വിശുദ്ധ ഗീവര്‍ഗീസ് സഹദായേ, കര്‍ത്താവ് തന്റെ സത്യവാഗ്ദത്ത പ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നുവല്ലോ. ദൈവത്തിന്റെ വിശ്വസ്ത കലവറക്കാരാ, പാപികളായ ഞങ്ങള്‍ കരുണയ്ക്കും പാപമോചനത്തിനും അര്‍ഹരായിത്തീരുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. നിന്റെ മാധ്യസ്ഥതയില്‍ സമാധാനവും സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളില്‍ നിന്ന് മാരകരോഗങ്ങളും കഠിനദു:ഖങ്ങളും പൈശാചികപരീക്ഷകളും ദുഷ്ടമനുഷ്യരുടെയും ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളും അപകടങ്ങളും നീക്കിക്കളയണമേ. നാഥാ ഈ ലോകത്തിലും ഞങ്ങളുടെ രാജ്യത്തും സഭയിലും കുടുംബങ്ങളിലും സമാധാനവും ശാന്തിയും വാഴുമാറാകണമേ. വാര്‍ദ്ധക്യത്തില്‍ ഇരിക്കുന്നവര്‍ക്ക് തുണയാകണമേ. സ്ത്രീകളെയും പുരുഷന്മാരെയും കാത്തുകൊള്ളണമേ. യുവതീയുവാക്കളെ പരിപാകതയുള്ളവരാക്കണമേ. ശിശുക്കളെ പോറ്റണമേ.
നാഥാ രോഗികള്‍ക്ക് സൗഖ്യവും ദു:ഖിതര്‍ക്ക് ആശ്വാസവും ദരിദ്രര്‍ക്ക് സംതൃപ്തിയും മരിച്ചുപോയവര്‍ക്ക് നിത്യശാന്തിയും ഞങ്ങളുടെ യാചനകള്‍ക്ക് മറുപടിയും നല്കണമേ. ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാനന്മകളും ദു:ഖിതരും എളിയവരുമായ എല്ലാവര്‍ക്കും ആയി പങ്കുവയ്ക്കാനുള്ള മനസ്സലിവും നല്‍കണമേ.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുതമാധ്യസ്ഥശക്തിയാല്‍ ഞാന്‍ ഇപ്പോള്‍ സമര്‍പ്പിക്കുന്ന ഈ നിയോഗം—-( ആവശ്യം പറയുക) എനിക്ക് ദൈവപിതാവില്‍ നിന്ന് വാങ്ങിത്തരാന്‍ അങ്ങയുടെ മാധ്യസ്ഥശക്തി പ്രയോഗിക്കണമേ. ആമ്മേന്‍