Wednesday, January 15, 2025
spot_img
More

    വണക്കമാസം 26- ാം തീയതി

    പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം

    ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും പരോക്ഷമായ പല വസ്തുതകളുണ്ട്. പ.കന്യകയുടെ അമലോത്ഭവം തന്നെ സ്വര്‍ഗ്ഗാരോപണത്തിന് ഏറ്റവും വലിയ തെളിവാണ്.

    പിതാവായ ദൈവത്തിന്‍റെ ഓമല്‍കുമാരിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയും അമലമനോഹരിയുമായ പ.കന്യകയുടെ ശരീരം മറ്റു മനുഷ്യശരീരം പോലെ മണ്ണൊട് മണ്ണിടിഞ്ഞ് കൃമികള്‍ക്ക് ആഹാരമായിത്തീരുക ദൈവമഹത്വത്തിനു ചേര്‍ന്നതല്ല. പ.കന്യക അവളുടെ അമോലോത്ഭവം നിമിത്തം മരണനിയമത്തിനു പോലും വിധേയയല്ല. അതിനാല്‍ തീര്‍ച്ചയായും അവളുടെ പുത്രനും ലോകപരിത്രാതാവുമായ ഈശോമിശിഹാ പുനരുത്ഥാനം ചെയ്തതുപോലെ മേരിയും മരണശേഷം പുനരുത്ഥാനം ചെയ്തു സ്വപുത്രനോടുകൂടി സ്വര്‍ഗ്ഗീയ മഹത്വം അനുഭവിച്ചു എന്ന്‍ പറയാം.

    അവള്‍ പരിത്രാണത്തിന്‍റെ പ്രഥമ ഫലവും പരിപൂര്‍ണമാതൃകയുമാണ്. ഈശോമിശിഹായുടെ പുനരുത്ഥാനം കൊണ്ടുമാത്രം നമ്മുടെ പുനരുത്ഥാനത്തിനുള്ള പ്രത്യാശ പൂര്‍ണമായിരിക്കുകയില്ല. മറിച്ച് പ.കന്യകയുടെ പുനരുത്ഥാനവും നമുക്ക് ഒരിക്കല്‍ ലഭിക്കാനുള്ള പുനരുത്ഥാനത്തിന് കൂടുതല്‍ ഉറപ്പു നല്‍കുന്നു.

    പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമ്മുടെ ഓരോരുത്തരുടേയും സ്വര്‍ഗ്ഗാരോപണത്തിന്‍റെ മാതൃകയും പ്രതീകവുമാണ്. കന്യകയുടെ മരണത്തിനു ശേഷം മൂന്നാം ദിവസം അവള്‍ സ്വര്‍ഗ്ഗീയ മാലാഖവൃന്ദം സഹിതം സ്വര്‍ഗ്ഗീയഭവനത്തിലേക്ക് എടുക്കപ്പെട്ടു. ഈശോമിശിഹായും സകല‍ സ്വര്‍ഗ്ഗവാസികളും പ.കന്യകയെ സ്വീകരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചപ്പോള്‍ ആ നാഥ അനുഭവിച്ച പരമാനന്ദം വര്‍ണ്ണനാതീതമാണ്.

    മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും ആധുനിക ലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കുന്നു. മനുഷ്യമഹത്വം പദാര്‍ത്ഥത്തിന്‍റെ മേന്മയിലല്ല; ഇന്നത്തെ ഭൗതിക വാദത്തിനെതിരായുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം. ഇന്നത്തെ ഭൗതിക വാദികളോടു തിരുസ്സഭ ഇപ്രകാരം പ്രഖ്യാപിക്കുന്നു. നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ആത്മീയ ദൃഷ്ടികള്‍ ഉയര്‍ത്തുവിന്‍, അവിടെ മഹത്വപൂര്‍ണ്ണമായ രണ്ടു ശരീരങ്ങള്‍ നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും.

    ഒന്നാമത്തേത് ലോകപരിത്രാതാവായ ക്രിസ്തുനാഥന്‍റേത്. മറ്റൊന്ന് അമല മനോഹരിയായ മറിയത്തിന്‍റേത്. മാതാവിന്‍റെ പദാര്‍ത്ഥ ലോകത്തില്‍ നിന്നുള്ള വിമോചന ദിനമാണ് നമ്മുടെ മാതൃഭൂമി നൂറ്റാണ്ടുകളായി നീണ്ടുനിന്ന പാരതന്ത്ര്യത്തില്‍ നിന്നു രാഷ്ട്രീയമായി സ്വാതന്ത്ര്യം പ്രാപിച്ചത്. ദൈവപരിപാലനയുടെ നിഗൂഢരഹസ്യങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നു. നമ്മുടെ മാതൃഭൂമിയുടെ ആദ്ധ്യാത്മിക വിമോചനം സ്വര്‍ഗ്ഗാരോപിതയായ നാഥ വഴി വേണമെന്നുള്ളതാണ്.

    സംഭവം

    പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ജീവിതകാലമത്രയും തീക്ഷ്ണതയുള്ള ഒരു മരിയ ഭക്തനായിരുന്നു. പച്ചേലി എന്ന നാമമാണ് മാര്‍പാപ്പയാകുന്നതിനു മുമ്പ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരിക്കല്‍ നിരീശ്വരനായ അക്രമകാരികള്‍ യുദ്ധകാലത്ത് അദ്ദേഹത്തിന്‍റെ മുറിയില്‍ കയറി. അവിടെയുള്ള സാധനങ്ങളെല്ലാം വാരിക്കൂട്ടി. കത്തോലിക്കാ മതം ഉപേക്ഷിക്കുകയില്ലെങ്കില്‍ ഉടനെ വെടിവച്ചു കൊല്ലുമെന്ന് അക്രമികളുടെ തലവന്‍ ഭീഷണിപ്പെടുത്തി. മാര്‍പാപ്പ ആശങ്കാകുലനായില്ല.

    വിശ്വാസത്തിനു വേണ്ടി മരണം വരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. പോക്കറ്റില്‍ നിന്ന് ജപമാലയും കുരിശും എടുത്ത് ചുംബിച്ചുകൊണ്ട് ധൈര്യവാനായി അദ്ദേഹം പറഞ്ഞു: ഇതാ നിങ്ങള്‍ക്കു വെടി വയ്ക്കാന്‍ തയ്യാറുണ്ടെങ്കില്‍ എന്‍റെ ചങ്കിനു നേരെ വെടിവയ്ക്കുക. വിശ്വാസത്തിനു വേണ്ടി ജീവന്‍ ഉപേക്ഷിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. അക്രമികളുടെ മുമ്പില്‍ ജപമാലയും കൈയിലേന്തി, മുട്ടില്‍ നിന്ന പച്ചേലിയെ വെടിവയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

    പിന്നീട് അദ്ദേഹം സഭയുടെ തലവനും മിശിഹായുടെ ഭൂമിയിലെ പ്രതിനിധിയുമായി. പന്ത്രണ്ടാം പീയൂസെന്ന നാമത്തില്‍ തിരുസ്സഭയെ ഭരിച്ചപ്പോള്‍ മരിയഭക്തി പ്രചരിപ്പിക്കുവാന്‍ എപ്പോഴും ഉത്സാഹിച്ചിരുന്നു. പ.കന്യകാമറിയം സ്വര്‍ഗ്ഗാരോപിതയാണെന്ന് പ്രഖ്യാപനം ചെയ്തത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ്.

    പ്രാര്‍ത്ഥന

    സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകയെ, അങ്ങ് ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായപ്പോള്‍ അനുഭവിച്ച മഹത്വവും നിസ്സീമമായ ആനന്ദവും അഗ്രാഹ്യമാണ്‌. നാഥേ, അങ്ങേ സ്വര്‍ഗാരോപണം ഞങ്ങള്‍ക്ക് ഏറ്റവും വലിയ ധൈര്യവും പ്രത്യാശയും നല്‍കുന്നു. അങ്ങേ അമലോത്ഭവവും പാപരഹിതമായ ജീവിതവും ദൈവമാതൃത്വവുമാണ് അതിന് അങ്ങേ അര്‍ഹയാക്കിത്തീര്‍ത്തത്. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് പാപരഹിതമായി ജീവിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം ലഭിച്ചു തരേണമേ. സ്വര്‍ഗ്ഗമാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഭവനമെന്നുള്ള വസ്തുത ഞങ്ങള്‍ ഗ്രഹിക്കട്ടെ. അതിനനുസരണമായി ജീവിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനത പരിഹരിക്കുവാനായി അനുഗ്രഹിക്കണമേ.

    എത്രയും ദയയുള്ള മാതാവേ

    ലുത്തീനിയ

    രിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    പാപികളുടെ സങ്കേതമായ മറിയമേ, പാപികളായ ഞങ്ങള്‍ക്കു നീ മദ്ധ്യസ്ഥയാകേണമേ.   

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!