മാതാവിന്റെ കൈകളില്‍ നിന്ന് ഉണ്ണീശോയെ വാങ്ങിയ വിശുദ്ധ

പരിശുദ്ധ മാതാവിന്റെ ദര്‍ശനഭാഗ്യം ലഭിക്കുകയും ഉണ്ണീശോയെ മാതാവിന്റെ കൈകളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ അവസരം ലഭിക്കുകയും ചെയ്ത വിശുദ്ധയാണ് ആഗ്നസ്. 1268 ജനുവരി 28 ന് ഇറ്റലിയിലെ മോണ്ടെപുള്‍സിയാനോയിലെ സമ്പന്ന ഗൃഹത്തിലായിരുന്നു ആഗ്നസിന്റെ ജനനം.

ചെറുപ്രായം മുതല്‌ക്കേ ദൈവത്തോടുള്ള സ്‌നേഹത്തിലും ആദരവിലുമായിരുന്നു ആഗ്നസ് വളര്‍ന്നുവന്നിരുന്നത്. ആറാം വയസില്‍ തന്നെ അവള്‍ ആശ്രമജീവിതം സ്വീകരിക്കാന്‍ സന്നദ്ധയായിരുന്നുവെന്നാണ് പാരമ്പര്യം.

അന്നുമുതല്ക്ക് പൈശാചിക പീഡനങ്ങള്‍ അവള്‍ക്ക് നേരിടേണ്ടിവന്നിട്ടുമുണ്ട്. പോപ്പ് ജോണ്‍ ഇരുപത്തിയൊന്നാമന്റെ പ്രത്യേക അനുമതിയോടെയാണ് ഒമ്പതാം വയസില്‍ ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തില്‍ ആഗ്നസ് പ്രവേശിച്ചത്. നിരവധി ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയായിരുന്നു വിശുദ്ധ ആഗ്നസ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാതാവ് നല്കിയ ദര്‍ശനം.

ആഗ്നസിന് മാതാവ് പ്രത്യക്ഷപ്പെട്ട് ഉണ്ണീശോയെ വിശുദ്ധയ്ക്ക് കൈമാറി എന്നതാണ് അതിലൊരു വിശ്വാസം. ഉണ്ണിശോയെ ശുശ്രൂഷിക്കാനുള്ള അനുവാദവും മാതാവ് നല്കി. മറ്റൊരു തവണ മാതാവ് പ്രത്യക്ഷപ്പെട്ട് വിശുദ്ധയ്ക്ക് നല്കിയത് മൂന്നു കല്ലുകളായിരുന്നു. പരിശുദ്ധ ത്രീത്വത്തോടുള്ള ആദരസൂചകമായി ഇത് സൂക്ഷിച്ചുവയ്ക്കാന്‍ മാതാവ് ആവശ്യപ്പെടുകയും ചെയ്തു. അതുപോലെ ഈ കല്ലുകള്‍ കൊണ്ട് നിനക്കൊരിക്കല്‍ ആവശ്യം വരുമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

1306 ല്‍ ഒരുകോണ്‍വെന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ആഗ്നസിന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. അപ്പോഴാണ് ഈ മൂന്നുകല്ലുകളുടെ കാര്യം ആഗ്നസ് ഓര്‍മ്മിച്ചത്. കോണ്‍വെന്റിന്റെ മൂലക്കല്ലുകളായി ഈ മൂന്നുകല്ലുകളെയാണ് ആഗ്നസ് ഉപയോഗിച്ചത്. അതോടെ കോണ്‍വെന്റ് നിര്‍മ്മാണത്തിന് പണം ആവശ്യത്തിന് ലഭിച്ചു.

1317 ഏപ്രില്‍ 20 ന് ആയിരുന്നു മരണം. 1726 ല്‍ പോപ്പ് ബെനഡിക്ട് പതിമൂന്നാമന്‍ ആഗ്നസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.