വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൊണ്ട് ക്രിസ്തുരൂപവുമായി നിഖില്‍ ഏഷ്യബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലേക്ക്

ആലപ്പുഴ: വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് എഴുതിയാല്‍ ക്രിസ്തുരൂപം രൂപപ്പെടുമോ? ചോദ്യം നിഖില്‍ ആന്റണിയോടാണ് എങ്കില്‍ അദ്ദേഹം പറയും ഉവ്വ് എന്ന്. കാരണം വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് നിഖില്‍ പേപ്പറിലേക്കെഴുതിയപ്പോള്‍ അത് കൈവരിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ രൂപമാണ്. സങ്കീര്‍ത്തനങ്ങളും യോഹന്നാന്റെ ലേഖനങ്ങളുമാണ് നിഖില്‍ എഴുതിയത്.

110 ചാര്‍ട്ട് പേപ്പറുകള്‍ ചേര്‍ത്ത് ഏഴു മീറ്റര്‍ നീളവും അഞ്ചുമീറ്റര്‍ വീതിയുമുള്ള ഒരു വലിയ കാന്‍വാസ് ഉണ്ടാക്കി വചനങ്ങള്‍ എഴുതിയ ശേഷം പേപ്പറുകള്‍ യോജിപ്പിച്ചപ്പോഴാണ് ക്രിസ്തുരൂപം രൂപം കൊണ്ടത്. ടൈപ്പോഗ്രോഫിക് ഡ്രോയിംങ് എന്നാണ് ഈ കലാരീതി അറിയപ്പെടുന്നത്. 20 മണിക്കൂറും നാല്പതു മിനിറ്റുമെടുത്താണ് ഇംഗ്ലീഷിലുള്ള എഴുത്ത് പൂര്‍ത്തിയാക്കിയത്. അതിന് ശേഷം രണ്ടുദിവസം കൊണ്ട് പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്ത് ഒട്ടിച്ചെടുത്തു. മാതാപിതാക്കളും സഹോദരനും നിഖിലിന്റെ ഈ കലാശ്രമത്തിന് സര്‍വ്വപിന്തുണയും നല്കി.

ചേര്‍ത്തല അര്‍ത്തുങ്കല്‍ പനയ്ക്കല്‍ വീട്ടില്‍ ആന്റണി- മേരി ദമ്പതികളുടെ മകനാണ് നിഖില്‍. സഹോദരന്‍ അഖില്‍. നിഖിലിന്റെ ഈ ചിത്രം ഇപ്പോള്‍ ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും സ്ഥാനം നേടിക്കഴിഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.