ജപമാലയുടെ സൗന്ദര്യം മെയ് മാസത്തില്‍ വീണ്ടും കണ്ടെത്തുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മെയ് മാസം മുഴുവന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജപമാലയ്ക്ക് ശേഷം രണ്ടു പ്രാര്‍ത്ഥനകള്‍ ചൊല്ലണമെന്നും പാപ്പ ആവശ്യപ്പെട്ടു. വ്യക്തിപരമായും കുടുംബപരമായും മെയ്മാസത്തില്‍ ജപമാല ചൊല്ലണം.

ജപമാല പ്രാര്‍ത്ഥനയുടെ സൗന്ദര്യം വീണ്ടും കണ്ടെത്തണം. പരിശുദ്ധ കന്യാമറിയത്തോടുള്ള വണക്കം വര്‍ദ്ധിപ്പിക്കാനുള്ള സമയമാണ് മെയ് മാസം. കോവിഡ് പകര്‍ച്ചവ്യാധി അവസാനിക്കാന്‍ വേണ്ടി മാതാവിന്റെ മാധ്യസ്ഥം തേടിയുള്ളതാണ് ജപമാലയ്ക്ക് അവസാനം ചൊല്ലേണ്ട രണ്ടുപ്രാര്‍ത്ഥനകള്‍.

പിതാവായ ദൈവത്തിന്റെ ഇഷ്ടത്തിന് കീഴ് വഴങ്ങാനും ഈശോ നമ്മോട് പറയുന്നതുപോലെ ചെയ്യാനും മാതാവിന്റെ സഹായം തേടിയുളളതാണ് ആദ്യത്തെ പ്രാര്‍ത്ഥന. രണ്ടാമത്തെ പ്രാര്‍ത്ഥനയില്‍ മാതാവിന്റെ ദയാപൂര്‍വ്വമായ കണ്ണുകള്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് നമ്മള്‍ ഓരോരുത്തരുടെയും മേല്‍ പതിയണമേ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ്.

പരീക്ഷണങ്ങളുടെ ഇക്കാലത്ത് ഈശോയുടെ തിരുമുഖം മാതാവിന്റെ ഹൃദയത്തോടുകൂടി ധ്യാനിക്കുകയാണെങ്കില്‍ ഇതിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു.വ്യക്തിപരമായോ കുടുംബപരമായോ ഏതാണോ കൂടുതല്‍ സൗകര്യപ്രദം അപ്രകാരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.