സഹനത്തിന് ശേഷം ദൈവം നമ്മെ ശക്തരാക്കും… തിരുവചനം പറയുന്നു

സഹനം എന്ന് കേള്‍ക്കാന്‍ തന്നെ നമുക്കാര്‍ക്കും ഇഷ്ടമില്ല.ആത്മീയതയില്‍ എത്ര ഔന്നത്യം പ്രാപിച്ചവരാണെങ്കിലും സഹനം എന്ന് കേള്‍ക്കുമ്പോള്‍ പരിഭ്രമിച്ചുപോകും. പക്ഷേ സഹനങ്ങള്‍ നിത്യതയിലെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ ക്ഷണികമാണെന്നും ഭൂമിയിലെ സഹനങ്ങള്‍ക്കെല്ലാം നിത്യതയില്‍ പ്രതിഫലമുണ്ടെന്നതുമാണ് വാസ്തവം. ഇനി ഭൗമികതയ്ക്കപ്പുറമുള്ള സഹനത്തിന്റെ കാര്യം വിട്ടേക്കൂ.. ഒരു പ്രശ്‌നത്തെ നാം അതിജീവിച്ചുകഴിയുമ്പോള്‍ സ്വഭാവികമായും ഉളളിന്റെയുളളില്‍ ഒരു ശക്തി നിറയുന്നുണ്ട്. മറ്റൊരു പ്രതികൂലസാഹചര്യത്തെ നേരിടാനുള്ള ശക്തി ലഭിക്കുന്നുമുണ്ട്. സ്വര്‍ണ്ണം തിളക്കമുളളതും ഉപയോഗയോഗ്യമായിത്തീരുന്നതും ഏതെല്ലാം അനുഭവങ്ങളിലൂടെയാണെന്നും നമുക്കറിയാം.സഹനവും അത്തരത്തിലുള്ള ഒരു ശുദ്ധീകരണപ്രക്രിയയാണ്.

വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നത് ഇങ്ങനെയാണ്.
തന്റെ നിത്യമഹത്വത്തിലേക്ക് ക്രി്‌സ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിന് ശേഷം പൂര്‍ണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും.( 1 പത്രോസ് 5:10)

നമുക്ക് പ്രാര്ത്ഥിക്കാം

ദൈവമേ ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്ന സഹനത്തിന്റെ അനുഭവങ്ങളെ നേരിടാനുളള ശക്തി എനിക്ക് നല്കണമേ. സഹനങ്ങളില്‍ മടുക്കാതെയുംപിറുപിറുക്കാതെയും ദേഷ്യം കൊള്ളാതെയും അവയെ സഹിഷ്ണുതയോടെയും സ്‌നേഹത്തോടെയും സ്വീകരിക്കാനുളള ശക്തി എനിക്ക് നല്കണമേ. എത്ര കാലം ഞാന്‍ സഹിക്കേണ്ടിവന്നാലും അങ്ങേ കണ്ടുകൊണ്ടും അങ്ങ് നല്കുന്ന ആശ്വാസത്തില്‍ വിശ്വസിച്ചുകൊണ്ടും മുന്നോട്ടുപോകാന്‍ എനിക്ക് ശക്തിനല്കണമേ. സഹിക്കുന്നത് സ്വന്തം കഴിവാലല്ല അങ്ങേ കൃപയാലാണെന്ന ബോധ്യം എനിക്ക് നല്കണമേ.ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.