കുട്ടികളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമം പുറത്തിറക്കി


വത്തിക്കാന്‍ സിറ്റി: കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തില്‍ അവരുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഇതനുസരിച്ച് കുട്ടികള്‍ ദുരുപയോഗം ചെയ്തതായി അറിഞ്ഞാല്‍ റോമന്‍ കൂരിയായിലെയും വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റിലെയും അധികാരികള്‍ ഉടന്‍ തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതും കാലതാമസം വരുത്താന്‍ പാടില്ലാത്തതുമാകുന്നു. റിപ്പോര്‍ട്ട് നല്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴയായി അയ്യായിരം യൂറോ ശിക്ഷയായി വിധിച്ചിട്ടുമുണ്ട്.

കുട്ടികളെ കൂടാതെ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ളവരുടെ സുരക്ഷയും ഈ പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരക്കാരെ മൈനറിന് തുല്യമായി കണക്കാക്കിക്കൊണ്ടാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുകൂട്ടരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് സഭയുടെ സുവിശേഷാത്മക സന്ദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഈ സന്ദേശം ലോകമെങ്ങും വ്യാപിപ്പിക്കാന്‍ സഭയുടെ മക്കള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും നിയമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു.

സഭയെന്നാല്‍ കുട്ടികള്‍ക്കും ദുര്‍ബലര്‍ക്കും സുരക്ഷിതമായ ഭവനമെന്ന തോന്നല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ട് സാധിക്കുമെന്നാണ് വിദഗ്ദരുടെ പ്രതീക്ഷ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.