കത്തോലിക്കാസ്‌കൂള്‍ പ്രിന്‍സിപ്പലിനും വൈദികനും കന്യാസ്ത്രീക്കുമെതിരെ ലൈംഗികപീഡനം ചുമത്തി അറസ്റ്റ്; ഗൂഢാലോചനയെന്ന് നാട്ടുകാര്‍

ഡിന്‍ഡോറി: മധ്യപ്രദേശിലെ ഡിന്‍ഡോറിലെ കത്തോലിക്കാ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ലൈംഗികാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തില്‍ ആരോപിതരായിരിക്കുന്ന വൈദികനും കന്യാസ്ത്രീക്കും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജബല്‍പ്പൂര്‍ കത്തോലിക്കാ രൂപത ആരോപിച്ചു. ദരിദ്രര്‍ക്ക് വിദ്യാഭ്യാസം നല്കിവരുന്ന ക്രൈസ്തവസ്ഥാപനത്തിന്റെ നാശം ആഗ്രഹിച്ചാണ് ഇ്ത്തരത്തിലുള്ള കേസ് കെട്ടിച്ചമച്ചിരിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യാദവ്,വൈദികന്‍,കന്യാസ്ത്രീ, അധ്യാപകന്‍ എന്നിങ്ങനെ നാലുപേര്‍ക്കെതിരെ മാര്‍ച്ച് നാലിനാണ് വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതിയെത്തിയത്. സ്‌കൂളിലെ എട്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ബാലാവകാശ സംഘത്തിനൊപ്പം സ്‌കൂളിലെത്തിയ പോലീസ് ഉടനടി തന്നെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഇതിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ പിന്നീട് പ്രിന്‍സിപ്പലിനെ വിട്ടയച്ചു. ആസൂത്രിതമായ ഗൂഢാലോചനയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും വാദം.

നാഷനല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് മാര്‍ച്ച് ഏഴിന് പ്രിന്‍സിപ്പലിനെ വീണ്ടും അറസ്റ്റ് ചെയ്തു. യാദവിനെ വിട്ടയച്ച പോലീസ് ഇന്‍സ്‌പെകടറെ സസ്‌പെന്റ് ചെയ്യുകയും ഇദ്ദേഹത്തെ പിന്തുണച്ച സുപ്രണ്ടന്റ് ഓഫ് പോലീസ് സഞ്ജയ് സിംങിനെ സ്ഥലം മാറ്റുകയും ചെയ്തു.

പ്രിന്‍സിപ്പലിനും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കേസ് ബിഷപ് ജറാള്‍ഡ് അല്‍മെയ്ദ നിഷേധിച്ചു. കഴിഞ്ഞ 80 വര്‍ഷമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രൂപത സ്‌കൂളും ഹോസ്റ്റലും നടത്തിവരികയാണ്.നിലവില്‍ 600 ലേറെ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കേസ് ആരോപിച്ച എട്ടു പെണ്‍കുട്ടികളും മാതാപിതാക്കളും ഒഴികെ എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും മാനേജ്‌മെന്റിന്റെ ഭാഗത്താണ്.

മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. 72 മില്യന്‍ ജനങ്ങളില്‍ 0.29 ശതമാനം മാത്രമാണ് ഇവിടെ ക്രൈസ്തവരുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.