ദൈവഹിതം എപ്പോഴും നടപ്പിലാക്കിയ ഒരു വ്യക്തിയായിട്ടാണ് വിശുദ്ധ ഗ്രന്ഥം വിശുദ്ധ ജോസഫിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. മറിയത്തിന്റെ വിശ്വസ്ത ഭര്‍ത്താവും യേശുക്രിസ്തുവിന്റെ വളര്‍ത്തുപിതാവുമായിരുന്ന ജോസഫ് ദൈവഭക്തനും ദൈവഹിതത്തിന് എപ്പോഴും യെസ് പറഞ്ഞ ആളുമായിരുന്നു.
കത്തോലിക്കാ കുടുംബനാഥന്മാര്‍ക്ക് മാത്രമല്ല എല്ലാ കുടുംബനാഥന്മാര്‍ക്കും മാതൃകയാക്കാവുന്ന നിരവധി ഗുണങ്ങള്‍ യൗസേപ്പിതാവിലുണ്ട്.
യൗസേപ്പിതാവ് നീതിമാനായിരുന്നു എന്നതായിരുന്നു അതിലൊന്ന്. നീതിമാന്‍ എന്ന വിശേഷണം ബൈബിള്‍ നല്കുന്ന അപൂര്‍വ്വം ചില വ്യക്തികളിലൊരാളാണ് ജോസഫ്. ദൈവനിയമംപാലിക്കുന്ന വ്യക്തിയെയാണ് ആദ്യനൂറ്റാണ്ടുകളില്‍ നീതിമാന്‍ എന്ന് വിശേഷിപ്പിക്കുന്നതിലെ ഒരു ഘടകം.
ജോസഫ് എപ്പോഴും വിധേയനായിരുന്നു, ദൈവികനിയമങ്ങള്‍ക്ക്. ഉണ്ണീശോയെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്നത് തന്നെ ഉദാഹരണം. അത് അന്നത്തെ നിയമമായിരുന്നു. ദൈവികനിയമങ്ങളും സാമൂഹികനിയമങ്ങളും കൃത്യതയോടെ പാലിക്കുകയും കുടുംബത്തിന്റെ സുസ്ഥിതിക്ക് വേണ്ടി ജീവിക്കുകയും തന്നെ ഏല്പിക്കപ്പെട്ടിരിക്കുന്ന വ്യക്തികളെ എല്ലാവിധത്തിലും പരിപാലിക്കുകയും ചെയ്തതുവഴിയാണ് ജോസഫ് കത്തോലിക്കാ കുടുംബനാഥന്മാരുടെ മാതൃകയായി വര്‍ത്തിക്കുന്നതിലെ ഒരു ഘടകം.
മറിയത്തോടും ഉണ്ണീശോയോടുമുള്ള കടമ നിര്‍വഹിക്കുന്നതില്‍ ജോസഫ് ഒരിക്കലും പിന്മാറിയിരുന്നില്ല.
വിശുദ്ധി നിലനിര്‍ത്തുന്നതിലുള്ള നിഷ്‌ക്കര്‍ഷയായിരുന്നു മറ്റൊന്ന്. ദാമ്പത്യബന്ധത്തില്‍ പോലും പരസ്പരം വിശുദ്ധി നിലനിര്‍ത്തേണ്ടവരാണ് ദമ്പതികള്‍ എന്ന് ജോസഫ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മറിയം വിവാഹത്തിന് ശേഷവും കന്യകയായി തുടര്‍ന്നു എന്നാണ് ബൈബിള്‍ പറയുന്നത്.
ഏകസ്ഥരായോ അവിവാഹിതരായോ ജീവിക്കുമ്പോള്‍ പോലും ബ്രഹ്മചര്യത്തിന് വിരുദ്ധമായതൊന്നും ചെയ്യാതെ വിശുദ്ധിയിലുള്ള ജീവിതമായിരുന്നു ജോസഫിന്റേത്. അന്യബന്ധങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുടുംബനാഥന്മാരുടെ വഴിതെറ്റലുകളുടെ കാലത്ത് ജോസഫ് നമുക്ക് മുമ്പില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്.
അദ്ധ്വാനിയായിരുന്നു ജോസഫ്. കുടുംബത്തെ നോക്കിനടത്താന്‍ അദ്ദേഹം കഷ്ടപ്പെട്ടു.
കുടുംബത്തിന് വേണ്ടിയുള്ള ഒരു ഉത്തരവാദിത്തങ്ങളില്‍ നിന്നും ജോസഫ് ഒഴിഞ്ഞുമാറിയില്ല.ജോലിയോട് ജോസഫ് എന്നും ഉത്തരവാദിത്തബോധമുള്ളവനുമായിരുന്നു. സ്വന്തം നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം കഴിക്കണം എന്ന ക്രിസ്തുവിന്റെ പ്രബോധനം പോലും ഒരുപക്ഷേ യൗസേപ്പിതാവിനെ മുന്‍നിര്‍ത്തിയുള്ളതായിരിക്കണം.
ഇങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ കൊണ്ടാണ് വിശുദ്ധ ജോസഫ് കുടുംബങ്ങളുടെ മാതൃകയും കുടുംബനാഥന്മാര്‍ക്ക് വഴികാട്ടിയുമായിരിക്കുന്നത്.