തിരുവനന്തപുരം: ആളുകളുടെ പങ്കാളിത്തമില്ലെങ്കിലും പീഡാനുഭവവാരത്തിലെ വിശുദ്ധ കുര്‍ബാനയും യാമപ്രാര്‍ത്ഥനകളും മറ്റ് ശുശ്രൂഷകളും നടത്തുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ ദേവാലയങ്ങളില്‍ പാലിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ മാര്‍ ക്ലീമിസ് വ്യക്തമാക്കിയിരിക്കുന്നത്.
ഓശാന ഞായറാഴ്ച കുരുത്തോല വാഴ് വ് സൂചനാപരമായി നടത്തും. ഉച്ചഭാഷിണി ഉപയോഗിക്കരുത്. കാല്‍കഴുകല്‍ ശുശ്രൂഷ ഉണ്ടായിരിക്കുയില്ല. അന്നേ ദിവസം ദേവാലയങ്ങളില്‍ വൈദികര്‍ ദിവ്യകാരുണ്യ ആരാധന നടത്തും. ദു:ഖവെള്ളിയാഴ്ചകളില്‍ എല്ലാ ശുശ്രൂഷകളും യാമപ്രാര്‍ത്ഥനകളും ദേവാലയത്തില്‍ നടത്തും. ദു:ഖശനിയാഴ്ച മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന ദേവാലയങ്ങളില്‍ നടത്തും.
അന്നേ ദിവസം രാത്രിയില്‍ ഈസ്റ്റര്‍ കുര്‍ബാനയും ശുശ്രൂഷകളും നടത്തും. സഭയ്ക്ക് മുഴുവനുമുള്ള ആശീര്‍വാദം മാര്‍ക്ലീമിസ് കാതോലിക്കാ ബാവ നല്കും.
സഭയ്ക്ക് പൊതുവായി തിരുവനന്തപുരത്തെ മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ് സെന്റര്‍ ചാനല്‍ വഴി ലൈവ് ടെലികാസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.