ശുദ്ധീകരണസ്ഥലത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?

മരണത്തിന് ശേഷം ആത്മാക്കളെ ശുദ്ധീകരിച്ചെടുക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലമെന്നാണ് സഭയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്ത ആത്മാക്കള്‍ നിത്യരക്ഷയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശുദ്ധീകരണത്തിനായി വിധേയമാക്കപ്പെടുന്ന സ്ഥലമാണ് ഇത്.

സ്വര്‍ഗ്ഗത്തിലേക്ക് നമുക്ക് പ്രവേശിക്കുന്നതിന് പരിപൂര്‍ണ്ണമായ വിശുദ്ധിയും ശുദ്ധതയും ഉണ്ടായിരിക്കണം. ഈ ശുദ്ധതയ്ക്ക് തടസ്സമായി നില്ക്കുന്ന പല കാരണങ്ങളെയും മരണത്തിന് മുമ്പായി നമുക്ക് മോചിപ്പിച്ചെടുക്കാന്‍ കഴിഞ്ഞെന്നും വരില്ല. അപ്പോള്‍ പരിപൂര്‍ണ്ണനും നന്മ മാത്രം ഉള്ളവനുമായ ദൈവത്തിന്റെ അടുക്കലേക്ക് ചെല്ലുന്നതിന് നമ്മുക്ക് പരിശുദ്ധി ഉണ്ടായിരിക്കണം, നമ്മുടെ മനസ്സ് വിശുദ്ധമായിരിക്കണം.

കാലില്‍ പതിഞ്ഞ ചെളി കഴുകിക്കളഞ്ഞതിന് ശേഷം മാത്രമാണല്ലോ നാം വീടിനകത്തേക്ക് പ്രവേശിക്കുന്നത്. അതുപോലെ നമ്മുടെ ജീവിതം കൊണ്ട് ആത്മാവില്‍ പതിഞ്ഞ പാപമാലിന്യങ്ങളെ കഴുകിയെടുത്താല്‍ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.

സ്വര്‍ഗ്ഗപ്രവേശനത്തിന് മുമ്പുള്ള പരിപൂര്‍ണ്ണമായ ശുദ്ധീകരണപ്രക്രിയയുടെ പേരാണ് ശുദ്ധീകരണസ്ഥലം. അതുകൊണ്ട് ശുദ്ധീകരണസ്ഥലം എന്ന് കേള്‍ക്കുമ്പോള്‍ നാം അതിനെ വളരെ നിഷേധാത്മകമായി സ്വീകരിക്കരുത്.

തീര്‍ച്ചയായും ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഇത്രയും കാര്യങ്ങളെങ്കിലും നാം അറിഞ്ഞിരിക്കണം.

1 ശുദ്ധീകരണസ്ഥലത്തുള്ള ഒരാളുടെ ജീവിതം ഒരിക്കലും സ്ഥിരമല്ല, അത് താല്ക്കാലികം മാത്രമാണ്

.2 നരകത്തില്‍ നിന്ന് തുലോം വ്യത്യസ്തമാണ് ശുദ്ധീകരണസ്ഥലം.

3 ക്ഷന്തവ്യമായ പാപത്തോടെ മരണമടഞ്ഞവരുടെ ശുദ്ധീകരണത്തിനുള്ള സ്ഥലമാണിത്.

അതുകൊണ്ട് ശുദ്ധീകരണസ്ഥലം എന്ന് കേള്‍ക്കുമ്പോള്‍ നാം പേടിക്കുകയോ വെറുക്കുകയോ ചെയ്യേണ്ടതില്ല. ദൈവത്തെ കാണുന്നതിനു മുമ്പുള്ള ചെറിയൊരു ഇടവേള മാത്രമാണത്. ജീവിച്ചിരിക്കുന്ന വരുടെ പ്രാര്‍ത്ഥനകള്‍ ശുദ്ധീകരണസ്ഥലത്തിലെ കാലതാമസം കുറയ്ക്കുകയും ചെയ്യും എന്ന കാര്യവും നാം മറക്കരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.