മാര്‍ച്ച് 25 .മംഗളവാര്‍ത്തദിനം. നസ്രത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായ മറിയത്തിന്റെ അടുക്കല്‍ ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്തയുമായി കടന്നുവന്നപ്പോള്‍ മറിയം തീര്‍ച്ചയായും ആദ്യം ഭയപ്പെട്ടുപോയിരുന്നു. പക്ഷേ മാലാഖയുടെ വാക്കുകള്‍ അവളുടെ മനസ്സിന് ധൈര്യം നല്കി. പ്രധാനമായും മാലാഖ പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്.
കര്‍ത്താവ് നിന്നോടുകൂടെ എന്നായിരുന്നു മാലാഖ ആശംസിച്ചത്. ദൈവം തന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലുള്ള ആഴപ്പെടല്‍ മറിയത്തിന്റെ ഭയം കുറയ്ക്കാന്‍ തെല്ലൊന്നുമല്ല സഹായിച്ചത്.
ഭയപ്പെടരുത് എന്ന നിര്‍ദ്ദേശമായിരുന്നു രണ്ടാമത്തേത്. ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയവളാണ് മറിയമെന്നുള്ള ഓര്‍മ്മപ്പെടുത്തലും മറിയത്തെ ആശ്വസിപ്പിച്ചിട്ടുണ്ട്.
പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും എന്ന വാഗ്ദാനമായിരുന്നു അടുത്തത്. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നുള്ള തിരിച്ചറിവ് മറിയത്തിന് നല്കുന്നതായിരുന്നു അവസാനത്തേത്.
ഗബ്രിയേല്‍ മാലാഖ നല്കുന്ന ഈ സന്ദേശങ്ങളെ വ്യക്തിപരമായ ജീവിതത്തിലേക്ക് നാം സ്വീകരിക്കുന്നത് നല്ലതായിരിക്കും. അതിനെ ഇത്തരം ചില ആത്മശോധനകളിലൂടെ കടത്തിവിടുക.
ഒന്നാമത് മാലാഖ പറഞ്ഞുവല്ലോ കര്‍ത്താവ് നിന്നോടു കൂടെയെന്ന്. അനുദിന ജീവിതത്തില്‍ നമുക്കെങ്ങനെയാണ് ദൈവസാന്നിധ്യം അനുഭവപ്പെടുന്നത് എന്ന് ചിന്തിക്കുക. ദൈവസാന്നിധ്യം ജീവിതത്തിലെ എല്ലാ നിമിഷവും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടോ?
ഭയപ്പെടരുത് എന്നായിരുന്നുവല്ലോ മാലാഖയുടെ താക്കീത്. ജീവിതത്തില്‍ നാം പലവിധ കാര്യങ്ങളെയോര്‍ത്ത് വ്യാകുലപ്പെടാറുണ്ടോ.. തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കാറുണ്ടോ.. എങ്കില്‍ അവയെല്ലാം ദൈവത്തിന് കൊടുക്കുക. ഭീതിക്ക് പകരം സമാധാനം ദൈവം വിതയ്ക്കുക തന്നെ ചെയ്യും.
ദൈവകൃപയില്‍ ആശ്രയം കണ്ടെത്താന്‍ കഴിയുന്നവരാണോ നമ്മള്‍? ഈലോകജീവിതത്തിലെ മറ്റ് പലതിലും ആശ്രയത്വം കണ്ടെത്താന്‍ കഴിയുന്ന നമുക്ക് ദൈവത്തില്‍ മാത്രം ആശ്രയത്വം കണ്ടെത്താന്‍ കഴിയാതെ പോകുന്നു എന്നത് സങ്കടകരമായ കാര്യമാണ്.
പരിശുദ്ധാത്മാവിന് വേണ്ടി നാം ദാഹിക്കുക,ആഗ്രഹിക്കുക. പരിശുദ്ധാത്മാവിനെ എന്റെ ജീവിതത്തില്‍ ഇപ്പോള്‍ എനിക്കാവശ്യമുണ്ടോ? ഇന്നും നാളെയും എന്നേയ്ക്കും നമ്മെ നയിക്കാന്‍ പരിശുദ്ധാത്മാവിന്റെ സഹായം തേടുക.
ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് ഉറച്ചുവിശ്വസിക്കുക. ദൈവത്തെ അവിശ്വസിച്ചുപോയ നിമിഷങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുക.
ഇങ്ങനെയൊരു മെച്ചപ്പെട്ട ആത്മീയതയിലേക്ക് കടന്നുവരാന്‍ നമുക്ക് കഴിയുകയാണെങ്കില്‍ മറിയത്തെ പോലെ നമുക്കും പറയാന്‍ സാധിക്കും, ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെയെന്ന്..