സിസ്റ്റര്‍ ലൂസി കുര്യന് ഇത് ആനന്ദ നിമിഷം, അഗതികളുടെ അമ്മ പാപ്പയ്ക്കരികില്‍

വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ ലൂസി കുര്യനെ സംബന്ധിച്ചിടത്തോളം അത് ആനന്ദ നിമിഷമായിരുന്നു. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരം പിടിച്ച് ഒരു അവിസ്മരണീയ നിമിഷം. ലോകമെങ്ങുമുള്ള കത്തോലിക്കാവിശ്വാസികള്‍ ആഗ്രഹിക്കുന്ന ആ സുന്ദരനിമിഷം അനുഭവിക്കാന്‍ അപൂര്‍വ്വമായി ഭാഗ്യം ലഭിച്ചവരിലൊരാള്‍.

നവംബര്‍ 18 ന്ആയിരുന്നു സിസ്റ്റര്‍ ലൂസി കുര്യന് ഫ്രാന്‍സിസ് മാര്‍പാപ്പയെ തൊട്ടരികിലായി കാണാന്‍ അവസരമുണ്ടായത്. സിസ്റ്ററെക്കുറിച്ചുംസിസ്റ്ററുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ തന്നെ കേട്ടിട്ടുണ്ടായിരുന്നു. അങ്ങനെയാണ് കണ്ടുമുട്ടലിന് വേദിയൊരുങ്ങിയത്.

ഇരുപതിലേറെ വര്‍ഷമായി അഗതികളായ സ്ത്രീപുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും പുനരധിവാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് സിസ്റ്റര്‍. മഹാരാഷ്ട്രയിലെ പൂനൈയില്‍ മഹര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമാണ് സിസ്റ്റര്‍.

മഹര്‍ എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിന് തനിക്ക് വഴിതെളിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണെന്ന് സിസ്റ്റര്‍ പറയുന്നു. മദ്യപനും അക്രമാസക്തനുമായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് ഗര്‍ഭിണിയായ ആ സ്ത്രീ സിസ്റ്ററുടെ പക്കല്‍ സഹായം തേടിയെത്തിയത്. എന്നാല്‍ അടുത്തദിവസം നമുക്ക് കാര്യങ്ങളൊക്കെ ശരിയാക്കാമെന്ന് പറഞ്ഞ് അന്ന് അവളെ സിസ്റ്റര്‍ മടക്കി അയ്ക്കുകയാണുണ്ടായത്.

പക്ഷേ അന്ന് തന്നെ അയാള്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയെ തീ കൊളുത്തി കൊന്നു. അമ്മയും കുഞ്ഞും വെന്തുമരിച്ചത് സിസ്റ്ററെഏറെ വേദനിപ്പിച്ചു. ഇതില്‍ നിന്നാണ് ഇതുപോലെയുള്ള ജീവിതാവസ്ഥകളില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയസ്ഥാനമൊരുക്കണമെന്ന ചിന്ത രൂപപ്പെട്ടതും മഹര്‍ രൂപീകരിച്ചതും.

സുരക്ഷിതത്വവും സ്‌നേഹവും നല്കുന്ന ഭവനങ്ങള്‍ നല്കുക എന്നതാണ് മഹറിന്റെ ലക്ഷ്യമെന്ന് സിസ്റ്റര്‍ പറയുന്നു. മതമോ ജാതിയോ നോക്കിയല്ല തന്റെ പ്രവര്‍ത്തനങ്ങളെന്നും സിസ്റ്റര്‍ വ്യക്തമാക്കുന്നു. എല്ലാവരെയും ഒരുപോലെ കാണുന്നു.

നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും വിദ്യാഭ്യാസത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും സിസ്റ്റര്‍ ലൂസി കുര്യന്‍ വിശ്വസിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.