രാഷ്ട്രീയ പ്രകടനപത്രികയ്ക്കു ബദലായി ഇന്‍ഫാം കര്‍ഷകപത്രിക


കൊച്ചി: വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് രാഷ്ട്രീയ നേതൃത്വങ്ങളും മുന്നണികളുമിറക്കുന്ന പ്രകടനപത്രികയ്ക്കു ബദലായി ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) കര്‍ഷകപത്രികയുമായി രംഗത്ത്.

കടക്കെണിയും വിലത്തകര്‍ച്ചയുമൂലം മനംമടുത്ത് ജീവന്‍ വെടിഞ്ഞ ആയിരക്കണക്കായ കര്‍ഷക സഹോദരങ്ങളുടെ ഈ പുണ്യഭൂമിയില്‍ ഒഴുകിയലിഞ്ഞുചേര്‍ന്ന ചുടുരക്തത്തിലും ശവക്കൂനയിലും ചവിട്ടിനിന്നാണ് പൊതുതെരഞ്ഞെടുപ്പിനെ നാം വരവേല്‍ക്കുന്നതെന്ന് മറക്കരുതെന്ന് കര്‍ഷകപത്രിക ആമുഖമായി സൂചിപ്പിക്കുന്നു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനാണ് കര്‍ഷകപത്രിക അവതരിപ്പിച്ചത്.

അതേസമയം കര്‍ഷകര്‍ക്ക് മറ്റൊരു രക്ഷകനിനി വരാനില്ലന്ന് സൂചിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം, ബഹുവിളകൃഷി, ആധുനിക സാങ്കേതികവിദ്യ, യന്ത്രവത്കൃത കൃഷി, സംഘടിത കര്‍ഷകസംരംഭങ്ങള്‍, കര്‍ഷക കുടുംബയൂണിറ്റുകള്‍, പ്രൊഡ്യൂസര്‍ കമ്പനികള്‍, ജലസംഭരണപദ്ധതികള്‍, ജൈവകൃഷി, രാജ്യാന്തര കാര്‍ഷിക കുടിയേറ്റം തുടങ്ങി കര്‍ഷകരക്ഷയ്ക്കുതകുന്ന വിവിധ മേഖലകളെയും കര്‍ഷകപത്രികയില്‍ പരാമര്‍ശിക്കുന്നു.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില, സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ, ബാങ്കുകളുടെ നീതിനിഷേധം, പശ്ചിമഘട്ടപരിസ്ഥിതിലോലപ്രശ്‌നം, ഉപാധിരഹിത പട്ടയം, പ്ലാന്റേഷന്‍ നിയമഭേദഗതി, റബര്‍, നാളികേരം, നെല്ല്, പൈനാപ്പിള്‍, നാണ്യവിളകള്‍ പ്രതിസന്ധികള്‍, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകള്‍ എന്നിവയെക്കുറിച്ചുള്ള നിലപാടുകള്‍ തുടങ്ങിയവ പത്രികയില്‍ ഇടംനേടിയിട്ടുണ്ട്.

കാര്‍ബണ്‍ഫണ്ടും ഇറക്കുമതിച്ചുങ്കത്തിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും കര്‍ഷകര്‍ക്കു നല്‍കണമെന്നും റവന്യൂ-വനം വകുപ്പുകളുടെ കര്‍ഷകദ്രോഹത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒത്താശചെയ്യുകയാണെന്നും കര്‍ഷകപത്രിക പറയുന്നു. ഇഎഫ്എല്‍ നിയമം പിന്‍വലിക്കുക, വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം, തീരദേശജനതയുടെ സംരക്ഷണം, കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളല്‍, ഭൂമിയിടപാടുകളിലെ സുതാര്യത, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, മിനിമം സപ്പോര്‍ട്ട് പ്രൈസ്, മിനിമം ഇംപോര്‍ട്ട് പ്രൈസ്, കര്‍ഷകപെന്‍ഷന്‍ 10000 രൂപയാക്കുക, ബജറ്റുകളിലെ ചതിക്കുഴികള്‍, കാര്‍ഷികബജറ്റ്, സര്‍ഫാസി നിയമം റദ്ദ്‌ചെയ്യുക, സൗജന്യ വൈദ്യുതി തുടങ്ങി വിവിധ കാര്‍ഷിക വിഷയങ്ങള്‍ കര്‍ഷകപത്രികയില്‍ ഉയര്‍ത്തിക്കാട്ടുന്നു.

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് പിന്മാറണമെന്നും ആത്മഹത്യ ഒന്നിനും പ്രതിവിധിയല്ലെന്നും പ്രളയ പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രമായി കൃഷിമാത്രമല്ല, ഭൂമിപോലും ഉഴുതുമറിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ മോറട്ടോറിയം പോലും പരിഹാരമല്ലെന്നും കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകപത്രിക നിര്‍ദ്ദേശിച്ചിരിക്കുന്നു.

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള ഉപകരണങ്ങളായി കര്‍ഷകര്‍ അധഃപതിക്കരുത്. കര്‍ഷകര്‍ സംഘടിക്കണം. കര്‍ഷകന്റെ അന്തഃസ്സുയരണം. ഒരു ദിവസമെങ്കില്‍ ഒരു ദിവസം സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചുജീവിക്കുവാന്‍ കര്‍ഷകനാകണം. പൊതുതെരഞ്ഞെടുപ്പിന്റെ അളവുകോല്‍ ജാതിയും വര്‍ഗീയതയും വര്‍ഗ്ഗസമരവുമല്ല ഭരണത്തിന്റെ വിലയിരുത്തലുകളും ജനകീയപ്രശ്‌നങ്ങളുമായിരിക്കണമെന്നും കര്‍ഷകപത്രിക സൂചിപ്പിക്കുന്നു. ഒരു മുന്നണിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷകരെ തീറെഴുതി കൊടുക്കുവാന്‍ തയ്യാറല്ലെന്നും കര്‍ഷകരെ സംരക്ഷിക്കുന്നവരെയും കര്‍ഷകര്‍ക്കായി നിലനില്‍ക്കുന്നവരെയും മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായി തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും കര്‍ഷകപത്രികയില്‍ പറയുന്നു.

കര്‍ഷകപത്രികയുടെ അടിസ്ഥാനത്തില്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കുമെന്ന് ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.