ഈജിപ്തിലെ ഷെനേ മരുഭൂമിയിൽ മൂന്നാം നൂറ്റാണ്ടിലാണ് കത്തോലിക്കാസഭയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. മരുഭൂമിയിലെ പിതാക്കന്മാരുടെ ലേഖന പ്രമാണങ്ങളിലും പഴമൊഴികളിലും സൂക്തങ്ങളിലും ആണ് ഈ അൽഭുതം രേഖപ്പെടുത്തിയിട്ടുള്ളത് .
ഒരു സന്യാസി യുമായി ബന്ധപ്പെട്ടാ ണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. തന്റെ അജ്ഞതകൊണ്ട് ഈ സന്യാസി ഒരിക്കൽ മറ്റൊരു സന്യാസിയോട് “നാം സ്വീകരിക്കുന്ന അപ്പം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ശരീരമല്ല; മറിച്ച് ആ ശരീരത്തിന്റെ ഒരു പ്രതീകം മാത്രമാണെന്ന്” പറയുകയുണ്ടായി. ഇത് മറ്റ് രണ്ട് സന്യാസിമാർ കേൾക്കുകയുണ്ടായി.
ആ സന്യാസി നല്ലവനും ഈശ്വരഭക്തനും ആയിരുന്നതിനാൽ ദ്രോഹ ചിന്തയോട് കൂടിയല്ല , മറിച്ച് അജ്ഞതകൊണ്ടാണ് ഇപ്രകാരം പറഞ്ഞതെന്ന് അവർ മനസ്സിലാക്കി. തുടർന്ന് ഈ രണ്ടു സന്ന്യാസിമാർ ആ സന്യാസിയോട് പറഞ്ഞു : “അങ്ങ് പറഞ്ഞത് നമ്മുടെ വിശ്വാസത്തെ നിഷേധിക്കുന്നതാണ്”.ഉടനെ ആ സന്യാസി മറുപടി പറഞ്ഞു: “നിങ്ങൾ എനിക്ക് തെളിവ് കാണിച്ചുതരിക.
എന്നാൽ , ഞാൻ വിശ്വസിക്കാം “.ഉടനെ ഈ സന്യാസിമാർ പറഞ്ഞു :”ഞങ്ങൾ ദൈവത്തോട് താങ്ക ൾക്ക് തെളിവ് തരാൻ വേണ്ടി പ്രാർത്ഥിക്കാം. ദൈവം സത്യം വെളിപ്പെടുത്തി തരാതിരിക്കില്ല”.
ഒരാഴ്ചയ്ക്കുശേഷം ഒരു ഞായറാഴ്ച എല്ലാവരും പള്ളിയിലായിരുന്നു. അപ്പവും വീഞ്ഞും കൂദാശ ചെയ്യുന്ന സമയത്ത് തിരുവോസ്തിയുടെ സ്ഥാനത്ത് ഒരു ചെറിയ കുട്ടിയെ കാണപ്പെട്ടു. പുരോഹിതൻ ദിവ്യകാരുണ്യം ഉയർത്തിയപ്പോൾ ഒരു മാലാഖ വാളുമായി പ്രത്യക്ഷപ്പെടുകയും ഈ കുട്ടിയുടെ ശരീരത്തിൽ വാൾ തുളച്ച് കയറ്റുകയും ചെയ്തു. പുരോഹിതൻ തിരുവോസ്തി മുറിച്ചപ്പോൾ രക്തം കാസയിലേക്ക് ഒഴുകി .ദിവ്യകാരുണ്യ സ്വീകരണ സമയത്ത് ഒരു മാലാഖ തിരുവോസ്തിയിൽ നിന്ന് രക്തമണിഞ്ഞ ഭാഗം എടുക്കുകയും സന്യാസിമാർക്ക് സ്വീകരിക്കുന്നതിനായി കൊടുക്കുകയും ചെയ്തു .
ഈ സമയം സംശയാലുവായ സന്യാസി കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞു:” ദൈവമേ , ഈ തിരുവോസ്തി അങ്ങയുടെ തിരുശരീരം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു”. തൽക്ഷണം രക്ത മണിഞ്ഞ ആ മാംസം തിരുവോസ്തിയായി മാറുകയും വലിയ ആദരവോടെ ആ സന്യാസി അത് സ്വീകരിക്കുകയും ചെയ്തു .
കടപ്പാട്:സെലസ്റ്റിൻ കുരിശിങ്കൽ എഴുതിയ ദിവ്യകാരുണ്യ അൽഭുതങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്…