സാത്താന്റെ ഒരു തന്ത്രത്തിനും നമ്മെ പരാജയപ്പെടുത്താന്‍ കഴിയില്ല : ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കര്‍ത്താവിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന നിങ്ങളെ സാത്താന്‍ ആക്രമിക്കുമ്പോള്‍ നിങ്ങളെ പാതിവഴിയില്‍ ഇട്ടുകൊടുക്കുന്ന ഭീകരനും ഭീരുവുമാണോ ദൈവം? അങ്ങനെയൊരു ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഒരിക്കലും അങ്ങനെയല്ല.

ഒരു വ്യക്തിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ആ വ്യക്തിയെ രക്ഷിക്കാന്‍ ദൈവം നിങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കെട്ടപ്പെട്ടുകിടക്കുന്ന ഒരുജനതയ്ക്ക് വേണ്ടി വചനം പറയുന്ന എനിക്ക് അനുഭവപ്പെടുന്ന ശാരീരികാസ്വസ്ഥതകള്‍ ആ ജനം അനുഭവിക്കുന്ന പ്രയാസം എന്താണെന്ന് എന്നെ അറിയിക്കാന്‍ വേണ്ടി ദൈവം തരുന്നവയാണ്. ഒരു ശുശ്രൂഷയ്ക്ക് വേണ്ടി ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്കനുഭവപ്പെടുന്ന ശാരീരികബുദ്ധിമുട്ടുകള്‍ സാത്താന്‍ നിങ്ങളെ മാന്തുന്നതല്ല, മറിച്ച് രക്ഷാകരകത്യത്തില്‍ കര്‍ത്താവിനോടൊപ്പം ചേര്‍ന്നുനിന്ന് സഭയെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിളിയാണ്.

ശുശ്രൂഷയ്ക്ക് വേണ്ടി ഇറങ്ങിയിരിക്കുന്ന നിങ്ങള്‍ക്ക് സഹനം നേരിടേണ്ടിവരുമ്പോള്‍ അത് സാത്താന്റെ ആക്രമണമല്ല, രക്ഷാകരകൃത്യത്തില്‍ കര്‍ത്താവ് നമ്മെ കൂടുതല്‍ വിശ്വാസ്യയോഗ്യരായി കാണുന്നു എന്നതിന് തെളിവാണ് അവിടുന്ന് നല്കുന്ന സഹനങ്ങള്‍.

സാത്താനെ ദൈവം അന്ത്യവിധിയിലാണ് പൂര്‍ണ്ണമായും നശിപ്പിക്കുന്നത്. ടെസ്റ്റ് ഇടാന്‍ ടീച്ചറില്ലെങ്കില്‍ കുട്ടികള്‍ക്ക് പരീക്ഷയെഴുതി ജയിക്കാന്‍ കഴിയില്ല. അതുപോലെ പിശാചിനാല്‍ പരീക്ഷണം ഉണ്ടാകുന്നില്ലെങ്കില്‍ നമുക്ക് അവനെ പരാജയപ്പെടുത്തി വിജയിക്കാന്‍ കഴിയില്ല. നമ്മള്‍ പോരാടി വിജയിക്കാന്‍ വേണ്ടിയാണ് ദൈവം പിശാചിനെ നിലനിര്‍ത്തിയിരിക്കുന്നത്.

സാത്താന്റെ ഒരു തന്ത്രത്തിനും നമ്മെ പരാജയപ്പെടുത്താന്‍ കഴിയില്ല. പിശാചിനെ പരാജയപ്പെടുത്താന്‍ കഴിയും എന്നതിന്റെ തെളിവായിട്ടാണ് ദൈവം സാത്താനെ പരാജയപ്പെടുത്തുന്നത്. സാത്താനെ ദൈവം പരാജയപ്പെടുത്തുന്നത് സാത്താന്‍ കൊണ്ടുവരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.