ഒന്നും പറയാതെ എല്ലാം പറഞ്ഞവൻ

       ഈശോയുടെ വളർത്തുപിതാവായ യൗസേപ്പിന്റെ മരണത്തിരുനാൾ ക്രിസ്ത്യാനികൾ ഉള്ള ഇടങ്ങളിലെല്ലാം ആഘോഷിക്കാറുണ്ട് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഈ ആഘോഷങ്ങളിലെല്ലാം യൗസേപ്പിന്റെ നന്മകൾ വാഴത്തപ്പെടുക സ്വാഭാവികമാണ്.

2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ ഫ്രാൻസീസ് പാപ്പാ യൗസേപ്പിതാവിനെ സാർവത്രിക സഭയിൽ പ്രത്യേകമായി ആദരിക്കാൻ പറഞ്ഞത് മിക്കവരും ഓർമ്മിക്കുന്നുണ്ടാകും. പാത്രിസ് കോർദേ (പിതൃ ഹൃദയത്തോടെ) എന്ന ചാക്രിക ലേഖനവും അതിലെ ചിന്തകളും ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടതുമാണ്.

വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തിയും സ്നേഹം അനേകരിൽ വളരാൻ ഇതും കാരണമായിട്ടുണ്ട്. ഈ ചാക്രിക ലേഖനത്തിലൂടെ ഈശോയുടെ വളർത്തുപിതാവായ യൗസേപ്പ് എന്ന മനുഷ്യനെ കുറച്ചുകൂടി അടുത്തറിയാനും സ്നേഹിക്കാനും ഫ്രാൻസീസ് പാപ്പാ നമ്മെ സഹായിച്ചു എന്നത് സത്യമാണ്.      

വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള വർണനകളിലും വിവരണങ്ങളിലും അവന്റെ നിശ്ശബ്ദത എപ്പോഴും പ്രതിപാദ്യവിഷയമായി കടന്നുവരാറുണ്ട് എന്തായിരിക്കാം സുവിശേഷകന്മാർ ആരും അവന്റെ വാക്കുകൾ രേഖപ്പെടുത്താതിരുന്നത്? അതോ അവനൊന്നും പറഞ്ഞില്ലേ? എന്നിങ്ങനെയുള്ള കാര്യങ്ങൾ എപ്പോഴും എന്റെ മനസിൽ കടന്നുവരാറുണ്ട.് സാധ്യമാകുന്ന ഉത്തരങ്ങളിലേക്ക് ഹൃദയം എത്തിക്കാറുമുണ്ട്. അവയിൽ പലതും എനിക്ക് തൃപ്തികരവുമാണ്.         ജീവിതത്തെക്കുറിച്ച്, തന്റെ ഭാവിയെക്കുറിച്ച്, അതിൽ തന്റെ ജീവിത പങ്കാളിയാകാൻ പോകുന്ന മറിയത്തെക്കുറിച്ചൊക്കെ ഒത്തിരി സ്വപനങ്ങൾ കണ്ടുകൊണ്ടിരുന്ന ഒരാളായിട്ടാൺ് ഞാൻ വിശുദ്ധ യൗസേപ്പിനെ എന്റെ ഉള്ളിൽ കാണുന്നത്.

ഈ സ്വപ്നങ്ങളോട് ചേർത്ത് ഓരോരോ കാര്യങ്ങൾ നെയ്തുകൂട്ടി കഴിയുന്നിടത്ത് നിന്നും ഒരു രാത്രിയിൽ അവൻ കാണുന്നൊരു സ്വപ്നം എല്ലാം തകിടം മറിക്കുന്നതായിരുന്നു. തന്റെ കൂട്ടുകാരോടും പ്രിയപ്പെട്ടവരോടുമൊക്കെ വാചാലനായിരുന്ന യൗസേപ്പ് ദൈവം സ്വപ്നത്തിലൂടെ ഏൽപിച്ച ഉത്തരവാദിത്വത്തിലേക്ക് പ്രവേശിച്ച് തുടങ്ങിയപ്പോഴാകാം നിശ്ശബ്ദനായി തുടങ്ങിയത് എന്ന് കരുതാനാണെനിക്കിഷ്ടം.        

 പതിയെ പതിയെ അവൻ മൗനത്തിലേക്ക് പ്രവേശിച്ചു എന്ന് ഞാൻ പറയുമ്പോഴും അവന്റെ ഈ മൗനം വിശുദ്ധമായിരുന്നു എന്ന സത്യം ഞാൻ വിസ്മരിക്കുന്നില്ല. എങ്കിലും യൗസേപ്പിന്റെ മൗനം എന്നെ ചിലപ്പോഴൊക്കെ ചോദ്യം ചെയ്യാറുണ്ട്. എന്തേ അവൻ ഒന്നും പറഞ്ഞില്ല? എല്ലാം കൃത്യമായി പറയാനുള്ളവനു വേണ്ടിയാണ് അവൻ മൗനത്തിലായിരുന്നത് എന്നതറിയുമ്പോഴും അവന്റെ മൗനത്തെ മനസിലാക്കാൻ ഞാൻ ശ്രമിക്കാത്തതെന്തേ എന്നെന്റെ ഹൃദയം ചോദിക്കുന്നുണ്ട്.

മിക്കപ്പോഴുമുള്ള എന്റെ മൗനത്തിന് പിറകിൽ വിശുദ്ധമായതൊന്നും ഇല്ല എന്നതാകം അവന്റെ മൗനത്തെ ഞാൻ ഇന്നോളം ഗൗരവമായെടുക്കാത്തതിന് കാരണം. “ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെയായിരുന്നു”. (യോഹന്നാൻ 1:1) ഈ വചനത്തെയാണ് യൗസേപ്പ് തന്റെ മൗനത്തിലൂടെ കാത്തിരുന്നത്.     

   ഓരോ മൗനത്തിനും പിറകിൽ ഇത്തരം ആത്മീയമായ കാത്തിരിപ്പുകൾ ഉണ്ടെങ്കിൽ അവരുടെ ജീവിതത്തിൽ രക്ഷകനെ ഉറപ്പായും കാണാൻ കഴിയും. താൻ സ്വപ്നത്തിലൂടെ അറിഞ്ഞുതുടങ്ങിയ കാര്യങ്ങളോടൊപ്പം തന്റെ ഹൃദയത്തെ വിട്ടുകൊടുക്കുകയും പിന്നീട് ആ സ്വപ്നം സത്യമായി അവതരിക്കുകയും ചെയ്തുകഴിയുമ്പോൾ യൗസേപ്പിന് തന്റെ ജീവിതം ക്രിസ്തുവിലേക്ക് ഒന്നാക്കപ്പെട്ട അനുഭവം ഉള്ളിൽ നിറഞ്ഞിട്ടുണ്ടകും.

എന്നാൽ മൗനത്തേക്കാൾ കൂടുതലായി ഞാൻ വാചാലമാകുമ്പോൾ ഉപയോഗിക്കുന്ന പലവാക്കുകളും രക്ഷകന്റെ സാന്നിധ്യത്തെപ്പോലും ഇല്ലാതക്കുന്നതോ അകറ്റിക്കളയുന്നതോ ആകും.        ഒന്നും സംസാരിക്കാത്തവന്റെ ആത്മീയതയ്ക്ക് എന്തെങ്കിലും സൗന്ദര്യമുണ്ടകുമോ? അതോ വാചാലമാകുമ്പോഴും മറ്റുള്ളവർ കേൾക്കുമ്പോഴുമൊക്കയാണോ ഒരാൾ ആത്മീയ തലത്തിലേക്ക് ഉയരുകയുള്ളോ? ഈ ചോദ്യങ്ങളും എന്നെ അസ്വസ്ഥമാക്കുന്നവയാണ്. എന്റെ വാചാലത എത്രമാത്രം നല്ലതായി ഭവിക്കുന്നുണ്ട്?

ഏറെ കാര്യങ്ങൾ ആത്മീയമെന്ന തലക്കെട്ടോടുകൂടി അവതരിപ്പിക്കുമ്പോഴും അതിനകത്ത് അൽപം പോലും ആത്മീയതയില്ലായിരുന്നു എന്ന് കേൾവിക്കാർ മനസിലാക്കുമ്പോഴും പറയുന്ന വ്യക്തിക്ക് മാത്രം തിരിച്ചറിവുണ്ടാകുന്നില്ല എന്നതല്ലേ ഇന്നത്തെ സത്യം.       

,..

 പൊതുഇടങ്ങളിൽ വന്ന് വാചാലരാകുന്ന ആത്മീയ പരിവേഷമുള്ളവർ ഏറെയുണ്ടിന്ന്. എന്നിട്ടും അതൊക്കെ ഒരാൾക്കുപോലും രക്ഷകനെ അനുഭവിക്കാനുള്ള ചെറിയൊരു സാധ്യതപോലും തുറന്നുകൊടുക്കുന്നില്ല. ഒരിക്കൽ വളരെ പ്രശസ്തനായ ഒരു ധ്യാനഗുരുവിന്റെ ധ്യാനം ഒരിടവകയിൽ കഴിഞ്ഞതിന് ശേഷം പരിചിതരായ കുറച്ചുപേർ എന്നോട് പറഞ്ഞു, ഒരു പുരോഹിതനും അൾത്താരയിലേക്ക് കയറിവന്നിട്ട് വൾഗറായതും കേൾക്കുമ്പോൾ തലകുനിച്ചിരിക്കേണ്ടതുമായ കാര്യങ്ങൾ പറയരുതെന്ന്. 

ഞാനും ഒരു പുരോഹിതനായതുകൊണ്ടും പൗരോഹിത്യത്തോടും ക്രിസ്തുവിനോടും സ്നേഹമുള്ളതിനാലുമാണവർ അങ്ങനെ പറഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവർ അൾത്താരയിലെത്തിയ വൈദീകനിൽ നിന്നും പ്രതീക്ഷിച്ചത് വചനത്തിന്റെ വ്യാഖ്യാനമാണ്. അതല്ലാത്തതൊന്നും ആർക്കും ഒരിക്കലും ആത്മീയ ഭക്ഷണമാകുകയില്ല. 

       ഒന്നും പറയാതെ എന്നാൽ എല്ലാം പറഞ്ഞ്, തന്റെ മൗനത്തിലൂടെ ദൈവിക പദ്ധതിക്കായി ജീവിതം ഉഴിഞ്ഞുവച്ച്, യുഗങ്ങളുടെ പ്രതീക്ഷയായ രക്ഷകനെ ഈ മണ്ണിന് കൈമാറിയ വിശുദ്ധ യൗസേപ്പിന്റെ മാതൃക നമുക്ക് മറക്കാതിരിക്കാം. എല്ലാം പറഞ്ഞിട്ടും ആർക്കും നന്മയായതൊന്നും കിട്ടാതെ പോകുന്നതാണോ നമ്മുടെയൊക്കെ അനുഭവം എന്ന് പരിശോധിക്കുകയും ചെയ്യാം. എന്തു പറയണം അതെവിടെ പറയണം എങ്ങിനെ പറയണം എന്നോക്കെയുള്ള കാര്യങ്ങൾ പഠിക്കാൻ വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ്യം നമുക്കും തേടാം.   

  “നമ്മുടെ വാക്ക് നാം തന്നെയാണ്, ചെടിയെ പൂവുകൊണ്ട് എന്നപോലെ ഒരുവനെ അവന്റെ വാക്കുകൊണ്ട് തിരിച്ചറിയുന്നു”- എന്ന് എഴുത്തുകാരനായ എം എൻ കാരശ്ശേരി ഓർമ്മിപ്പിക്കുമ്പോഴും, ചിലരെ അവരുടെ മൗനംകൊണ്ടും എന്ന് കൂട്ടിച്ചേർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. വിശുദ്ധ യൗസേപ്പ് തന്റെ വളത്തുമകനിലൂടെ നമ്മെ അനുഗ്രഹിക്കട്ടെ.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.