വര്‍ഷം 1997. പ്രസിദ്ധ ഭൂതോച്ചാടനകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ഭൂതോച്ചാടന കര്‍മ്മത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. അവന്‍ അച്ചനെ നോക്കി അലറുകയും ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്തിന് ദേഹോപദ്രവം ഏല്പിക്കാന്‍ പോലും ശ്രമിക്കുകയുണ്ടായി.
അപ്പോഴെല്ലാം ഫാ.അമോര്‍ത്ത് പ്രാര്‍ത്ഥനയിലും ഭൂതോച്ചാടന കര്‍മ്മങ്ങളിലുമായിരുന്നു. ചെറുപ്പക്കാരന്റെ വായില്‍ നിന്ന് നുരയും പതയും പുറത്തേക്ക് വന്നുകൊണ്ടിരുന്നു. നിന്റെ പേരുപറയാന്‍ അച്ചന്‍ അവനോട് ആവശ്യപ്പെട്ടപ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു. എന്റെ പേര് ലൂസിഫര്‍ എന്നാണ്. ചുട്ടുപഴുത്തിരിക്കുകയായിരുന്നു മുറി. ഭൂതോച്ചാടന കര്‍മ്മങ്ങള്‍ പുരോഗമിക്കും തോറും മുറി തണുത്തുറഞ്ഞുകൊണ്ടിരുന്നു.
ജനാലയ്ക്കലും മുറിയിലുമൊക്കെ മഞ്ഞുകഷ്ണങ്ങള്‍ രൂപപ്പെട്ടുതുടങ്ങി. ചെറുപ്പക്കാരന്റെ ദേഹം വടിപോലെയായി. അവന്റെ ശരീരം വായുവില്‍ ഉയര്‍ന്നുപൊങ്ങി. സാത്താനോട് ഈ ദേഹം വിട്ടുപോകാന്‍ ഫാ. അമോര്‍ത്ത് കല്പിച്ചു. പിന്നെ ഏതാനും നിമിഷങ്ങള്‍കഴിഞ്ഞപ്പോള്‍ ചെകുത്താന്‍ വലിയ അലര്‍ച്ചയോടെ ആ ചെറുപ്പക്കാരനെ വിട്ടുപോയി.
ദ ഡെവില്‍ ഈസ് അഫ്രെയ്ഡ് ഓഫ് മീ.ദ ലൈഫ് ആന്റ് വര്‍ക്ക് ഓഫ് ദ വേള്‍ഡ്‌സ് ഫെയിമസ് എക്‌സോര്‍സിസ്റ്റ് എന്ന മാര്‍സലോ സ്റ്റാന്‍സിയോനിയുടെ പുസ്തകത്തിലാണ് ഈ അനുഭവം എഴുതിയിരിക്കുന്നത്. ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ഭൂതോച്ചാടനാനുഭവങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
മുപ്പതുവര്‍ഷം കൊണ്ട് അറുപതിനായിരത്തോളം ഭൂതോച്ചാടനകര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ഇറ്റലിക്കാരനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്. 91 ാം വയസില്‍ 2016 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ മരണം.