കത്തോലിക്കാ സ്‌കൂളുകളില്‍ എല്ലാ വിദ്യാര്‍ത്ഥികളും ബൈബിള്‍ കൊണ്ടുവരണമെന്ന വാര്‍ത്ത നിഷേധിച്ച് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ചില കത്തോലിക്കാ സ്‌കൂളുകളിലെ എല്ലാ കുട്ടികളും ക്ലാസില്‍ ബൈബിള്‍ കൊണ്ടുവരണമെന്ന എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ.

ഏപ്രില്‍ 25 നാണ് ഹിന്ദുജനജാഗ്രതി സമിതിയെ ഉദ്ധരിച്ച് എന്‍ഡിറ്റിവി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ക്ലെയറന്‍സ് ഹൈസ്‌ക്കൂളിനെതിരെയായിരുന്നു ആരോപണം. എല്ലാ കുട്ടികളും സ്വമേധയാ ബൈബിള്‍ കൊണ്ടുവരണം എന്നായിരുന്നു വാര്‍ത്ത.

ജാഗ്രതസമിതി വക്താവ് മോഹന്‍ ഗൗഡയുടെവാക്കുകള്‍ ഇപ്രകാരമാണ്. അക്രൈസ്തവരായ കുട്ടികള്‍ എല്ലാ ദിവസവും നിര്‍ബന്ധമായും ബൈബിള്‍ ക്ലാസില്‍ കൊണ്ടുവരികയും വായിക്കുകയും ചെയ്യണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25,30 ന് വിരുദ്ധമാണ്.

എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്ത അസംബന്ധവും തെറ്റിദ്ധാരണജനകവും വഴിതെറ്റിക്കുന്നതുമാണെന്ന് ആര്‍ച്ച് ബിഷപ് പ്രതികരിച്ചു. സ്കൂള്‍ മണിക്കൂറുകള്‍ക്ക് വെളിയില്‍ ബൈബിള്‍ ക്ലാസുകള്‍ സ്‌കൂള്‍ അധികൃതര്‍ നടത്തുന്നുണ്ടെന്നും അത് മാനേജ്‌മെന്റിന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് സ്‌കൂളിന്. ഇതുവരെയും സ്‌കൂളിനെതിരെ ഇത്തരത്തിലുള്ള മതപരിവര്‍ത്തന ആരോപണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യകതമാക്കി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഭഗവദ് ഗീതയുള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ പാഠപുസ്തകത്തിന്റെ ഭാഗമാക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനത്തിലേക്കും ആര്‍ച്ച് ബിഷപ് ശ്രദ്ധ ക്ഷണിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.