Wednesday, October 30, 2024
spot_img
More

    തൊണ്ണൂറിലെത്തിയ സാക്ഷ്യജീവിതം

    വയസ് തൊണ്ണൂറ് കഴിഞ്ഞു പയസമ്മ എന്ന് എല്ലാവരും വിളിക്കുന്ന പാലാ തിരുഹൃദയസന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ പയസ് പള്ളിപ്പുറത്തുശ്ശേരിക്ക്. സന്യാസജീവിതത്തില്‍ 73 വര്‍ഷവും പൂര്‍ത്തിയാക്കി. കഴിഞ്ഞദിവസമാണ് സമൂഹ അംഗങ്ങളും കുടുംബ അംഗങ്ങളും ചേര്‍ന്ന് പയസമ്മയുടെ 90 ാംപിറന്നാള്‍ ആഘോഷിച്ചത്.

    പക്ഷേ സന്യാസ സമര്‍പ്പണജീവിതത്തിന്റെ തുടക്കകാലത്തുണ്ടായിരുന്ന അതേ തീക്ഷ്ണതയ്‌ക്കോ ദീര്‍ഘനേരം മുട്ടിന്മേല്‍ നിന്നുള്ള പ്രാര്‍ത്ഥനയ്‌ക്കോ ഇപ്പോഴും കുറവു വന്നിട്ടില്ല, മുടക്കവും. ചെറുപ്പക്കാരെ പോലും അത്ഭുതപ്പെടുത്തുന്നതാണ് പയസമ്മയുടെ ഈ ആത്മീയജീവിതം.

    പള്ളിപ്പുറത്തുശ്ശേരി കുഞ്ഞുമത്തായിയുടെയും മറിയക്കുട്ടിയുടെയും മൂത്തമകളായി 1930 സെപ്തംബറിലായിരുന്നു ജനനം. ആത്മീയകാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന രീതിയായിരുന്നു കുടുംബത്തിലുണ്ടായിരുന്നത്. മാതാപിതാക്കളുടെ ജീവിതമാതൃക ദൈവവിളിക്ക് പ്രധാന പ്രചോദനവുമായി. പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം തിരുഹൃദയസന്യാസിനി സമൂഹത്തില്‍ ചേര്‍ന്നു. തിരുഹൃദയനാഥനോടുള്ള അദമ്യമായ ഭക്തിയും ആരാധനയുമാണ് ആ സന്യാസസമൂഹം തിരഞ്ഞെടുക്കാന്‍ കാരണമായത്.

    തൊണ്ണൂറാംപിറന്നാള്‍ ആഘോഷിച്ചപ്പോള്‍ സമൂഹാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം

    പ്രഥമ വ്രതവാഗ്ദാനം നടത്തിയപ്പോള്‍ വിശുദ്ധ പത്താം പീയുസിന്റെ പേരാണ് സ്വീകരിച്ചത്. അന്നുമുതല്‍ സിസ്റ്റര്‍ പയസായി. പാലാ രൂപത പ്രഥമ മെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വയലിലിന്റെ ശിഷ്യയും സഹപ്രവര്‍ത്തകയുമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി പയസമ്മ ഇപ്പോഴും കരുതുന്നു.

    പാലാ കത്തീഡ്രല്‍, പാറപ്പള്ളി എന്നിവ കേന്ദ്രീകരിച്ചായിരുന്നു കൂടുതലും സേവനപ്രവര്‍ത്തനങ്ങള്‍. മതബോധന അധ്യാപിക, നോവിസ് മിസ്ട്രസ് ,കുടുംബപ്രേഷിതത്വംഎന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കാന്‍ ദൈവം പയസമ്മയ്ക്ക് അവസരം കൊടുത്തിട്ടുണ്ട്. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ദൈവം മഹത്വപ്പെടണം എന്നു മാത്രമേ പയസമ്മ ആഗ്രഹിക്കുന്നുളളൂ.

    ദിവ്യസക്രാരിക്ക് മുമ്പിലെ കെടാവിളക്കുപോലെ ലോകത്തിന് വേണ്ടി മുഴുവനുമുളള പ്രാര്‍ത്ഥനയിലാണ് ഇപ്പോഴും പയസമ്മ. ഇത്തരം സുകൃതിനികളായ കന്യാസ്ത്രീയമ്മമാരുള്ളതുകൊണ്ടാണ് നമ്മുടെ ലോകം പരിക്കുപറ്റാതെ മുന്നോട്ടുപോകുന്നതെന്ന കാര്യവും നന്ദിയോടെ ഓര്‍മ്മിക്കാം.

    പയസമ്മയുടെ ആരോഗ്യത്തിനും ആത്മീയജീവിതത്തിനും വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം. മരിയന്‍പത്രത്തിന്റെ നവതി മംഗളങ്ങള്‍.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!