വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം പതിനൊന്നാം ദിവസം

ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ’20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു” (മത്തായി 2:19-20).

കന്യാവ്രതക്കാരുടെ കാവല്‍ക്കാരന്‍

വിശുദ്ധ യൗസേപ്പിനെ പറ്റിയുള്ള പൗരാണികമായ ഗ്രന്ഥകാരന്മാരും കലാകാരന്മാരും പ.കന്യകയേക്കാള്‍ വലിയ വൃദ്ധനായി ചിത്രീകരിച്ചിരുന്നു. ഒരു യുവതിയോട് കൂടി വസിച്ചുകൊണ്ട് കന്യാവ്രതം പാലിക്കുവാന്‍ വൃദ്ധന്‍മാര്‍ക്കേ സാധിക്കുകയുള്ളൂ എന്ന ധാരണ അന്ന് ഉണ്ടായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പും പ. കന്യകയും പ്രായത്തില്‍ ഏകദേശം സമാനരായിരുന്നു. വിശുദ്ധ യൗസേപ്പ് പ്രായാധിക്യത്താല്‍ ചൈതന്യമറ്റവനായിട്ടല്ല ജീവിച്ചത്. മറിച്ച്, ദൈവീക പ്രചോദനത്താല്‍ യൗവ്വനയുക്തനായ അദ്ദേഹം ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചത്.

പ. കന്യകയുടെ ദര്‍ശനവും സാമീപ്യവും വി. യൗസേപ്പിനു ശക്തിപകര്‍ന്നുവെന്നതില്‍ തര്‍ക്കമില്ല. കൂടാതെ ദൈവത്തിന്‍റെ അനന്ത ജ്ഞാനത്തില്‍ പ. കന്യകയുടെ കന്യാവ്രതപാലനത്തിനുള്ള ഒരു തിരശ്ശീല അഥവാ കാവല്‍ക്കാരനായി വി. യൗസേപ്പ് തെരഞ്ഞെടുക്കപ്പെട്ടു. യഹൂദാചാരപ്രകാരം ഒരു യുവതി അവിവാഹിതയായി ജീവിക്കുകയെന്നത് മൂല്യച്യുതിയായിട്ടാണ് പരിഗണിച്ചിരുന്നത്. അവിവാഹിതയായ സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലണമെന്ന് പഴയ നിയമം അനുശാസിച്ചിരുന്നു. ഇപ്രകാരമുള്ള സാമൂഹ്യ പശ്ചാത്തലത്തില്‍ പ.കന്യക അവിവാഹിതയായി ജീവിക്കുക ദുഷ്ക്കരമാണ്. എന്നാല്‍ ദൈവകുമാരനെ സംവഹിച്ച ദിവ്യപേടകത്തിന്‍റെ കന്യകാത്വത്തിന് എന്തെങ്കിലും ഹാനി സംഭവിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല. തന്നിമിത്തം വി. യൗസേപ്പിന് വിരക്ത ജീവിതത്തോട് കരുണ കാണിച്ചു കൊണ്ട് ദൈവം പരിശുദ്ധ കന്യകയെയും വിശുദ്ധ യൗസേപ്പിനെയും വിവാഹത്തിലൂടെ ബന്ധിപ്പിച്ചത്. അതിനാല്‍ വി. യൗസേപ്പ് കന്യാവ്രതക്കാരുടെ കാവല്‍ക്കാരനുമായി.

കന്യാവ്രതം അനുഷ്ഠിച്ചു കൊണ്ടുള്ള ജീവിതം നയിക്കുന്നവര്‍, വി. യൗസേപ്പിനോട് ഭക്തരായിരുന്നാല്‍ അവര്‍ക്കത് സുഗമമായി പാലിക്കുവാന്‍ സാധിക്കുന്നതാണ്. വിശുദ്ധ യൗസേപ്പ് പരിശുദ്ധ കന്യകയുമായി വിവാഹിതനായിരുന്നിട്ടും വിശുദ്ധിക്ക് കോട്ടം വരുത്തിയില്ല. തന്നിമിത്തം എല്ലാ ജീവിതാന്തസ്സുകാര്‍ക്കും ശുദ്ധത എന്ന പുണ്യത്തിനും അദ്ദേഹം മാതൃകയായി. വൈവാഹിക വിശ്വസ്തത പാലിക്കുവാന്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്ക് വിശുദ്ധ യൗസേപ്പിന്‍റെ മാതൃക പ്രചോദനമരുളുന്നു. വിരക്തര്‍ക്കും പരിത്രാണ പദ്ധതിയില്‍ സ്ഥാനമുണ്ട്. “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ അവര്‍ ദൈവത്തെ എന്നും കാണും” എന്ന ഗിരിപ്രഭാഷണവാക്യം ഇവിടെ അനുസ്മരിക്കേണ്ട ഒന്നാണ്.

സംഭവം

തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവ് അതിഭയങ്കരമായ തീപ്പൊള്ളലേറ്റ് അവശനിലയിലായി. അയാളുടെ കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗം കമ്പനിയിലെ അയാളുടെ തൊഴിലായിരുന്നു. അപകടം കാരണമായി ആ മനുഷ്യന്‍റെ കുടുംബം അനാഥ സ്ഥിതിയിലായി. നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. ഡോക്ടര്‍മാരെല്ലാം കൈവെടിഞ്ഞു. ജീവിച്ചിരിക്കുകയില്ലെന്ന് വിധിയെഴുതി. യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം യാചിക്കുകയല്ലാതെ ഇനി വേറെ മാര്‍ഗ്ഗമൊന്നും ഇല്ലെന്നുറച്ച് കുടുംബാംഗങ്ങള്‍ മാര്‍ യൗസേപ്പിനോട് നിരന്തരം പ്രാര്‍ത്ഥന തുടങ്ങി. ഭക്ഷണം കഴിക്കുവാനോ സംസാരിക്കുവാനോ ശക്തിയില്ലാത്ത ആ മനുഷ്യന്‍റെ ജീവിതകാലം ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരിക്കുകയുള്ളൂ എന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്.

ഉണ്ണിയീശോയെ പരിരക്ഷിച്ച യൗസേപ്പ് ഞങ്ങളുടെ പിതാവിനേയും സംരക്ഷിക്കുമെന്ന് ഉറപ്പോടെ വിശ്വസിച്ച് ആ വീട്ടിലെ എല്ലാവരും ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലമായി അയാളില്‍ ആശ്വാസം ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായി. യൗസേപ്പ് പിതാവിന്‍റെ മധ്യസ്ഥത മൂലം ആ മനുഷ്യന്‍ രക്ഷപെട്ടു. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും വിസ്മയം ജനിപ്പിക്കത്തക്ക വിധം പൊള്ളലേറ്റ ഭാഗങ്ങളില്‍ നേരിയ കല മാത്രം അവശേഷിപ്പിച്ചു കൊണ്ടു രോഗവിമുക്തനായ ആ മനുഷ്യന്‍ ചുരുങ്ങിയ ദിനങ്ങള്‍ക്കകം പഴയ ജോലിയില്‍ പ്രവേശിച്ചു.

ജപം

കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ഞങ്ങള്‍ ആത്മശരീര നൈര്‍മ്മല്യത്തോടു കൂടി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. ലോകത്തില്‍ നടമാടുന്ന തിന്മകളെയും വിപത്തുകളെയും മനസ്സിലാക്കി ഞങ്ങള്‍ അവധാനപൂര്‍വ്വം വര്‍ത്തിക്കുവാന്‍ സഹായിക്കുക. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പ. കന്യകയും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു. ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കേണമേ. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകളെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി ദൈവിക ദര്‍ശനത്തിന് പ്രാപ്തരാക്കട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ, ഞങ്ങളെ വിരക്തരായി കാത്തുകൊള്ളണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.