേദിക്കുന്നു/ അങ്ങയുടെ പ്രസാദവരസഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും/ മേലിൽ പാപം ചെയ്യുകയില്ലെന്നും ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു
പാപം ചെയ്യുക എന്നതിനേക്കാൾ
മരിക്കാനും ഞാൻ
സന്നദ്ധനാ(യാ)യിരിക്കുന്നു.

4️⃣ ക്രിസ്താനുകരണ ജപം
( 11 -ാം ക്ളെമന്റ് മാർപാപ്പ രചിച്ചതും സ്വർഗ്ഗത്തിന് ഏറ്റം പ്രീതികരവുമായ അനുദിനപ്രാർത്ഥന )

കർത്താവേ , ഞാൻ വിശ്വസിക്കുന്നു ; എന്റെ വിശ്വാസം . വർദ്ധിപ്പിക്കണമേ . ഞാൻ ശരണപ്പെടുന്നു ; ദൃഢതരമായി ഞാൻ ശരണപ്പെടട്ടെ . ഞാൻ അങ്ങയെ സ്നേഹിക്കുന്നു ; കൂടുതൽ തീക്ഷ്ണതയോടെ ഞാൻ അങ്ങയെ സ്നേഹിക്കട്ടെ . ഞാൻ അനുതപിക്കുന്നു ; കൂടുതലായി ഞാൻ അനു തപിക്കട്ടെ . എന്റെ സൃഷ്ടാവായി അങ്ങയെ ഞാൻ ആരാധിക്കുന്നു ; എന്റെ അന്ത്യമായി ഞാൻ അങ്ങയെ കാത്തിരിക്കുന്നു ; നിത്യോപകാരിയായി അങ്ങയെ ഞാൻ സ്തുതിക്കുന്നു . എന്റെ പരമരക്ഷകനായി അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു .അങ്ങയുടെ വിജ്ഞാനത്തിൽ എന്നെ നയിക്കണമേ . അങ്ങയുടെ നീതി എന്നെ നിയന്ത്രിക്കട്ടെ ; അങ്ങയുടെ കാരുണ്യം എന്നെ സുഖപ്പെടുത്തട്ടെ ; അങ്ങയുടെ ശക്തി എന്നെ രക്ഷിക്കട്ടെ . അങ്ങയെപ്പററി വിചാരിക്കുന്നതിന് എന്റെ ചിന്തകളേയും അങ്ങയെപ്പററി സംസാരിക്കുന്നതിന് എന്റെ വാക്കുകളേയും അങ്ങയുടെ പരിശുദ്ധ ഇഷ്ടം പോലെയാകുന്നതിന് എന്റെ പ്രവൃത്തികളേയും അങ്ങയുടെ കൂടുതൽ മഹത്വത്തിന് എന്റെ സഹനങ്ങളേയും ഞാൻ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു . അങ്ങ് ആഗ്രഹിക്കുന്നതുതന്നെ , അങ്ങ് ആഗ്രഹിക്കു ന്നതുപോലെ , അങ്ങ് ആഗ്രഹിക്കുന്നതുവരെ ഞാനാഗ്രഹിക്കുന്നു . എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കാനും എന്റെ മനസ്സിനെ ശക്തിപ്പെടുത്താനും എന്റെ ശരീരത്തെ പവിത്രീകരിക്കാനും എന്റെ ആത്മാവിനെ വിശുദ്ധീകരിക്കാനും ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു .കഴിഞ്ഞ കാലത്തെ പാപങ്ങളോർത്തു ഞാൻ കരയട്ടെ ; ഭാവി പ്രലോഭനങ്ങൾ തള്ളിക്കളയട്ടെ ; എന്റെ തിന്മയിലേയ്ക്കുള്ള ചാച്ചിലുകളെ ഞാൻ തിരുത്തട്ടെ ; പരിശുദ്ധമായ പുണ്യങ്ങൾ അഭ്യസിക്കട്ടെ . എന്റെ ദൈവമേ , അങ്ങയോടുള്ള സ്നേഹം എനിക്കു തരിക ; എന്നെ വെറുക്കാനും അയൽക്കാരെപ്രതി തീക്ഷ് ണത പ്രദർശിപ്പിക്കാനും ലോകത്തെ നിന്ദിക്കാനും എനിക്കു കൃപചെയ്യണമേ . ഞാൻ സദാ തലവന്മാരെ അനുസരിക്കാനും കീഴുള്ള വരെ സഹായിക്കാനും എന്റെ സ്നേഹിതന്മാരോട് വിശ്വസ്തത കാണിക്കാനും എന്റെ ശത്രുക്കളോടു ക്ഷമിക്കാനും ഇടവരട്ടെ . ആഹ്ലാദ തൃഷ്ണയെ പ്രായശ്ചിത്തം കൊണ്ടും അത്യാഗ്രഹത്തെ ഔദാര്യം കൊണ്ടും കോപത്തെ ശാന്തതകൊണ്ടും മന്ദതയെ തീക്ഷ്ണത കൊണ്ടും ഞാൻ കീഴ്പ്പെടുത്തട്ടെ . എന്റെ ആസുത്രണങ്ങളിൽ വിവേകവും ആപത്തുകളിൽ സ്ഥിരതയും അനർത്ഥങ്ങളിൽ ക്ഷമയും ഐശ്വര്യങ്ങളിൽ വിനയവും എനിക്കു തരിക . കർത്താവേ , പ്രാർത്ഥനയിൽ ശ്രദ്ധയും ഭക്ഷണത്തിൽ മിതത്വവും കൃത്യനിർവ്വഹണത്തിൽ ഉത്സാഹവും പ്രതിജ്ഞകളിൽ ദാർഢ്യവും എനിക്കു നൽകുക . എന്റെ പ്രകൃതിയെ നിയന്ത്രിക്കുന്നതിലും വരപ്രസാദം നേടാൻ വേണ്ടി യത്നിക്കുന്നതിലും ദൈവകല്പനകൾ അനുസരിക്കുന്നതിലും നിത്യരക്ഷയ്ക്കുവേണ്ടി കഷ്ടപ്പെടുന്നതിലും ഞാൻ ജാഗ്രത പ്രകാശിപ്പിക്കുമാറാകട്ടെ . കർത്താവേ , ഈ ലോകത്തിന്റെ നിസ്സാരത്വവും ദിവ്യവരങ്ങളുടെ മഹത്വവും സമയത്തിന്റെ ഹ്രസ്വതയും നിത്യത്വത്തിന്റെ ദൈർഘ്യവും എന്നെ പഠിപ്പിക്കണമേ . ഞാൻ എന്നും മരണത്തിന് ഒരുങ്ങിയിരിക്കുവാനും വിധിയെ ഭയപ്പെടാനും നരകത്തെ ഒഴിഞ്ഞുമാറാനും സ്വർഗ്ഗത്തിന് അർഹമായിത്തീരാനും എനിക്ക് കൃപചെയ്യണമേ . ആമ്മേൻ .

5️⃣ വിമലഹൃദയ പ്രതിഷ്ഠാജപം ( ജ്ഞാനസ്നാനവ്രതം നവീകരിച്ചു കൊണ്ടുള്ള അനുദിനപ്രതിഷ്ഠാജപം )

ദൈവമാതാവും അമലോൽഭവയുമായ പരിശുദ്ധ കന്യകാമറിയമേ, ദൈവത്തിന്റെയും സകലസ്വർഗ്ഗവാസികളുടെയുംസാന്നിധ്യത്തിൽ ഞാൻ അങ്ങയെ എൻറെ മാതാവുംരാജ്ഞിയുമായിപ്രഖ്യാപിക്കുന്നു.പിശാചിനെയും അവൻറെ എല്ലാപ്രവൃർത്തികളെയുംആഘോഷങ്ങളെയുംപരിത്യജിച്ചു കൊണ്ട് അങ്ങേ വിമലഹൃദയത്തിന് ഞാൻഎന്നെത്തന്നെപ്രതിഷ്ഠിക്കുന്നു. എൻറെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു എൻറെ എല്ലാ സൽപ്രവൃത്തികളും പരിഹാരപ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യബലിയുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻകാഴ്ചവയ്ക്കുന്നു.കാലത്തിലും നിത്യതയിലും ദൈവമഹത്വത്തിനുംആത്മാക്കളുടെ രക്ഷയ്ക്കുമായി അങ്ങേ ഹിതാനുസരണംഅവവിനിയോഗിച്ചു കൊള്ളണമേ.
ആമ്മേൻ.

പരിശുദ്ധമറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ.

വിശുദ്ധ യൗസേപ്പിൻ്റെ നിർമ്മല ഹൃദയമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

യേശുവിന്റെ തിരുഹൃദയമേ,
ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ.

യേശുവിൻറെ അമൂല്യരക്തമേ
ഞങ്ങൾക്ക് സംരക്ഷണമേകണമേ.

6️⃣ വി.ജത്രൂദിൻ്റെ പ്രാർത്ഥന (ശുദ്ധീ കരണാത്മാക്കളുടെ മോചനത്തിനും പാപികളുടെ മാനസാന്തരത്തിനും വേണ്ടിയുള്ള പ്രാർത്ഥന

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായയേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

✝1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

7️⃣ വി.മിഖായേലിൻ്റെ ജപം

മുഖ്യദൂതനായ വി.മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ , ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമേ. അങ്ങയെ ആണല്ലോ തിരുസ്സഭ, അവളുടെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവു രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ നിയുക്തനായിരിക്കുന്ന തും അങ്ങു തന്നെയാണല്ലോ.
ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോടു പ്രാർത്ഥിക്കണമേ. അവൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ, തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ മേലിലൊരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.
ആമ്മേൻ

വി.ലൂയിസ് ഡി മോൺഫോർട്ട് നിർദ്ദേശിച്ചിട്ടുള്ള പ്രത്യേകപ്രാർത്ഥനകൾ

8. പാവനാത്മാവേ, വരിക ( Veni Creator – പരിശുദ്ധാത്മകീർത്തനം )

പാവനാത്മാവേ, വരികവേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമ്മിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം.
ആശ്വാസദായകാ പാവനാത്മാ
ദൈവികദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻ ലേപനവും
സപ്തവരങ്ങളുമേകുവോനേ
നിത്യപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ മന്നിൽ പ്രസംഗവരപ്രദനും
ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻദിവ്യശക്തിയാൽ മാനവർതൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം.
ശത്രുവെ ദൂരെയകറ്റിയങ്ങേ
ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്കു മാർഗ്ഗനിർദ്ദേശം നൽകി
തിൻമകളാകെയകറ്റേണമേ.
താതനെയും ദിവ്യപുത്രനെയും
പാവനാരൂപിയാമങ്ങയേയും
നിന്നാലേ ഞങ്ങളറിഞ്ഞുനേരിൽ
വിശ്വസിച്ചിടാമനവരതം.
ദൈവപിതാവിനും മൃത്യുവിൽ നി-
ന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ
സ്തോത്രം സ്തുതിയും സദാപി
ആമ്മേൻ.

9. പ്രഭയോലും സമുദ്രതാരമേ സ്വസ്തി (വി. ബൊനവെഞ്ചർ രചിച്ച വിശ്വ പ്രസിദ്ധ മരിയൻ കീർത്തനം )

പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദേവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.
ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.
അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.
ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.
സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ.
കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ.
അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവേ, പുത്രാ, റൂഹായേ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ.

10. പരിശുദ്ധമറിയത്തിന്റെ സ്തോത്രഗീതം
(വി.ലൂക്കാ 1: 46-55 നാളിതു വരെയും സ്വർഗ്ഗം ശ്രവിച്ചിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ സ്തുതികീർത്തനം)

മറിയം പറഞ്ഞു:
എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്‌ധമാണ്‌.
അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.
അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;
എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.

പ്രതിഷ്ഠാ നവീകരണ സുകൃതജപം ( ഹൃദ്ദിസ്ഥമാക്കിക്കൊണ്ട് എല്ലായ്പ്പോഴും ചൊല്ലേണ്ടത് )

അമ്മേ മാതാവേ, ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അമ്മയുടേതാണ്. ഈശോയെ ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്

✝️MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.