തിരുവനന്തപുരം: രാജ്യവ്യാപകമായിട്ടുള്ള ലോക് ഡൗണ്‍ ആത്മീയയുദ്ധത്തിനുള്ള സമയാണ് എന്നും കൊറോണ വൈറസിനും ലോകത്തിലെ മറ്റ് തിന്മകള്‍ക്കുമെതിരെ പോരാടാനുള്ള സമയമാണ് ഇതെന്നും പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.
ഭരണാധികാരികള്‍ നല്കിയ നിയമത്തെ പ്രതീക്ഷയോടെ നമ്മള്‍ അനുസരിക്കണം. ദൈവത്തിന്റെ അറിവോ സമ്മതമോ കൂടാതെ ഈ ലോകത്ത് ഒന്നും സംഭവിക്കുകയില്ല. ഗബ്രിയേല്‍ മാലാഖ മാതാവിനെ മംഗളവാര്‍ത്ത അറിയിച്ച ദിവസം തന്നെയാണ് ലോക്ക് ഡൗണ്‍ ആരംഭിച്ചതെന്ന കാര്യവും പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്.
പഴയനിയമത്തിലെ ദാനിയേല്‍ പ്രവാചകന്‍ ദൈവത്തിന്റെ പദ്ധതി അറിയാന്‍വേണ്ടി 21 ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചത് ഒരു ഉദാഹരണമാണ്. അതുപോലെ കത്തോലിക്കരും ഭരണാധികാരികളുടെ ഉത്തരവ് അനുസരിച്ച് അവരുടെ ഭവനങ്ങളില്‍ പ്രാര്‍ത്ഥനകളുമായി കഴിയണം.
തന്റെയും മറ്റുള്ളവരുടെയും പാപങ്ങള്‍ക്കു ഉപവസിക്കാനും പ്രാര്‍ത്ഥിക്കാനും ഈ അവസരം ഉപയോഗിക്കണം. എങ്ങനെ നന്നായി ജീവിക്കാം എന്നതിനെക്കുറിച്ച് ക്രിസ്തു നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ ധ്യാനിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. സിനിമ കണ്ടും ഗെയിം കളിച്ചും സമയം പാഴാക്കരുത്. വാര്‍ത്ത കാണാനായി അല്പസമയം മാത്രം നീക്കിവയ്ക്കുക. വീഡിയോ സന്ദേശത്തില്‍ അച്ചന്‍ പറഞ്ഞു.