മുംബൈ: വിവാഹം, മാമ്മോദീസാ, ആദ്യകുര്‍ബാന സ്വീകരണം പോലെയുള്ള ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്ന് ബോംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. രാജ്യം ലോക് ഡൗണിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
ലോക് ഡൗണ്‍കാലത്ത് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് വിവേകരഹിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ 14 ന് ശേഷവും ലോക് ഡൗണ്‍ തുടരുകയാണെങ്കില്‍ പുതുതായി ചടങ്ങുകളൊന്നും സംഘടിപ്പിക്കരുത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 77 കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 3,374 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. 267 രോഗികള്‍ ഡിസ് ചാര്‍ജ് ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കേരളം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കോവീഡ് രോഗബാധിതര്‍ മരണമടയുമ്പോള്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കണമെന്നാണ് മുന്‍സിപ്പല്‍ കമ്മീഷണറുടെ നിര്‍ദ്ദേശമെന്നും കര്‍ദിനാള്‍ അറിയിച്ചു.
ഏപ്രില്‍ 12 ന് ഈസ്റ്റര്‍ കഴിയുന്നതോടെ വിവാഹച്ചടങ്ങുകള്‍ നടത്താനുള്ള സാധ്യതകളുടെ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ ഗ്രേഷ്യസ് വിവാഹംപോലെയുളള ചടങ്ങുകള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.