യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എങ്ങനെ വിശുദ്ധനില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം തേടാം?

യൗസേപ്പിതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നാം നീക്കിവച്ചിരിക്കുന്ന മാസമാണല്ലോ മാര്‍ച്ച്. മാര്‍ച്ച് 19 ന് യൗസേപ്പിതാവിന്റെ മരണത്തിരുനാളും ആചരിക്കുന്നു. യൗസേപ്പിതാവിനോടുള്ള പ്രത്യേക വണക്കത്തിനായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് ജോസഫ് വര്‍ഷം പ്രഖ്യാപിച്ചതും നാം അത് ഭക്തിയോടെ ആചരിച്ചതും.ചില വിശുദ്ധര്‍ പ്രത്യേകം കാര്യങ്ങള്‍ക്കുവേണ്ടി മാത്രമായിട്ടുള്ളവരാണ്. എന്നാല്‍ യൗസേപ്പിതാവിനോട് നാം പ്രാര്‍ത്ഥിക്കുന്ന ഏതുകാര്യവും അവിടുന്ന് സാധിച്ചുതരും എന്നാണ് വിശുദ്ധ തോമസ് അക്വിനാസ പറയുന്നത്. ഇക്കാര്യം മനസ്സില്‍വച്ചുകൊണ്ട് ഈ മാസം നമുക്കെങ്ങനെയെല്ലാം യൗസേപ്പിതാവിനെ വണങ്ങാം, അവിടുത്തെ പ്രത്യേക മാധ്യസ്ഥംതേടാം എന്ന് ചിന്തിക്കാം.

  • ജീവിതത്തില്‍ നമുക്കെന്തെല്ലാം കാര്യങ്ങള്‍ ആവശ്യമായുണ്ടോ അതെല്ലാം നമുക്ക് യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിനായി സമര്‍പ്പിക്കാം.
  • നമ്മുടെ അപ്പന്മാരെ കൂടുതല്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യാം
  • യൗസേപ്പിതാവിനോടുള്ള നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുക
  • നമ്മുടെ ജീവിതമാര്‍ഗ്ഗം, തൊഴില്‍ അതെന്തായാലും യൗസേപ്പിതാവിന് സമര്‍പ്പിക്കുക
  • എല്ലാ ബുധനാഴ്ചകളും യൗസേപ്പിതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുക
  • നമ്മെയും നമ്മുടെ കുടുംബത്തെ മുഴുവനെയും യൗസേപ്പിതാവിന് സമര്‍പ്പിക്കുക

യൗസേപ്പിതാവേ, നല്ലവനായ ഈശോയുടെ വളര്‍ത്തുപിതാവേ എന്റെ വരുമാനമാര്‍ഗ്ഗത്തെയും എന്റെ ജീവനോപാധിയായ ഈ തൊഴിലിനെയുംഅങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ മുഴുവന്‍ ആശ്രയവുമായ ഈ തൊഴിലിനെ അവിടുന്ന് അനുഗ്രഹിക്കണമേ. എന്റെ കഴിവുകളെ ദൈവരാജ്യമഹത്വത്തിനായി വിനിയോഗിക്കുവാന്‍ എന്നെ സഹായിക്കണമേ.

എന്റെ കുടുംബത്തെ, കുടുംബാംഗങ്ങളെ മാതാപിതാക്കളെ,സഹോദരങ്ങളെ,ജീവിതപങ്കാളിയെ, മക്കളെ, ഉപകാരികളെ, മേലധികാരികളെ എല്ലാം അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ജീവിതത്തിന്റെ സമസ്ത മേഖലകള്‍ക്കും എന്റെ വിവിധ നിയോഗങ്ങള്‍ക്കും വേണ്ടി അങ്ങ് ഈശോയോട് നിരന്തരം മാധ്യസ്ഥം യാചിക്കണമേ. അങ്ങയുടെ പ്രിയപത്‌നിയും ഈശോയുടെ അമ്മയുമായ പരിശുദ്ധ കന്യാമറിയത്തോടു ചേര്‍ന്ന് എന്റെ നിയോഗങ്ങള്‍ ഒരിക്കല്‍ക്കൂടി അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെജീവിതത്തിലെ ഏറ്റവും ശക്തിയുള്ള മാധ്യസ്ഥനായി അവിടുന്ന് എപ്പോഴും എന്റെ കൂടെയുണ്ടാവണമേ.

അങ്ങേ ആശ്രയം തേടിയവരെ ആരെയും അവിടുന്ന് ഉപേക്ഷിച്ചിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.