ഉത്ഥിതാ നിന്റെ മൊഴികൾ കേൾക്കാൻ…


കത്തോലിക്കാ സഭയുടെ അടിസ്ഥാനം എന്നു പറയുന്നത് യേശുവിന്റെ ഉത്ഥാനമാണ്. ഏറ്റവും വലിയ വിശ്വാസാഘോഷം നടത്തപ്പെടേണ്ടതും  ഈശോ മരണം കഴിഞ്ഞ് ജീവനിലേക്ക് തിരികെയെത്തിയ, മരണത്തിനപ്പുറം ജീവിതം ഉണ്ടെന്ന് പഠിപ്പിച്ച, മരണം ഒന്നിന്റെയും അവസാനമല്ല എന്ന് ഓർമ്മിപ്പിച്ച ഈ ഉത്ഥാനത്തെ അടിസ്ഥാനമാക്കിയാണ്. 

വിശ്വാസികൾ ആണ്ടുതോറും നടത്തുന്ന ഒരു ആഘോഷം എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകത ഈശോയുടെ ഉത്ഥാനം എന്റെ വിശ്വാസ ജീവിതത്തിലും അതിനോട് ചേർന്ന് രൂപപ്പെടുത്തിയ ആത്മീയ ജീവിതത്തിലും നൽകുന്നുണ്ടോ..? ഞാൻ എന്നോട് ചോദിക്കുന്ന ഈ ചോദ്യങ്ങൾ നേരിട്ട് ചോദിക്കുവാൻ സ്വാതന്ത്ര്യമുള്ള കുറച്ചധികം പേരോട് ചോദിച്ചു നോക്കിയിട്ടുണ്ട്. അവരിൽ ഭൂരിപക്ഷംപേരും തന്ന മറുപടി, പ്രത്യേകിച്ച് ഒന്നുമില്ല എന്നാണ്. ആണ്ടുവട്ടത്തിൽ വിശ്വാസികൾ നടത്തുന്ന മതപരമായ കുറേ കാര്യങ്ങൾ, അത്രമാത്രം.. ഇതെന്നെ ശരിക്കും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. 

എന്തുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഉത്തരം അവർ തന്നത്? ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം. (1 കോറി. 15:14) എന്നാണല്ലോ വിശൂദ്ധ പൗലോസ് കോറിന്തോസുകാരോട് പറഞ്ഞത്.

എത്രയോ പ്രാവശ്യം ഞാൻ ഈ വചനം വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ട്. അപ്പോഴും ഈശോയുടെ ഉത്ഥാനം എനിക്ക് വ്യക്തിപരമായ അനുഭവമോ എന്റെ വിശ്വാസ ജീവിതത്തിന് അടിത്തറയോ ആകാതെ പോകുന്നതിന്റെ കാരണമെന്താണ്? ഈ ചോദ്യങ്ങൾക്കൊന്നിനും ഒരേ ഉത്തരമായിരിക്കില്ല നമ്മുടെ പക്കലുള്ളത്. എങ്കിലും കാരണങ്ങൾ തേടുന്നത് നല്ലതെന്നാണ് എന്റെ അഭിപ്രായം.

നെറ്റിയിൽ ചാരം പൂശി, മനുഷ്യനായ ഞാൻ മണ്ണാണ് എന്നോർമിപ്പിച്ചാണ് നമ്മൾ വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിനായി ഒരുങ്ങിയത്. അന്നുമുതൽ ഈശോയുടെ ജീവിതത്തെ മറ്റേതൊരു നാളുകളേക്കാളുമധികം ധ്യാനിക്കുവാൻ സമയം കണ്ടെത്തിയവരുമാണ്. നോമ്പ് നോക്കി, കുരിശിന്റെ വഴി പ്രാർത്ഥനകൾ ചൊല്ലി, കൂടുതൽ പരിത്യാഗ പ്രവർത്തികൾ അനുഷ്ഠിച്ച് കർത്താവിനെ അനുഗമിച്ച നാളുകൾ. ഓശാാന ഞായറിന്റെ ആഹ്ളാദവും ആഘോഷവും പെസഹാ ദിനത്തിലെ പകുത്തേകലും പീഡാനുഭവെള്ളിയിലെ ആത്മസമർപ്പണവും എത്രയോ ഭക്തിയോടെയാണ് നമ്മൾ അനുസ്മരിച്ചത്.

മറ്റൊരു വാക്കിൽ പറഞ്ഞാൽ ലോക രക്ഷകനായി മണ്ണിൽ അവതരിച്ച ഈശോയോടൊപ്പം ഒരു വിശുദ്ധ യാത്ര നടത്തുകയായിരുന്നു നമ്മൾ. ഈ വിശുദ്ധ യാത്ര ഈശോയുടെ ഉത്ഥാനത്തോടുകൂടി പൂർണമാവുകയാണ്. ഈ യാത്ര പൂർത്തിയാകുമ്പോൾ എന്താണ് ശരിക്കും ഞാൻ എന്റെ ഹൃദയത്തിൽ അനുഭവിച്ചത് എന്ന ആത്മശോധന നടത്തുന്നത് എന്തുകൊണ്ടും ഉചിതമെന്ന് ഞാൻ കരുതുന്നു.

കാരണം ഇത്തരം ആത്മശോധനകൾ ഇനിയും മുൻപോട്ടുള്ള എൻറെ വിശ്വാസ ജീവിതത്തിന് സഹായകമാകും എന്ന ബോധ്യംതന്നെ. പരമ്പരാഗതമായി ക്രൈസ്തവ വിശ്വാസത്തോട് ചേർത്ത് കൈമാറിവന്നതും ഞാൻ ശീലിച്ചുപോന്നതുമായ കാര്യങ്ങൾ ഒരിക്കൽ കൂടി ഞാൻ ആവർത്തിച്ചു എന്നതിൽ കവിഞ്ഞ് മറ്റെന്തായിരുന്നു എനിക്ക് ഈ വേളയിൽ സ്വന്തമാക്കാനായത്.

ജറൂസലേമിലേക്കുള്ള യാത്രയുടെ അവസാനം തനിക്ക് ലഭിക്കാൻ പോകുന്നത് പീഡകളും വേദനയും തിരസ്കരണവും, ഒറ്റുകൊടുക്കപ്പെടുന്നതും തള്ളിപ്പറയപ്പെടുന്നതുമാണെന്ന് ഈശോ അറിഞ്ഞിരുന്നു. എന്നിട്ടും ഈശോ ഈ യാത്ര പൂർത്തിയാക്കി.
ഈശോ തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതിന് മുൻപായി ജോർദാൻ നദിയിൽ സ്നാപകന്റെ പക്കൽ നിന്നും സ്നാനം സ്വീകരിക്കുന്നതും, സ്വർഗം തുറക്കപ്പെടുന്നതും ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന വാക്കുകളും (മത്തായി 3:17) അതിന് ശേഷം, പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു (മത്തായി 4:1) എന്നതും നാം വായിക്കുന്നുണ്ട്.

ഈശോയുടെ മണ്ണിലെ ജീവിതം മുഴുവൻ അന്നോളമുള്ള യഹൂദ പാരമ്പര്യങ്ങളെ മാത്രം നോക്കിയല്ലായിരുന്നു. അവൻ എപ്പോഴും തന്റെ പിതാവിന്റെ മനസറിഞ്ഞാണ് ഓരോ കാര്യങ്ങളും ചെയ്തത് എന്നത് ഏറെ ധ്യാനിക്കേണ്ട സത്യമാണ്.

പിതാവായ ദൈവത്തിന്റെ മനമറിഞ്ഞ് ജീവിച്ച ഈശോയെ ഹൃദയംകൊണ്ടറിയാതെ അധരംകൊണ്ട് മാത്രം എന്റെ വിശ്വാസ ജീവിതത്തിൽ അറിയുന്ന തരത്തിലൊക്കെയാകാം ഞാൻ ജീവിക്കുന്നത്. അവന്റെ ഉത്ഥാനം എന്റെ ജീവിതത്തിൽ അനുഭവമാകാതെപോകാൻ ഇതും കാരണമാകാം. മിഴികളടച്ച് ഞാൻ എന്നിലേക്ക് നോക്കുമ്പോൾ അവന്റെ മൊഴികൾ എന്റെ ഹൃദയത്തിൽ ചലനം സൃഷ്ടിക്കാൻ തക്കവിധം എന്നെ ഒരുക്കിയിട്ടില്ലായെന്നും അതുപോലെ ഇന്നോളം ഞാൻ എന്റെ കർത്താവിനെ ആത്മാർത്ഥമായി സ്വീകരിച്ചിട്ടുമില്ല എന്ന വസ്തുത വേദനയോടെയെങ്കിലും ഞാൻ തുറന്ന് സമ്മതിക്കുന്നു. 

നോമ്പ് വീടലാണ് മിക്കയിടങ്ങളിലും ഉത്ഥാനത്തിരുനാൾ എന്ന ഈ വലിയ തിരുനാളിലൂടെ ആഘോഷിക്കപ്പെടുന്നത്. ശരിക്കും നോമ്പ് വീടാതിരിക്കുമ്പോഴല്ലേ ഈശോയുടെ ഉത്ഥാനം കൂടുതൽ ആത്മീയ തേജസ് നൽകുക?. നോമ്പിന്റെ ദിങ്ങളിൽ ത്യാഗം സഹിച്ച് ജീവിതഭാഗമാക്കിയ ആത്മീയ ചര്യകൾ പിന്നീടുള്ള ദിനങ്ങളിലൂം തുടരുന്നതല്ലേ ശരിക്കും ഹീറോയിസം? എന്തെന്നാൽ നമ്മൾ വചനത്തിലൂടെ മനസിലാക്കുന്ന ഈശോയുടെ മണ്ണിലെ ജീവിതം നാളുകളുടേയും ആഘോഷങ്ങളുടേയും പ്രത്യേകത നോക്കിയായിരുന്നില്ല ക്രമീകരിച്ചിരുന്നത്. അവനെപ്പോഴും അറിയാൻ ശ്രമിച്ചിരുന്നത് അവന്റെ അബ്ബായുടെ ഹിതം മാത്രമായിരുന്നു. അതുമാത്രമായിരുന്നു അവന്റെ മുൻപിലെ ശരി. നോമ്പിന്റെ ഈ ദിനങ്ങളിലെ നമ്മുടെ യാത്രയും ഈശോയുടെ ഹിതം തിരിച്ചറിയാൻ വേണ്ടിയായിരുന്നു എന്നത് സത്യമാണെങ്കിൽ, ഞാൻ തിരിച്ചറിഞ്ഞതിന്റെ തുടർച്ചയിലേക് എന്റെ പാദങ്ങൾ എപ്പോഴും ചേർന്നുനിൽക്കും. അപ്പോൾ അവൻ മരണം കഴിഞ്ഞ് ജീവനിലേക്ക് തിരികെയെത്തിയത് എനിക്ക് ഏറ്റവും വലിയ പ്രത്യാശയുടെ അടയാളമാകും.

ഉത്ഥിതാ, എന്റെ രക്ഷകാ ഒരിക്കൽകൂടി നിന്നെ എന്റെ ഹൃദയത്തിൽ കേൾക്കാനും അനുഭവിക്കുവാനും ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. അങ്ങനെ എനിക്ക് നിന്നിലുള്ള വിശ്വാസവും, ഈ വിശ്വാസത്തോടെയുള്ള എന്റെ പ്രസംഗവും, പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കുന്ന ജീവിതവും എനിക്കുമുണ്ടാകട്ടെ. മിഴികളടച്ച് നിൻ മൊഴികൾ കേൾക്കാൻ എപ്പോഴും എനിക്ക് സാധ്യമാകട്ടെ, ഉത്ഥിതൻ അവന്റെ ഹൃദയത്തോട് എന്നും ചേർത്ത് പിടിക്കട്ടെ.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.