ഒളിച്ചോടി പോയ ജോണ്‍ മരിയ വിയാനിയും അതിന് വിശുദ്ധന്‍ പറഞ്ഞ കാരണവും…

വിശുദ്ധജോണ്‍ മരിയ വിയാനിയെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. എങ്കിലും വിശുദ്ധന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സംഭവം പറയാം.

ഒരു ദിവസം ആഴ്‌സിലെ ആളുകള്‍ പള്ളിയില്‍ചെന്നപ്പോള്‍ വികാരിയച്ചനെ കാണാനില്ല. അച്ചനെന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല. ആളുകള്‍ അന്വേഷണമായി. ഒടുവില്‍ വഴിയില്‍ വച്ച് അവര്‍ വിയാനിയച്ചനെകണ്ടുമുട്ടി. അച്ചന്‍ എവിടെപോകുന്നു. ഞങ്ങളെ വിട്ടിട്ട് അച്ചന്‍ എങ്ങോട്ടാണ് പോകുന്നത്? അവര്‍ ചോദിച്ചു. അപ്പോള്‍ വിയാനിയച്ചന്‍ അവര്‍ക്ക് മറുപടി നല്കിയത് ഇങ്ങനെയായിരുന്നു.

എന്റെ മക്കളേ ഞാന്‍ ഇത്രയും കാലം നിങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിച്ചു. ഞാനിനി വല്ലയിടത്തും പോയിരുന്ന് എന്റെ പാപങ്ങളെയോര്‍ത്ത് കരയുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്യട്ടെ. അങ്ങനെ എന്റെ ആത്മാവിനെ ഞാന്‍ രക്ഷിക്കട്ടെ..

ആളുകള്‍ അത്ഭുതപ്പെട്ടുപോയി.ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധനായി ആളുകള്‍ കരുതിപ്പോന്നിരുന്ന വ്യക്തിയാണ് ഇതു പറയുന്നത്. എന്തായിരുന്നു അച്ചന്റെപാപം? ആഴ്ചയില്‍ മൂന്ന് ഉരുളക്കിഴങ്ങ് ചുട്ടുതിന്നുവത്രെ.

പതിനെട്ടുമണിക്കൂറോളം ദിവസം കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ച വിശുദ്ധനാണ് ഇതു പറയുന്നതെന്നോര്‍ക്കണം. അങ്ങനെയെങ്കില്‍ നാമൊക്കെ എന്തുമാത്രം കരഞ്ഞാലാണ്.പശ്ചാത്തപിച്ചാലാണ്.പ്രായശ്ചിത്തം ചെയ്താലാണ്..

നമ്മുടെ പാപങ്ങളെയോര്‍ത്ത് നമുക്ക് എന്നെങ്കിലും കരയാന്‍, പ്രായശ്ചിത്തം ചെയ്യാന്‍ തോന്നിയിട്ടുണ്ടോ? വിശുദ്ധ ജോണ്‍ മരിയ വിയാനി നമ്മെ അതിന് പ്രചോദിപ്പിക്കട്ടെ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.