തഴക്കദോഷങ്ങളില്‍ നിന്ന് മോചനമുണ്ടോ?


തഴക്കദോഷമോ.. പുതിയ തലമുറയിലെ പലര്‍ക്കും അത്തരമൊരു വാക്കു തന്നെ അപരിചിതമായിരിക്കും. തെറ്റായ ജീവിതരീതികളില്‍ നിന്ന് പുറത്തുകടക്കാനോ അതില്‍ നിന്ന് ഒഴിവാകാനോ സാധിക്കാതെ വീണ്ടും വീണ്ടും അത്തരം ശീലങ്ങളില്‍ പെട്ടുപോകുന്നതാണ് തഴക്കദോഷങ്ങള്‍. ലൈംഗികതയുമായി ബന്ധപ്പെട്ട പാപകരമായ പ്രവണതകളെയും പാപത്തിലേക്കുള്ള ചായ് വുകളെയുമാണ് പൊതുവെ നാം തഴക്കദോഷമെന്ന് വ്യവഹരിക്കുന്നത്. ഇത്തരത്തിലുള്ള തഴക്കദോഷങ്ങള്‍, പാപത്തോടുള്ള നിയന്ത്രിക്കാനാവാത്ത ആസക്തി ചരിത്രത്തിലുടനീളം കാണപ്പെടുന്നുണ്ട്.

തഴക്കദോഷങ്ങളില്‍ നിന്ന് മോചിതരാകാന്‍ പലരും നിര്‍ദ്ദേശിച്ചിരിക്കുന്ന ഏതാനും കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1 നിങ്ങളുടെ ഊര്‍ജ്ജത്തെ ക്രിയാത്മകമായി ചെലവഴിക്കാന്‍ മറ്റൊരു ഇടം കണ്ടെത്തുക.

ജീവിതത്തെ ക്രിയാത്മകമാക്കുക എന്നതാണ് ഇതിലെ ആദ്യപടി. തെറ്റായ ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ചിന്തകളിലേക്കും പിന്നീട് പ്രവൃത്തികളിലേക്കും ക്രിയാത്മകമായ ചിന്തകള്‍ കൊണ്ടുവരിക. അത് എഴുത്താവാം.. സംഗീതോപകരണങ്ങളുടെ ഉപയോഗമാകാം..വരയാകാം. അങ്ങനെ പലതുമാവാം.ഇത്തരം കാര്യങ്ങളിലേക്ക് സമയം മാറ്റിവയ്ക്കുമ്പോള്‍ മേല്പ്പറഞ്ഞ ചിന്തകളില്‍ നിന്ന് പുറത്തുകടക്കാനാകും.

സ്‌പോര്‍ട്‌സ് ശീലമാക്കുക

ഓട്ടം, നീന്തല്‍, ഫുട്‌ബോള്‍ ഇങ്ങനെ ഏതെങ്കിലുമൊക്കെ വിനോദങ്ങളില്‍ ഏര്‍പ്പെടുക. ഇത്തരത്തിലുള്ള എക്‌സര്‍സൈസുകള്‍ ഉള്ളിലുള്ള സംഘര്‍ഷങ്ങളെ കെട്ടഴിച്ചുവിടാന്‍ വളരെ സഹായകരമാണ്. ഉള്ളിലെ സംഘര്‍ഷങ്ങളെ അതിജീവിക്കാനാണ് പലപ്പോഴും തഴക്കശീലങ്ങളെ കൂട്ടുപിടിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുക

ആഹാരക്രമത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുവരിക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലതയോടെ ജീവിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഭക്ഷണമായിരിക്കണം ഇത്.

പുതിയതായി ഒരു കഴിവ് കണ്ടെത്തുക

ഓരോ വ്യക്തിയുടെ ഉള്ളിലും അനേകം സാധ്യതകള്‍ ഉറങ്ങിക്കിടപ്പുണ്ട്. ഗാര്‍ഡനിങ്, പാചകം, തടിപ്പണി അങ്ങനെ പലതും. അത്തരം ചില കഴിവുകളെ ഊതിയുണര്‍ത്തുമ്പോള്‍ സമയം ക്രിയാത്മകമായി മാറുന്നതും നെഗറ്റീവ് ചിന്തകള്‍ കടന്നുപോകുന്നതും നാം അറിയും.

ലൈംഗികമായ ചിന്തകളെ ഒഴിവാക്കാന്‍ ഒരു പദ്ധതി തയ്യാറാക്കുക

തഴക്കദോഷത്തിലേക്ക് നയിക്കാന്‍ പ്രേരകമാകുന്ന വിധത്തിലുള്ളസാഹചര്യങ്ങളെയും സംഗതികളെയും ഒഴിവാക്കുക.

ഏകാന്തത കുറയ്ക്കുക

ഏകാന്തതയാണ് പലപ്പോഴും തഴക്കദോഷത്തിലേക്ക് നയിക്കപ്പെടുന്നതിന് പിന്നിലെ ഒരു കാരണം. വീട്ടില്‍ ആരുമില്ലാതെവരുന്ന ഇത്തരം സാഹചര്യങ്ങള്‍ ഇതിലേക്ക് പലപ്പോഴും നയിക്കപ്പെടുന്നതിന് കാരണമായിത്തീരാറുണ്ട്. അത്തരം സാഹചര്യങ്ങളെ ഒഴിവാക്കുക. എപ്പോഴും നല്ലവരായ മറ്റ് ആളുകളുടെ ഇടയില്‍ ആയിരിക്കാന്‍ ശ്രമിക്കുക

കമ്പ്യൂട്ടറിന് മുമ്പില്‍ സമയം ചെലവഴിക്കുന്നത് പരമാവധി കുറയ്ക്കുക


പലപ്പോഴും തെറ്റായ കാഴ്ചകളാണ് നമ്മുടെ കാഴ്ചപ്പാടുകളെ വികലമാക്കിക്കളയുന്നത്. അതുകൊണ്ട് ആവശ്യത്തില്‍കൂടുതല്‍ നേരം കമ്പ്യൂട്ടറിന് മുന്നിലിരുന്നുള്ള ജോലിയോ വിനോദമോ വേണ്ട.

തഴക്കദോഷങ്ങളില്‍ പെട്ടുപോയതോര്‍ത്ത് കുറ്റബോധമോ നിരാശതയോ തോന്നേണ്ട കാര്യമില്ല.

ഞാന്‍ ഇങ്ങനെയായിപ്പോയല്ലോ എന്ന ആത്മനിന്ദയും വേണ്ട. മറിച്ച് ബോധപൂര്‍വ്വമായ ചില തിരിച്ചറിവുകള്‍ ആര്‍ജ്ജിച്ചെടുക്കുക. പരിഹാരങ്ങള്‍ കണ്ടെത്തുക.അതനുസരിച്ച് ജീവിക്കുക.

പ്രാര്‍ത്ഥനയ്ക്കായി സമയം കണ്ടെത്തുക. തഴക്കദോഷങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നത് പ്രാര്‍ത്ഥനാവിഷയമായി കണക്കാക്കുക. നമ്മുടെ ആഗ്രഹം അറിയുന്ന ദൈവം അതിന് നമുക്ക് മറുപടി തരുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.