തിരുക്കർമങ്ങളുടെ വികലമായ ചിത്രീകരണം പ്രതിഷേധാർഹം: കെസിബിസി

കൊച്ചി: കുന്പസാരം എന്ന കൂദാശയെ വികലമായി ചിത്രീകരിക്കുകയും ആഴമായി പരിഹസിക്കുകയും ചെയ്തുകൊണ്ടുള്ള മഴവിൽ മനോരമയിൽ കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത തകർപ്പൻ കോമഡി’’ എന്ന പരിപാടിയുടെ 134-ാം എപ്പിസോഡ് മതേതര സംസ്കാരത്തെ അവഹേളിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും തികച്ചും പ്രതിഷേധാർഹവുമാണെന്നു കെസിബിസി ഐക്യജാഗ്രതാ-മീഡിയാ കമ്മീഷനുകൾ. 

വിശ്വാസികൾ വളരെ ആദരത്തോടും വിശുദ്ധിയോടും കൂടി  അനുഷ്ഠിച്ചുവരുന്ന കുന്പസാരം എന്ന ദൈവിക കൂദാശയെയും   വിശ്വാസികളെയും വൈദികരെയും തമാശരൂപേണ ചിത്രീകരിച്ചുകൊണ്ടുള്ള വികലമായ ഈ കലാസൃഷ്ടി തീർത്തും അപഹാസ്യവും സമൂഹമനസ്സാക്ഷിക്ക് ആഴത്തിൽ മുറിവുണ്ടാക്കുന്നതുമാണ്. ആവിഷ്കാരസ്വാതന്ത്ര്യം എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ജനവികാരത്തെയും മതാനുഷ്ഠാനങ്ങളെയും അപമാനിക്കുന്ന ഇത്തരം പ്രവണതകൾ ആശാസ്യമല്ല.

സമീപകാലത്തു കലാ സാംസ്കാരിക രംഗങ്ങളിൽ  സഭയെ അവഹേളിക്കുന്ന  പ്രവണത വർധിച്ചുവരുന്നതിനെ കത്തോലിക്കാസഭ ഉത്ക്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. മഴവിൽ മനോരമയുടെ ഭാഗത്തു നിന്നുണ്ടായ ഈ നിർഭാഗ്യകരമായ പ്രവൃത്തിയിൽ കത്തോലിക്കാസഭയ്ക്കുള്ള വേദനയും പ്രതിഷേധവും രേഖപ്പെടുത്തുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരും പറഞ്ഞ് ഇത്തരം ഭ്രാന്തമായ സൃഷ്ടികൾ സംപ്രേഷണം ചെയ്തതിൽ ചാനലിന്‍റെ ഉത്തരവാദിത്വപ്പെട്ടവർക്ക് കനത്ത ജാഗ്രതകുറവാണ് ഉണ്ടായതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ടിന്‍റെ അധ്യക്ഷതയിൽ പിഒസിയിൽ ചേർന്ന കെസിബിസി മീഡിയാ കമ്മീഷന്‍റെയും ജാഗ്രതാസമിതിയുടെയും സംയുക്ത സമ്മേളനം കുറ്റപ്പെടുത്തി.  മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.