എന്തുകൊണ്ട് എനിക്ക് രോഗം വന്നു? ഇങ്ങനെ സംശയിക്കുന്നവര്‍ക്ക് ഇതാ ചില ആത്മീയ ഉത്തരങ്ങള്‍

കോവിഡ് ബാധിച്ചു അല്ലെങ്കില്‍ കാന്‍സര്‍ പിടികൂടി. അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രോഗം വന്നു. അപ്പോഴൊക്കെ സ്വഭാവികമായും നാം നമ്മോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എനിക്കെന്തുകൊണ്ട് ഈ രോഗം വന്നു?

പ്രിയപ്പെട്ടവരുടെ രോഗവിവരം അറിയുമ്പോള്‍ നാം ചിലപ്പോള്‍ അവരോട് തന്നെ ചോദിച്ചെന്നുമിരിക്കും. നിനക്ക് എന്തുകൊണ്ട് ഈ രോഗം വന്നു? ഒരു പക്ഷേ നമ്മളോ അവരോ ആത്മീയമായി നല്ല രീതിയില്‍ ജീവിക്കുന്നവരായിരിക്കും. എന്നിട്ടും രോഗം പിടിപെടുമ്പോള്‍ അതിനെ ദൈവശിക്ഷയായി കരുതുന്നവര്‍ നമുക്കുചുറ്റിനും ധാരാളമുണ്ട്.

ദൈവം സര്‍വതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നാണ് ഇതേക്കുറിച്ചുള്ള ബൈബിള്‍ സാക്ഷ്യം. ജീവിതത്തില്‍ സംഭവിക്കുന്ന സകലതിനും ദൈവത്തിന്റെ പക്കല്‍ ഉത്തരങ്ങളും ന്യായീകരണങ്ങളുമുണ്ട്. സഹനങ്ങളെ ദൈവത്തിന്റെ സമ്മാനമായിട്ടാണ് വിശുദ്ധര്‍ കരുതിയിരുന്നത്.

ഓരോ സഹനങ്ങളും മനുഷ്യരെ ദൈവത്തിലേക്ക് കൂടുതലായി അടുപ്പിക്കാന്‍ വേണ്ടിയുള്ളവയാണ്. നാം എന്താണ് എന്നു മനസ്സിലാക്കാന്‍ കഴിയുന്നതും ജീവിതാവസ്ഥകളെ ക്ഷമയോടെ സ്വീകരിക്കാന്‍ കഴിയുന്നതും രോഗിയായി കഴിയുമ്പോഴാണ്. രോഗം നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒന്നുപോലെ ശുദ്ധീകരിക്കുന്നു. നമ്മുടെ മനസ്സും ശരീരവും ദൈവത്തിലേക്ക് ഉയര്‍ത്താന്‍ അത് കാരണമാകുന്നു. എളിമ പഠിക്കുന്നു.

നാം എത്രമാത്രം ഉന്നതരാണെങ്കിലും നാം ഇത്രത്തോളമേ ഉള്ളൂവെന്ന് ഓരോ രോഗങ്ങളും നമ്മെ പഠിപ്പിക്കുന്നു. ഓരോരോ ഗത്തിലും ദൈവത്തിന് നമ്മോടുള്ള സ്‌നേഹം പ്രകടമാകുന്നുണ്ട്. നാം അവിടുത്തോടുള്ള സ്‌നേഹത്തില്‍ വിശ്വസ്തരായി നിലനില്ക്കാനുളള മാര്‍ഗ്ഗവുമാണ് അത്.

അതുകൊണ്ട് രോഗാതുരരാകുമ്പോള്‍ നാം നിരാശരാകരുത്. മനസ്സ് വിഷമിക്കരുത്. ദൈവത്തിന്റെ സ്‌നേഹം നാം അനുഭവിക്കുന്ന നിമിഷങ്ങളാണ് അത്. അതൊരിക്കലും ശാപമോ ദുരിതമോ അല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.