മംഗഌര്: മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ഫാ.സ്റ്റാന്‍ സ്വാമിയുടെ സ്മരണയ്ക്കായി സ്വകാര്യ പാര്ക്കിന് അദ്ദേഹത്തിന്റെ പേരു നല്‍കാനുള്ള തീരുമാനത്തിനെതിരെ ഹൈന്ദവ മതമൗലികവാദികള്‍ രംഗത്ത്.
140 വര്‍ഷം പഴക്കമുള്ള സെന്റ് അലോഷ്യസ് കോളജാണ് കാമ്പസിലെ പാര്ക്കിന് സ്റ്റാന്‍സ്വാമിയുടെ പേര് നല്കാന് തീരുമാനമെടുത്തത്. ഈശോസഭ നടത്തുന്ന കലാലയമാണ് ഇത്. ഫാ.സ്റ്റാന്‍സ്വാമി ഈശോസഭാംഗമായിരുന്നു. ഗോത്രസമൂഹത്തിന് വേണ്ടി ജീവന് സമര്‍പ്പിച്ച വൈദികനോടുള്ള ആദരസൂചകമായിട്ടായിരുന്നു ഇങ്ങനെയൊരു തീരുമാനം. എന്നാല്‍ മാനേജ്മെന്റ് തീരുമാനം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് ഹൈന്ദവഗ്രൂപ്പിന്റെ താക്കീത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കോളജിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു അധികാരവും ഇല്ലെന്ന് ഈശോസഭ വൈദികന് ഫാ. ജോ സേവ്യര്‍ പ്രതികരിച്ചു. സിറ്റി പോലീസ് കമ്മീഷന് കെ വി രാജേന്ദ്രയുടെ ഉപദേശത്തെ മാനിച്ച് പേരിടീല്‍ ചടങ്ങ് നീട്ടിവച്ചിരിക്കുകയാണ് കോളജ് അധികൃതര്‍.
ജൂലൈ അഞ്ചിനാണ് ഫാ. സ്റ്റാന്‍സ്വാമി അന്തരിച്ചത്. 1880 ല്‍ സ്ഥാപിക്കപ്പെട്ട സെന്റ് അലോഷ്യസ് കോളജില്‍ വിവിധവിഷയങ്ങളിലായി 15000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.